പറശ്ശിനിക്കടവിലെ ലോഡ്ജിലെ മരണം കൊലപാതകമെന്ന് സംശയം; ഒപ്പമുണ്ടായിരുന്നയാൾ തൂങ്ങിമരിച്ചു
കണ്ണൂർ: കണ്ണൂർ പറശ്ശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സംശയം. മരണപ്പെട്ട ചെറുകുന്ന് മുട്ടിൽ സ്വദേശിനി കെ വി സീമ(50) യ്ക്ക് ഒപ്പമുണ്ടായിരുന്ന അയ്യോത്തെ കടേപ്പറമ്പില്‍ വീട്ടില്‍ കെ പി വിജയനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. സീമയുടെ അയൽവാസിയാണ് വിജയൻ.
ബുധനാഴ്ച ഉച്ചയ്ക്ക് 12.50നാണ് സീമയും വിജയനും ചേര്‍ന്ന് പറശ്ശിനിക്കടവിലെ സമ്മര്‍ലാന്റ് ഇന്‍ ലോഡ്ജിലെ 602-ാം നമ്പര്‍ മുറിയെടുത്തത്. വൈകുന്നേരം ആറോടെ വിജയന് മുറി പുറത്തുനിന്ന് പൂട്ടി പുറത്തേക്ക് പോയി. ഇയാള്‍ തിരിച്ചുവരാത്തതിനെ തുടര്‍ന്നാണ് ലോഡ്ജ് അധികൃതര്‍ പൊലീസിനെ വിളിച്ചത്. വിജയന്റെ മൊബൈല്‍ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. നേരത്തെയും ഇരുവരും മുറിയെടുത്തിരുന്നുവെന്ന് ലോഡ്ജ് അധികൃതര്‍ പൊലീസിനോട് പറഞ്ഞു.
ഇരുവരും നേരത്തെ സൗഹൃദമുണ്ടായിരുന്നുവെന്നാണ് പൊലിസിന് ലഭിച്ച വിവരം. വീട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും അയൽവാസികളിൽ നിന്നും മൊഴിയെടുത്തു. വിജയനെ കണ്ടെത്താനുള്ള അന്വേഷണം നടത്തുന്നതിനിടയിലാണ് വ്യാഴാഴ്ച രാവിലെ മാട്ടൂൽ നോർത്ത് പുഴയോരത്തെ തെങ്ങിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പഴയങ്ങാടി പൊലീസ് ഇൻക്വസ്റ്റ് നടത്തി. വിജയൻ്റെ മൃതദേഹം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.എം പി രാജിനിയാണ് വിജയൻ്റെ ഭാര്യ. രണ്ട് മക്കളുണ്ട്. സീമയുടെ ഭര്‍ത്താവ് സുരേഷ് രണ്ട് വര്‍ഷം മുൻപ് മരണപ്പെട്ടിരുന്നു. ഇവർക്കും രണ്ട് മക്കളുണ്ട്.
