കാഴ്ചയല്ല, കാഴ്ചപ്പാടാണ് കരുത്ത്: കണ്ണൂരിലെ തന്യ ഇനി നീതിയുടെ കണ്ണ്‌

Share our post

കണ്ണൂർ: ബ്രെയ്‌ലി ലിപിയിലൂടെ നിയമം പഠിച്ച് ഒന്നാംറാങ്ക്‌ നേടിയ സി.തന്യനാഥൻ കാഴ്ചപരിമിതിയുള്ള ആദ്യത്തെ ന്യായാധിപയാകും. കാഴ്ചപരിമിതിയുള്ളവർക്ക് അവസരം നൽകണമെന്ന് കഴിഞ്ഞവർഷം സുപ്രീം കോടതിയുടെ വിധിവന്നതിന് പിന്നാലെയാണ് ഇരുപത്തിനാലുകാരിയായ തന്യ നീതിന്യായ ചരിത്രത്തിലെ അപൂർവനേട്ടത്തിന് അർഹയാകുന്നത്. കേരള ജുഡീഷ്യൽ സർവീസിൽ സിവിൽ ജഡ്ജിമാരുടെ (ജൂനിയർ ഡിവിഷൻ) തിരഞ്ഞെടുപ്പിനായി അടുത്തിടെ നടന്ന പരീക്ഷയിൽ അംഗപരിമിതരുടെ മെറിറ്റ് പട്ടികയിൽ ഒന്നാംറാങ്ക് നേടിയാണ് തന്യ ന്യായാധിപവേഷമണിയാൻ പോകുന്നത്. നിയമന ഉത്തരവ് കാത്തിരിക്കുകയാണവർ.

അഭിഭാഷകയായി എൻറോൾ ചെയ്തശേഷമാണ് ന്യായാധിപയാകാൻ ആഗ്രഹം തോന്നിയതെന്ന് തന്യാ നാഥൻ ‘മാതൃഭൂമി’യോട് പറഞ്ഞു. ‘‘കാഴ്ചയില്ലാത്തവർക്ക് അതിനുള്ള പരീക്ഷയെഴുതാൻ കഴിഞ്ഞവർഷം വരെ അനുമതിയുണ്ടായിരുന്നില്ല. അതുകൊണ്ട് ആഗ്രഹിച്ചിട്ട് കാര്യമില്ലായിരുന്നു. 2025-ലാണ് സുപ്രീംകോടതി വിധി വന്നത്. ആ വിധിയാണ് നിർണായകമായത്’’-അവർ പറഞ്ഞു. ഭിന്നശേഷിക്കാർക്ക് ജുഡീഷ്യൽ സർവീസിൽ അവസരം നൽകുന്നതിൽ വിവേചനമുണ്ടാകരുതെന്നായിരുന്നു ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, ആർ.മഹാദേവൻ എന്നിവരുടെ ബെഞ്ചിന്റെ വിധി. അതിനുശേഷം നടന്ന പരീക്ഷയിലാണ് തന്യയുടെ നേട്ടം.

കല്യാശ്ശേരി മാങ്ങാട്ടുകാരിയായ തന്യ ധർമശാല മോഡൽ സ്കൂൾ ഫോർ ദി ബ്ലൈൻഡിലാണ് ഏഴാംതരംവരെ പഠിച്ചത്. പറശ്ശിനിക്കടവ് ഹൈസ്കൂൾ, മൊറാഴ ജി.എച്ച്.എസ്.എസ്. എന്നിവിടങ്ങളിലെ പഠനത്തിനുശേഷം കണ്ണൂർ സർവകലാശാലയിൽനിന്ന് 2024-ൽ എൽഎൽ.ബി. ഒന്നാംറാങ്ക് നേടി. തളിപ്പറമ്പ് ബാറിലെ കെ.ജി.സുനിൽകുമാറിന്റെ ജൂനിയറായി പ്രാക്ടീസ് ചെയ്യുന്ന തന്യ ബ്രെയ്‌ലി ലിപിയിലാണ് കോടതിയിൽ വാദിക്കാനുള്ള കുറിപ്പുകൾ തയ്യാറാക്കുന്നത്. മാങ്ങാട് ശ്രീഅദിത്രിയിൽ പ്രവാസി ജഗന്നാഥന്റെയും ബബിതയുടെയും മകളാണ് തന്യ. താര സഹോദരിയാണ്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!