എം പരിവാഹന്റെ പേരിൽ വാട്ട്സാപ്പിലൂടെ വീണ്ടും തട്ടിപ്പ്‌;
ജാ​ഗ്രത പാലിക്കണം

Share our post

തിരുവനന്തപുരം: വാഹന ഉടമകൾക്ക്‌ സഹായകമായ എം പരിവാഹൻ ആപ്പിന്റെ മറവിൽ സൈബർ തട്ടിപ്പുകൾ പെരുകുന്നു. പിഴയടക്കാനാവശ്യപ്പെട്ട് വാട്ട്സാപ് വഴിയാണ് തട്ടിപ്പ് നടന്നത്. ​തിരുവനന്തപുരത്ത് നിരവധി ആളുകൾ തട്ടിപ്പിനിരയായതായാണ് വിവരം. നിരവധിയാളുകൾക്ക് പണം നഷ്ടമായി. തിരുവനന്തപുരം റൂറൽ സൈബർ ക്രൈം പൊലീസ് ആണ് ഇക്കാര്യം അറിയിച്ചത്.

ട്രാഫിക്‌ നിയമലംഘനത്തിന്‌ പിഴ അടയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ വാട്‌സാപ്‌ വഴിവരുന്ന സന്ദേശത്തിൽ ക്ലിക്ക്‌ ചെയ്യുന്നവരുടെ പണമാണ്‌ സൈബർ കൊള്ളക്കാർ തട്ടുന്നത്‌. വാട്‌സാപ്‌ സന്ദേശത്തിലെ ‘എപികെ’ ഫയൽ ഡൗൺലോഡ്‌ ചെയ്‌ത്‌ പിഴത്തുക അടയ്‌ക്കണമെന്നാണ്‌ തട്ടിപ്പുകാർ ആവശ്യപ്പെടുന്നത്‌. തുടർന്ന് ഫോണിലെ ഗൂഗിൾപേ, ഫോൺപേ ബാങ്ക്‌ ആപ്പുകളിൽ കയറിയാണ്‌ സൈബർ തട്ടിപ്പുകാർ പണം പിൻവലിക്കുന്നത്‌. ഇന്ന് റിപ്പോർട്ട് ചെയ്ത ആറ് കേസുകളിൽ തട്ടിപ്പിനിരയായവർക്ക് 12000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ നഷ്ടപ്പെട്ടെന്ന് സൈബർ ക്രൈം വിഭാ​ഗം അറിയിച്ചു.

ഗതാഗതനിയമലംഘനത്തിന്‌ മോട്ടോർ വാഹന വകുപ്പിന്റെ സന്ദേശം മാത്രമേ വരികയുള്ളൂ. പിഴ അടയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എസ്‌എംഎസിലൂടെ മാത്രമാണ്‌ സന്ദേശം അയക്കുന്നത്‌. വാട്‌സാപ്പിലൂടെ ഒരിക്കലും ഔദ്യോഗിക അറിയിപ്പ്‌ അയക്കില്ല. എം പരിവാഹന്റെ പേരിൽ വാട്‌സാപ്‌ വഴി വരുന്ന മുഴുവൻ സന്ദേശവും വ്യാജമാണെന്നും ഇത്തരത്തിൽ നടക്കുന്ന തട്ടിപ്പുകൾക്കെതിരെ ജാഗ്രത വേണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!