പോലീസ് പിഴയിടുന്നതിനെതിരെ പേരാവൂരിലെ വ്യാപാര സംഘടനകൾ സംയുക്ത സമരത്തിനൊരുങ്ങുന്നു

Share our post

പേരാവൂർ: ടൗണിലെത്തുന്ന ഉപഭോക്താക്കളുടെ വാഹനങ്ങൾക്ക് കാരണങ്ങളൊന്നുമില്ലാതെ പിഴയിടുന്ന പേരാവൂർ പോലീസിന്റെ അന്യായ നടപടിക്കെതിരെ വ്യാപാര സംഘടനകൾ സംയുക്ത സമരത്തിനൊരുങ്ങുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി, യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ എന്നിവയാണ് യോഗം ചേർന്ന് യോജിച്ച പ്രക്ഷോഭം നടത്താൻ തീരുമാനിച്ചത്.

ടൗണിലെത്തുന്ന ഉപഭോക്താക്കളുടെ വാഹനങ്ങൾക്ക് അന്യായമായി പോലീസ് പിഴയീടാക്കുന്നതിനാൽ സമീപ ടൗണുകളിലേക്ക് ഉപഭോക്താക്കൾ പോകുന്നതായി വ്യാപാരികൾ പഞ്ചായത്തിൽ പരാതി നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് തല ട്രാഫിക്ക് അവലോകന സമിതി ഈ മാസം മൂന്നിന് യോഗം ചേരുകയും പോലീസ് നടപടി ഇനിയുണ്ടാവില്ലെന്ന് യോഗത്തിൽ അറിയിക്കുകയും ചെയ്തു.

എന്നാൽ, ഇതിന് ശേഷവും പോലീസ് വ്യാപകമായി പിഴയീടാക്കുന്നുവെന്ന് വ്യാപാരികൾ പറയുന്നു. പഞ്ചായത്ത് ഇക്കാര്യത്തിൽ ഫലപ്രദമായി ഇടപെടാത്ത പക്ഷം സംയുക്ത വ്യാപാര സംഘടനകൾ കടയടപ്പ് പോലുള്ള പ്രത്യക്ഷ സമരങ്ങൾ നടത്താനാണ് യോഗം തീരുമാനിച്ചത്.

ടൗണിലൂടെ പോകുന്ന പോലീസുകാർ അവരവരുടെ മൊബൈൽ ഫോണിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മാത്രം ഫോട്ടോയെടുത്ത് പിഴയീടാക്കുന്ന രീതിയാണ് പേരാവൂർ പോലീസ് കാലങ്ങളായി ചെയ്യുന്നതെന്ന് വ്യാപാരികൾ ആരോപിക്കുന്നു. ട്രാഫിക്ക് പോലും നിയന്ത്രിക്കാനറിയാത്ത ഒരാളെ ഹോം ഗാർഡായി നിർത്തി വ്യാപാരികളെ ദ്രോഹിക്കാൻ മൊബൈൽ ഫോണിൽ ഫോട്ടോയെടുപ്പ് നടത്തുകയാണെന്നും യോഗം കുറ്റപ്പെടുത്തി.

വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ കെ.കെ.രാമചന്ദ്രൻ, എസ്.ബഷീർ, വ്യാപാരി വ്യവസായി സമിതി ഭാരവാഹികളായ ഷബി നന്ത്യത്ത്, അഷറഫ് ചെവിടിക്കുന്ന്, യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ ഭാരവാഹികളായ ഷിനോജ് നരിതൂക്കിൽ, വി.കെ.രാധാകൃഷ്ണൻ, കെ.എം.ബഷീർ എന്നിവർ സംസാരിച്ചു.

 

 

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!