കാന്‍സര്‍ അതിജീവനകഥയുമായി നിഷ ജോസ് കെ. മാണി; പുസ്തകപ്രകാശനം 28-ന്

Share our post

കോട്ടയം: കാൻസറിനെതിരായ പോരാട്ടനാളുകളെക്കുറിച്ച് എഴുതിയ കൊച്ചുകുറിപ്പുകൾ,’ഐ ഫ്‌ലോ ഫ്രം ലൈറ്റ് ടു ലൈറ്റ്’-എ കാൻസർ മെമ്മയർ’ എന്ന പുസ്തകമാക്കി സാമൂഹികപ്രവർത്തക ഡോ. നിഷ ജോസ് കെ. മാണി. കാൻസറിനെക്കുറിച്ച് മാത്രമല്ല മറ്റുകാര്യങ്ങളും ചേർത്തെഴുതിയപ്പോൾ ആർക്കും ഏത് ദുരനുഭവത്തേയും നേരിടാമെന്ന തിരിച്ചറിവുകൂടി പകരുന്നതാണ് കൃതി.

നിറയെ കുപ്പിവളകളിട്ട് പല നിറമുള്ള കുഞ്ഞ് ബോർഡറുള്ള സെറ്റും മുണ്ടുമുടുത്ത് ആശുപത്രിയിലും റേഡിയേഷനുമെത്തിയ നിഷയെ കണ്ടവർ അന്ന് അദ്ഭുതപ്പെട്ടു. ”15 റേഡിയേഷന് പോയതും സെറ്റും മുണ്ടുമുടുത്താണ്. ഡൽഹി യാത്രയ്ക്കിടയിൽ ഫരീദാബാദിൽനിന്ന് വാങ്ങിയ കുപ്പിവളയൊക്കെയിട്ട് ഫ്രഷായിരിക്കാനും ശ്രമിച്ചു. പലരും സാരിയും നൈറ്റിയും തോർത്തുമൊക്കെയായി വന്നപ്പോൾ ഞാൻ വേറിട്ടുനിന്നു. ഒരു രോഗിയായി എനിക്ക് തോന്നിയില്ല. എന്നെ കണ്ടവർക്കും”-നിഷ പറയുന്നു.

റേഡിയേഷൻ ടേബിളിൽനിന്നിറങ്ങി മുറിയിലെത്തുമ്പോൾ കിട്ടിയ കുഞ്ഞുപേപ്പറിലൊക്കെ പലതും എഴുതി. സ്‌നേഹത്തെക്കുറിച്ച്, നഷ്ടങ്ങളെക്കുറിച്ച് എല്ലാം. അതിൽ കുപ്പിവള നിർമാണം സന്തോഷവും സ്ത്രീശാക്തീകരണവുമാണെന്ന് പഠിപ്പിച്ച ഫരീദാബാദിലെ ഒരു സാധാരണക്കാരിയെക്കുറിച്ചുവരെയുണ്ട്.

ഫരീദാബാദിലെ സൂരജ്കുണ്ഡ് മേളയിൽ വള വിൽക്കുന്ന സ്ത്രീയെ തുടർച്ചയായി പല വർഷങ്ങളിലും കണ്ടിരുന്നു. ഒരിക്കൽ അവരെ കണ്ടില്ല. അന്വേഷിച്ചപ്പോൾ ‘വയറ്റിൽ വലിയ അസുഖമാണെന്ന്’ മാത്രം അറിഞ്ഞു. അവരെ തേടി ഗ്രാമത്തിൽ പോയി. അവർക്ക് കാൻസറാണെന്ന് അറിഞ്ഞു. മുഖം കരുവാളിച്ചിരുന്നെങ്കിലും അവർ അന്നും ഇരുകൈയിലും നിറയെ വളയിട്ടിരുന്നു.

രോഗിയാണെന്ന് ഒറ്റനോട്ടത്തിൽ തോന്നിയില്ല. അവർ പറഞ്ഞു:- ”വളകൾ ഇടുമ്പോഴാണ് എനിക്ക് സന്തോഷം തോന്നുക. സന്തോഷമായിരിക്കുക എന്നത് എൻെറ ജന്മാവകാശമാണ്”. ആ സ്ത്രീയിൽ നിഷ കണ്ടത് വളകളിലൂടെ അവർ പ്രഖ്യാപിച്ച ശാക്തീകരണമാണ്. നിഷയ്ക്ക് രോഗം വരുന്നതിന് മുമ്പായിരുന്നു ഈ കൂടിക്കാഴ്ച.തനിക്ക് രോഗം വന്നപ്പോൾ ആദ്യം ഓർത്തത് ആ സ്ത്രീയുടെ മുഖമാണെന്ന് നിഷ പറയുന്നു. അവരുടെ വാക്കുകളാണ് തന്നേയും അതിജീവനത്തിന് പ്രാപ്തയാക്കിയത്.

ഈ രോഗം വരുന്നതിന് മുമ്പേ രോഗികളോട് ഐക്യദാർഢ്യവുമായി രണ്ടുവട്ടം തലമുടി മുറിച്ചുനൽകിയിരുന്നു. ശരീരത്തിൽ റേഡിയേഷൻ പല മാറ്റങ്ങളും വരുത്തിയപ്പോഴും ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കണം എന്ന ചിന്തയോടെ കൂടുതൽ പഠിച്ച ദിനങ്ങളെക്കുറിച്ചും പുസ്തകത്തിലുണ്ട്.

28-ന് വൈകീട്ട് നാലിന് ന്യൂഡൽഹിയിൽ ശശി തരൂർ എംപിയുടെ ഓഫീസിൽ പ്രകാശനം നടക്കും. ജസ്റ്റിസ് കുര്യൻ ജോസഫിന് നൽകിയാണ് പ്രകാശനം. ബംഗാൾ ഗവർണർ സി.വി. ആനന്ദബോസിന്റേതാണ് അവതാരിക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!