തൊഴിലുറപ്പിനെ ഇകഴ്ത്തി കാണിക്കുന്നത് തിരിച്ചറിയണം; പേരാവൂർ പഞ്ചായത്ത്
പേരാവൂർ: മുരിങ്ങോടി പാറങ്ങോട്ട് ഉന്നതിയിലെ ലക്ഷ്മിയമ്മക്ക് തൊഴിൽദിനം നഷ്ടപ്പെട്ടത് ദൗർഭാഗ്യകരമാണെന്ന് പേരാവൂർ പഞ്ചായത്തധികൃതർ പത്രസമ്മേളനത്തിൽ പറഞ്ഞു. സംഭവം രാഷ്ട്രീയവത്കരിക്കുന്നവരുടെ ലക്ഷ്യം തൊഴിലുറപ്പ് പദ്ധതിയെ ഇകഴ്ത്താനാണെന്നും പൊതുസമൂഹം ഇക്കാര്യം തിരിച്ചറിയണമെന്നും പഞ്ചായത്തധികൃതർ വ്യക്തമാക്കി.
ലക്ഷ്മിയമ്മയുൾപ്പെടുന്നവരുടെ അവസാന തൊഴിൽ ദിനത്തിൽ 42 പണിയാണുണ്ടായിരുന്നത്. 49 തൊഴിലാളികൾ ഉള്ളതിനാൽ 42 പേരെ തിരഞ്ഞെടുത്തു. തുടർച്ചയായി തൊഴിലിന് വരാത്തവരെ ഒഴിവാക്കിയാണ് 42 പേരെ തിരഞ്ഞെടുത്തത്. അതിൽ ലക്ഷ്മിയമ്മയും സമരത്തിൽ പങ്കെടുത്തവരുമുണ്ട്. വസ്തുത ഇതായിരിക്കെ, സമരത്തിൽ പങ്കെടുക്കാത്തതിനാണ് ലക്ഷ്മിയമ്മയെ ഒഴിവാക്കിയതെന്ന പ്രചരണം കെട്ടിച്ചമച്ചതാണ്.
നവമാധ്യമങ്ങളിലൂടെ തൊഴിലുറപ്പ് പദ്ധതിയെ അവഹേളിക്കുന്ന പ്രവണത അംഗീകരിക്കില്ല. മുഴുവൻ തൊഴിലാളികൾക്കും 100 തൊഴിൽ ദിനങ്ങൾ ലഭ്യമാക്കാൻ പഞ്ചായത്ത് പ്രഥമ പരിഗണന നൽകും. രാഷ്ട്രീയ വേർതിരിവില്ലാതെയാണ് നാളിതുവരെ പേരാവൂർ പഞ്ചായത്ത് തൊഴിൽദിനങ്ങൾ ക്രമീകരിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികൾ കൂട്ടംചേർന്ന് എടുത്ത തീരുമാനത്തെ രാഷ്ട്രീയവത്കരിക്കുന്നത് ജനം തിരിച്ചറിയണം. സംഭവത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ, വൈസ്.പ്രസിഡന്റ് കെ.എ.രജീഷ്, മേൽമുരിങ്ങോടി വാർഡ് മെമ്പർ ശാനി ശശീന്ദ്രൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
