വിവാഹമോചനക്കേസിനിടെ പോക്സോ കേസ്; അച്ഛനെ വെറുതേ വിട്ട് കോടതി
തൃശ്ശൂർ: വിവാഹമോചനക്കേസ് നടക്കുന്നതിനിടെ അഞ്ചുവയസ്സുകാരിയായ മകളെ പീഡിപ്പിച്ചെന്ന കേസിൽ അച്ഛനെ വെറുതേ വിട്ട് കോടതി. മകളെ കുടുംബകോടതിയിൽനിന്ന് വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് തൃശ്ശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ജയപ്രഭു, അച്ഛനെ വെറുതേ വിട്ടത്. വിവാഹമോചനക്കേസ് നിലനിൽക്കുന്നതിനാൽ കോടതി അനുവദിച്ച ദിവസങ്ങളിൽ നിശ്ചിതസമയത്തേക്ക് മാത്രമാണു കുട്ടിയെ അച്ഛന്റെ കൂടെ വിട്ടിരുന്നത്. ഇത്തരത്തിൽ 2022 ഡിസംബർ മൂന്നിനു കുട്ടിയുമായി പോയതു സംബന്ധിച്ചാണ് പോക്സോ പരാതി ഉയർന്നത്.
രാവിലെ കോടതിയിൽനിന്ന് കസ്റ്റഡിയിൽ വാങ്ങി വൈകീട്ട് കോടതിയിൽത്തന്നെ തിരികെ എത്തിക്കുകയാണ് ചെയ്തിരുന്നത്. വൈകീട്ട് എത്തിക്കുമ്പോൾ ഇത്തരം പരാതികളൊന്നും ഉയർന്നിരുന്നില്ല. പിന്നീട് ഡിസംബർ 26-ന് ഒല്ലൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. കേസ് തെറ്റാണ് എന്നു തെളിയുകയും അച്ഛനെ കുറ്റവിമുക്തനാക്കുകയുമായിരുന്നു. അച്ഛനുവേണ്ടി അഡ്വ. പയസ് മാത്യു, അഡ്വ. ബബിൽ രമേഷ്, അഡ്വ. നീരജ് ജെ. അക്കര, അഡ്വ. ആന്റണി ആലപ്പാട്, അഡ്വ, ഫ്രാൻസിസ് പയസ് എന്നിവർ ഹാജരായി.
