ദീപക്കിൻ്റെ മരണം; ഷിംജിതയെ കസ്റ്റഡിയിൽ വിട്ടു, ലൈംഗികാതിക്രമം നേരിട്ടെന്ന വാദത്തിൽ ഉറച്ച് പ്രതി
കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിതയെ കസ്റ്റഡിയില്‍ വിട്ടു. ഇന്ന് വൈകുന്നേരം അഞ്ച് മണി വരെയാണ് കസ്റ്റഡി സമയം. കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയുടേതാണ് നടപടി. പൊലീസ് രണ്ട് ദിവസത്തേക്ക് കസ്റ്റഡി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്ന് വൈകുന്നേരം വരെയാണ് അനുവദിച്ചത്. അതേസമയം ബസില്‍ വച്ച് തനിക്ക് ലൈംഗികാതിക്രമം നേരിടേണ്ടിവന്നു എന്ന വാദത്തിൽ ഉറച്ചുനില്‍ക്കുകയാണ് ഷിംജിത. ‘വെറുതെ ഒന്നും പറയില്ലല്ലോ’ എന്നായിരുന്നു മാധ്യമങ്ങളോടുള്ള ഷിംജിതയുടെ പ്രതികരണം. ജാമ്യം തേടി ജനുവരി 29ന് ഷിംജിത കോഴിക്കോട് സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയായിരുന്നു ഇത്. എന്നാല്‍ അന്ന് ഷിംജിതയ്ക്ക് ജാമ്യം ലഭിച്ചില്ല.
ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയായിരുന്നു ഷിംജിതയ്ക്കെതിരെ പൊലീസ് കേസെടുത്തത്. ദീപക്കിന്റെ കുടുംബത്തിന്റെ പരാതിയിലായിരുന്നു ഷിംജിതയ്ക്കെതിരെ കേസെടുത്തത്. ജനുവരി പതിനേഴിയാരുന്നു ദീപക് ജീവനൊടുക്കിയത്. ഷിംജിത സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ ദീപക്കിനെതിരെ വ്യാപക സൈബർ ആക്രമണം നടന്നിരുന്നു. ഇതിൽ മനംനൊന്താണ് ദീപക് ജീവനൊടുക്കിയതെന്നായിരുന്നു കുടുംബത്തിൻ്റെ ആരോപണം.
