പാറമടയിൽ പ്ലസ് വൺ വിദ്യാർഥിനി മരിച്ച നിലയിൽ; 400 അടിയോളം ആഴം, മൃതദേഹം കണ്ടത് നാട്ടുകാർ

Share our post

കൊച്ചി ∙ രാവിലെ സ്കൂളിലേക്ക് പോയ പ്ലസ് വൺ വിദ്യാർഥിനി പാറമടയിൽ മരിച്ച നിലയിൽ. തിരുവാണിയൂരിനടുത്ത് കക്കാട് കരയിലെ പാറമടയിലാണ് 16കാരിയുടെ മൃതദേഹം കണ്ടെത്തിയത്. ചോറ്റാനിക്കര ഗവ. വിഎച്ച്എസ്‍ഇയിലെ വിദ്യാർഥിനിയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

ഇന്നു രാവിലെ പതിവു പോലെ 7.45ന് വീട്ടിൽ നിന്ന് ഇറങ്ങിയതാണ് പെൺകുട്ടി. ആദ്യം ട്യൂഷനും അതിനു ശേഷം സ്കൂളിലേക്കും പോവുകയാണ് പതിവ്. ഒൻപത് മണിയോടെ കുളത്തിൽ മൃതദേഹം കണ്ടെത്തിയ വിവരം ചോറ്റാനിക്കര പൊലീസിനു ലഭിച്ചു. തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് മൃതദേഹം പുറത്തെടുത്തു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി വരികയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം അടക്കം അറിയാൻ സാധിക്കൂ എന്ന് പൊലീസ് പറഞ്ഞു.

ഉപേക്ഷിക്കപ്പെട്ടു കിടക്കുന്ന ഈ പാറമടയ്ക്ക് ഏകദേശം 400 അടിയോളം ആഴമുണ്ടെന്നാണ് കരുതുന്നത്. നാട്ടുകാരാണ് കുട്ടിയുടെ മൃതദേഹം കണ്ടത്. ബാഗും പുസ്തകങ്ങളും ലഞ്ച് ബോക്സും കരയിൽ വച്ച നിലയിൽ കണ്ടെത്തി. മരണകാരണത്തെക്കുറിച്ച് എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും ആത്മഹത്യയാണെന്നാണ് പ്രാഥമികമായി കരുതുന്നതെന്നും പൊലീസ് പറഞ്ഞു. ആത്മഹത്യയാണെങ്കിൽ എന്താണ് അതിലേക്ക് നയിച്ചതെന്നുള്ള കാര്യങ്ങളും അന്വേഷണത്തിൽ വരും. നിലവിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. കിണർ നിർമാണ തൊഴിലാളിയാണ് കുട്ടിയുടെ പിതാവ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!