പശുവളർത്തി ജീവിതവഴി വെട്ടിയ സുനിതയ്ക്ക് അംഗീകാരം

Share our post

ഇരിട്ടി : ക്ഷീരകൃഷിയിലൂടെ സ്വന്തമായി വരുമാനവും ജീവിതവഴിയും കണ്ടെത്തിയ വള്ളിത്തോട് വാഴയിൽ സ്വദേശിനി കെ.സുനിത(41)യ്ക്ക് സംസ്ഥാന അംഗീകാരം. സംസ്ഥാന ക്ഷീരവികസനവകുപ്പിന്റെ പട്ടികജാതി-പട്ടികവർഗ വിഭാഗത്തിലെ മികച്ച ക്ഷീരകർഷകയ്ക്കുള്ള അംഗീകാരമാണ് സുനിതയെ തേടിയെത്തിയത്.അയ്യൻകുന്ന് പഞ്ചായത്തിലെ വള്ളിത്തോട് വാഴയിൽ സ്വദേശിനിയായ കൊയിലത്ത് സുനിത ആറുവർഷം മുൻപാണ് പശുപരിപാലനത്തിനിറങ്ങിയത്. അതുവരെ തൊഴിലുറപ്പ് തൊഴിലായിരുന്നു ജീവിതമാർഗം.

അഞ്ചുസെന്റ് മാത്രമുള്ള പുരയിടത്തിൽ ഒരു പശുവുമായി ക്ഷീരകൃഷി തുടങ്ങിയ സുനിത ഇപ്പോൾ 10 പശുക്കളുടെ ഉടമയാണ്. വീടിന് സമീപത്തെ ബന്ധുക്കളുടെ പുരയിടവും കൂടി പ്രയോജനപ്പെടുത്തിയാണ് പശുക്കളെ വളർത്തുന്നത്. ദിവസവും 50 മുതൽ 60 ലിറ്റർ പാൽവരെ സെയ്ന്റ്‌ ജൂഡ് നഗർ ക്ഷീരോത്പാദക സഹകരണസംഘത്തിൽ അളക്കുന്നുണ്ട്. നിർമാണത്തൊഴിലാളിയായ ഭർത്താവ് സി.എസ്.സുരേഷും സഹായത്തിനുണ്ട്. പുലർച്ചെ നാലുമണിക്ക് കറവ പൂർത്തിയാക്കി തൊഴുത്ത് വൃത്തിയാക്കുന്നത് ഉൾപ്പെടെയുള്ളവ ഇരുവരും ചേർന്ന് കൂട്ടായി ചെയ്യും. ഉച്ചയ്ക്ക്ശേഷം സുരേഷ് തൊഴിൽസ്ഥലത്ത് നിന്നെത്തിയശേഷം പാട്ടത്തിനെടുത്ത സ്ഥലത്തുനിന്ന് തീറ്റപ്പുൽ ശേഖരിച്ചാണ് പശുക്കളെ വളർത്തുന്നതെന്ന് സുനിത പറഞ്ഞു. നഴ്‌സിങ് വിദ്യാർഥിനിയായ തൃഷയാണ് മകൾ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!