വയനാടിന്റെ എമർജൻസി എക്സിറ്റ്

Share our post

വെള്ളമുണ്ട : മലയോരപാത വികസനത്തിലും പ്രതീക്ഷകൾ അസ്തമിച്ച് കുറ്റ്യാടി ചുരം. പാതയുടെ വീതി ചുരംഭാഗത്ത് പത്തുമീറ്ററായി നിജപ്പെടുത്തുന്നതാണ് വയനാട്ടിലേക്കുള്ള യാത്രാമാർഗത്തിന് തിരിച്ചടിയാകുന്നത്. കോഴിക്കോട് ജില്ലയുമായി അതിരിടുന്ന കുറ്റ്യാടി ചുരം വികസനം എക്കാലത്തെയും വയനാടിന്റെ ആവശ്യമാണ്. താമരശ്ശേരി ചുരം പാതയെപ്പോലെ പ്രാധാന്യമുള്ള കുറ്റ്യാടി ചുരം കാലങ്ങളായി അവഗണിക്കപ്പെടുകയാണ്

തിരുവനന്തപുരംമുതൽ കാസർകോട്‌ ജില്ലയിലെ നന്ദരാപ്പടവുവരെ നീളുന്ന മലയോരഹൈവേയുടെ ഭാഗമായാണ് കുറ്റ്യാടി പക്രംതളം ചുരം റോഡും ഉൾപ്പെടുത്തിയത്. 12 മീറ്ററായാണ് വീതി നിശ്ചയിച്ചതെങ്കിലും ചുരംഭാഗത്ത് പത്തുമീറ്ററായി ചുരുക്കുന്നത് കുറ്റ്യാടി ചുരം വികസനത്തെ സാരമായി ബാധിക്കുകയാണ്. ചുങ്കക്കുറ്റിമുതൽ പൂതംപാറവരെയുള്ള ഭാഗങ്ങളിൽ പത്തുമീറ്റർ വീതിയിൽ പാത നവീകരിക്കാനാണ് ടെൻഡർ നടപടികളുള്ളത്. കിലോമീറ്ററിന് ഏഴുകോടിരൂപ വകയിരുത്തുന്ന പദ്ധതിയിൽ വീതികുറയ്ക്കാനുള്ള തീരുമാനം ദുരൂഹമാണെന്നും ആരോപണമുയരുന്നുണ്ട്. ചുരത്തിലെ പാതയോരങ്ങളിലുള്ള കെട്ടിടയുടമകളെയും മറ്റും സഹായിക്കാനാണ് ഇത്തരത്തിൽ വീതികുറയ്ക്കുന്നതെന്നും ആരോപണമുണ്ട്.

കണ്ണൂരിൽനിന്നും മാനന്തവാടി വാളാടുവഴി നിരവിൽപ്പുഴവഴിയാണ് പാത കടന്നുപോകുന്നത്. ഈ വഴിയിൽ നിർമാണം മുന്നേറുമ്പോഴും ഏറ്റവും പ്രധാനപ്പെട്ട ചുരംഭാഗത്തെ നിർമാണപ്രവർത്തനങ്ങൾക്ക് തുടക്കമായിട്ടില്ല. 37.5 കോടി രൂപയ്ക്കാണ് ടെൻഡർ നടപടികൾ പൂർത്തിയായിരുന്നത്. ചുരംപാത വികസനത്തിന് ഭൂരിഭാഗം സ്ഥലമുടമകളും സ്ഥലം വിട്ടുനൽകുന്നതിന് സമ്മതപത്രം ആദ്യംതന്നെ നൽകിയിരുന്നു. ചില കെട്ടിടയുടമകളാണ് പ്രധാനമായും റോഡ് വീതികൂട്ടുന്നതിന് തടസ്സമുന്നയിച്ചതെന്ന് നാട്ടുകാർ പറയുന്നു.

