ചെങ്കല്ല് കടത്ത്; പോലീസിനെ നിരീക്ഷിക്കാൻ ‘റൂട്ട് മാപ്പ്’ വാട്‌സാപ്പ് ഗ്രൂപ്പ്; അഡ്മിൻ അറസ്റ്റിൽ

Share our post

വളാഞ്ചേരി(മലപ്പുറം): പോലീസിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിച്ച് ചെങ്കല്ലും ചെമ്മണ്ണും അനധികൃതമായി ഖനനം നടത്തി കടത്തിക്കൊണ്ടുപോകാനായി വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയ ആൾ അറസ്റ്റിൽ. തിണ്ടലം സി.കെ. പാറ കാവുംപുറത്ത് വീട്ടിൽ ഗണേഷാ(43)ണ് അറസ്റ്റിലായത്. വളാഞ്ചേരി എസ്എച്ച്ഒ വിനോദ് വലിയാട്ടൂരിന് പോലീസ് ഇന്റലിജൻസിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷത്തിലാണ് ഗണേഷ് പോലീസിന്റെ വലയിലായത്.

2021 ഓഗസ്റ്റ് 29-ന് റൂട്ട് മാപ്പ് എന്ന വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി ക്വാറി മാഫിയകൾക്ക് ഒത്താശ ചെയ്തുകൊടുക്കുന്നുണ്ടെന്നായിരുന്നു പോലീസിന് കിട്ടിയ വിവരം. മൂസു എന്ന പേരിൽ നമ്പർ സേവ് ചെയ്തയാളും ‘റൂട്ട് മാപ്പിന്റെ’ അഡ്മിനാണ്. അഞ്ഞൂറിലധികം ആളുകളെയാണ് ഗ്രൂപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അനധികൃതമായി കല്ലും മണ്ണും കടത്തിക്കൊണ്ടുപോകുന്നതിനായി പോലീസിനെ നിരീക്ഷിച്ച് അവരുടെ ലൊക്കേഷനും മറ്റും പങ്കുവെക്കുകയായിരുന്നു ലക്ഷ്യം. രണ്ടാമത്തെ അഡ്മിനായ മൂസുവിനുള്ള അന്വേഷണം നടക്കുകയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!