പ്രേമനൈരാശ്യം, ട്രെയിനിന് മുന്നിൽച്ചാടി ജീവനൊടുക്കാൻ യുവാവിന്റെ ശ്രമം; രക്ഷകനായി എഎസ്ഐ

Share our post

മുളന്തുരുത്തി (എറണാകുളം): പ്രണയനൈരാശ്യത്തെ തുടർന്ന് റെയിൽവേ ട്രാക്കിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ സ്‌പെഷ്യൽ ബ്രാഞ്ച് എഎസ്‌ഐ രക്ഷപ്പെടുത്തി. ഖത്തറിലെ സ്ഥാപനത്തിൽ അസിസ്റ്റന്റ് മാനേജരായി ജോലിചെയ്തിരുന്ന 25 വയസ്സുകാരനായ പേരാമ്പ്ര സ്വദേശിയാണ് ആമ്പല്ലൂരിലെ റെയിൽവേ ട്രാക്കിൽ തീവണ്ടിക്കു മുന്നിൽ ചാടി ജീവനൊടുക്കാൻ തുനിഞ്ഞത്. പോലീസുദ്യോഗസ്ഥന്റെ സമയോചിത ഇടപെടലാണ് ഇയാളെ രക്ഷിച്ചത്.

വർഷങ്ങളായി കാഞ്ഞിരമറ്റം സ്വദേശിനിയുമായി യുവാവ് പ്രണയത്തിലായിരുന്നു. പ്രണയബന്ധത്തിൽനിന്ന് പെൺകുട്ടി പിന്മാറിയതോടെയാണ് ഇയാൾ ജീവനൊടുക്കാൻ ശ്രമിച്ചത്. മൂന്നുദിവസം മുൻപ് യുവാവ് പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നു. തുടർന്ന് വീട്ടുകാർ ബുദ്ധിമുട്ടായതോടെ വിവരം പോലീസിനെ അറിയിക്കുകയും പോലീസെത്തി യുവാവിനെ പിന്തിരിപ്പിച്ച് നാട്ടിലേക്കു വണ്ടി കയറ്റി വിടുകയും ചെയ്തു.

വെള്ളിയാഴ്ച വീണ്ടും പെൺകുട്ടിയുടെ വീട്ടിലെത്തി ചോക്ലേറ്റ് പായ്ക്കറ്റ് വലിച്ചെറിഞ്ഞ ശേഷം തിരിച്ചുപോയി. സംശയം തോന്നിയ വീട്ടുകാർ മുളന്തുരുത്തി പോലീസിൽ വിവരമറിയിച്ചു. മുളന്തുരുത്തിയിലെ സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ച് എഎസ്‌ഐ ആർ. രജീഷ് യുവാവിനെ ഫോണിൽ ബന്ധപ്പെട്ടു. താൻ കാഞ്ഞിരമറ്റത്ത് റെയിൽവേ ട്രാക്കിലാണെന്നും ജീവിതം അവസാനിപ്പിക്കുകയാണെന്നും യുവാവ് പറഞ്ഞു. മുളന്തുരുത്തി-കാഞ്ഞിരമറ്റം റെയിൽവേ പാതയിലാണ് യുവാവെന്നു മനസ്സിലാക്കിയ രജീഷ് തന്റെ വാഹനത്തിൽ അങ്ങോട്ട് പാഞ്ഞു. മറ്റൊരു വാഹനത്തിൽ പോലീസ് സംഘവും എത്തി. മേഖലയിൽ പരിശോധന നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. തുടർന്ന് രജീഷ് കൂടുതൽ ദൂരം അന്വേഷണം നടത്തുന്നതിനിടെ പച്ച സിഗ്നൽ തെളിഞ്ഞുനിൽക്കുന്ന സമയത്ത് യുവാവ് ട്രാക്കിൽ കൈവിരിച്ചു നിൽക്കുന്നതാണ് കണ്ടത്. തുടർന്ന് രജീഷ് ഓടിയെത്തി യുവാവിനെ ബലം പ്രയോഗിച്ച് ട്രാക്കിൽ നിന്നും തള്ളിമാറ്റി. തുടർന്ന് മുളന്തുരുത്തി പോലീസ് സ്‌റ്റേഷനിലെത്തിച്ച യുവാവിനെ പേരാമ്പ്രയിൽനിന്നും വന്ന വീട്ടുകാർക്കൊപ്പം പറഞ്ഞയച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!