മൂന്നാം ബലാത്സംഗക്കേസ്: ജാമ്യാപേക്ഷ പരിഗണിക്കുക 22 ന്
പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ജനുവരി 22-ലേക്ക് മാറ്റി. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.നേരത്തെ തിരുവല്ല മജിസ്ട്രേറ്റ് കോടതി രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേത്തുടർന്നാണ് രാഹുൽ സെഷൻസ് കോടതിയെ സമീപിച്ചത്. കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കേണ്ടിയിരുന്നു.
എന്നാൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ തെളിവുകൾ ശേഖരിക്കാനുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്ന നടപടികൾ പൂർത്തിയായി വരുന്നതായും പ്രോസിക്യൂഷൻ വ്യക്തമാക്കി.
ഇതേത്തുടർന്നാണ് വിശദമായ വാദത്തിനായി കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റിയത്. ജനുവരി 11-നാണ് കാനഡയിലുള്ള എൻആർഐ യുവതിയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു, ഗർഭഛിദ്രത്തിന് നിർബന്ധിച്ചു, സാമ്പത്തികമായി ചൂഷണം ചെയ്തു തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് എംഎൽഎയ്ക്കെതിരെയുള്ളത്. നിലവിൽ മാവേലിക്കര സബ് ജയിലിലാണ് രാഹുൽ. അതിനിടെ, മറ്റ് രണ്ട് ബലാത്സംഗക്കേസുകളിലും രാഹുലിനെതിരെ അന്വേഷണം നടക്കുന്നുണ്ട്.
