കണ്ണൂരിൽ നഴ്സുമാരുടെ ഒഴിവ്, രോഗികൾക്ക് പരിചരണം ലഭിക്കുന്നില്ലെന്ന് പരാതി

Share our post

കണ്ണൂർ ∙ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ സ്റ്റാഫ് നഴ്സുമാരുടെ ഒഴിവുകൾ ഒട്ടേറെയുണ്ടായിട്ടും പിഎസ്‌സി റാങ്ക് ലിസ്റ്റിൽ നിന്നു നിയമനം നടക്കുന്നില്ലെന്നു പരാതി. ആവശ്യത്തിനു നഴ്സുമാർ ഇല്ലാത്തതിനാൽ ആശുപത്രികളിൽ രോഗികൾക്ക് കൃത്യമായ പരിചരണം നൽകാൻ കഴിയുന്നില്ലെന്ന പരാതികൾ ഉയരുമ്പോഴും നിയമനം നടക്കുന്നില്ലെന്നാണ് സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികൾ പറയുന്നത്. 2024 നവംബറിലാണ് റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. 217 പേരുള്ള പട്ടികയിൽ 31 പേർക്കാണ് അഡ്വൈസ് മെമ്മോ ലഭിച്ചത്. നിയമനം ലഭിച്ചത് 27 പേർക്കും. ഭിന്നശേഷിക്കാർക്കുള്ള 4 ഒഴിവിൽ ഇതുവരെ നിയമനം നടന്നിട്ടില്ല. മറ്റു ജില്ലകളിലെല്ലാം നിയമനം വേഗത്തിൽ നടക്കുമ്പോൾ ജില്ലയിൽ ആമ ഇഴയും പോലെയാണെന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്.

തിരുവനന്തപുരം 56, കൊല്ലം 64, ആലപ്പുഴ 84, കോട്ടയം 68, പത്തനംതിട്ട 34, എറണാകുളം 40, ഇടുക്കി 28, തൃശൂർ 63, പാലക്കാട് 23, മലപ്പുറം 48, കോഴിക്കോട് 68, കാസർകോട് 10 എന്നിങ്ങനെയാണ് നിയമനം നടന്നത്. എന്നാൽ സർക്കാർ ആശുപത്രികൾ കൂടുതലുള്ള ജില്ലയിൽ 27 പേർക്കു മാത്രമാണു നിയമനം ലഭിച്ചത്. സർക്കാർ ആശുപത്രികളിൽ വിവിധ ചികിത്സാ വിഭാഗങ്ങളുടെ എണ്ണം കൂടിയിട്ടും നഴ്സുമാരുടെ തസ്തികകൾ ആനുപാതികമായി അനുവദിച്ചിട്ടില്ല. കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ 9 നിലയിൽ പുതിയ കെട്ടിടം നിർമിച്ചെങ്കിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ പ്രവർത്തനം തുടങ്ങിയിട്ടില്ല.

ഇവിടേക്ക് 28 നഴ്സുമാരെ നിയമിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസിൽനിന്നു ശുപാർശ പോയെങ്കിലും 10 എണ്ണമാണ് ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസിൽനിന്ന് സർക്കാരിലേക്ക് ശുപാർശ പോയത്. അടുത്തമാസം പ്രവർത്തനമാരംഭിക്കുന്ന പിണറായി സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രിയിലേക്ക് 24 നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ശുപാർശ പോയിട്ടുണ്ടെങ്കിലും അംഗീകാരമായിട്ടില്ല. ജില്ലാ ആശുപത്രിയിൽ പുതുതായി പ്രവർത്തനം തുടങ്ങിയ കാത്‌ലാബ്, ഡയാലിസിസ് യൂണിറ്റ് എന്നിവിടങ്ങളിലും പുതിയ നിയമനം നടന്നിട്ടില്ല. അതുപോലെ തലശ്ശേരിയിൽ പുതുതായി തുടങ്ങാൻ പോകുന്ന അമ്മയും കുഞ്ഞും ആശുപത്രിയിലേക്കും നഴ്സുമാരുടെ നിയമനം നടത്തേണ്ടതുണ്ട്.

ആർദ്രം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 150 തസ്തിക സൃഷ്ടിച്ചപ്പോൾ ജില്ലയിൽ 5 പേർക്കാണു നിയമനം ലഭിച്ചത്. പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ 27 തസ്തിക അനുവദിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഉത്തരവായിട്ടില്ല. ഗ്രേഡ് 2ൽനിന്ന് ഒന്നിലേക്ക് സംസ്ഥാനത്ത് 200 സ്ഥാനക്കയറ്റം നൽകിയപ്പോൾ ജില്ലയിൽ 2പേർക്കു മാത്രമാണ് സ്ഥാനക്കയറ്റം ലഭിച്ചത്. നിയമന ശുപാർശ ലഭിച്ചിട്ടും പ്രവേശനം തേടാത്തവരുടെ ഒഴിവിലും അവധിയെടുത്തവരുടെ ഒഴിവിലും കൃത്യസമയത്ത് പുതിയ നിയമനം നടത്തുന്നില്ലെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു. റാങ്ക് പട്ടിക കാലാവധി കഴിയുകയും പ്രായപരിധി പിന്നിടുകയും ചെയ്യുമ്പോൾ സർക്കാർ ജോലിയെന്ന സ്വപ്നമാണ് നഷ്ടപ്പെടുന്നതെന്ന് ഉദ്യോഗാർഥികൾ പറയുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!