അവഗണനയിൽ മുങ്ങുന്ന സാധ്യതകൾ

വയനാട്ടിലേക്കുള്ള കുറ്റ്യാടി ചുരം വഴിയുള്ള യാത്രയ്ക്ക് നാലുപതിറ്റാണ്ടുകളിലേറെ പഴക്കമുണ്ട്. താമരശ്ശേരി ചുരത്തിനെ അപേക്ഷിച്ച് ഹെയർപിൻ വളവുകൾ കുറഞ്ഞതും ദൈർഘ്യംകുറഞ്ഞതുമാണ് ഈ പാത. വീതികുറഞ്ഞതും നിവരാത്ത വളവുകളുമായിരുന്നു ഈ ചുരത്തിന്റെ ന്യൂനത. വളവുകൾ നിവർത്തി വീതികൂട്ടിയാൽ കൂടുതൽ വാഹനങ്ങളെ ഈ ചുരത്തിന് ഉൾക്കൊള്ളാനും വയനാട്ടിലേക്കുള്ള ഗതാഗതപ്രശ്നങ്ങൾക്ക് പരിഹാരംകാണാനും കഴിയും. ഗോണിക്കുപ്പ, കുട്ട, ബാവലി വഴിയെല്ലാം കോഴിക്കോടുഭാഗത്തേക്ക് വരുന്ന വാഹനങ്ങൾക്ക് ഇതുവഴി എളുപ്പം കടന്നുപോകാനും കഴിയും. ബസ് ഉൾപ്പെടെയുള്ള വലിയവാഹനങ്ങൾക്ക് ഇതുവഴി സഞ്ചരിക്കാൻ കഴിഞ്ഞാൽ താമരശ്ശേരി ചുരത്തിലെ ഗതാഗതതടസ്സങ്ങൾക്ക് പരിഹാരം കാണാനും കഴിയുമെന്നതാണ് നേട്ടം.

പാരിസ്ഥിതികമായ വെല്ലുവിളികളായിരുന്നു മുൻകാലങ്ങളിൽ ചുരം വീതികൂട്ടുന്നതിന് തടസ്സമായി പറഞ്ഞിരുന്നത്. ആധുനിക യന്ത്രസംവിധാനങ്ങളും നിർമാണരീതികളുമെല്ലാം വന്നതോടെ യാതൊരുവിധ പാരിസ്ഥിതികപ്രശ്നങ്ങളുമില്ലാതെ ചുരം വീതികൂട്ടൽ പ്രവൃത്തികൾ ഇപ്പോൾ നടത്താൻ കഴിയും.പന്ത്രണ്ടുമീറ്റർ വീതിയിൽ ചുരം നവീകരിച്ചാൽ ഒട്ടേറെ വാഹനങ്ങളെ ഉൾക്കൊള്ളാൻ ഈ ചുരത്തിനുകഴിയും. കൂടുതൽസ്ഥലം ഏറ്റെടുത്ത് വളവുകൾ നിവർത്തുകയും ചെങ്കുത്തായ കയറ്റങ്ങൾ കുറയ്ക്കുകയുംചെയ്താൽ താമരശ്ശേരി ചുരത്തിനൊപ്പം ഇതുവഴിയും വയനാട്ടിലേക്കുള്ള ഗതാഗതം സാധ്യമാകും. വടകര, തലശ്ശേരി, പേരാമ്പ്ര, കുറ്റ്യാടി ഭാഗങ്ങളിൽനിന്നെല്ലാം കർണാടകത്തിലെ മൈസൂരു, െബംഗളൂരു എന്നിവിടങ്ങളിലെല്ലാം എത്താൻ കുറ്റ്യാടി ചുരത്തിന്റെ നവീകരണം സഹായകരമാകും. അന്തസ്സംസ്ഥാനപാതയെന്നനിലയിൽ ഈ പാതയും നവീകരിക്കപ്പെട്ടാൽ വലിയൊരു യാത്രാമാർഗംകൂടിയാണ് തുറന്നുകിട്ടുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!