പേരാവൂർ ടൗൺ നവീകരണം; മാസ്റ്റർപ്ലാൻ തയ്യാറാക്കാനുള്ള പ്രവൃത്തി തുടങ്ങി

Share our post

പേരാവൂർ: ടൗൺ നവീകരണത്തിന്റെ ഭാഗമായുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കാനുള്ള പ്രവൃത്തി തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്റെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പധികൃതർ സ്ഥലത്തെത്തി അളവെടുപ്പ് നടത്തി. ഒന്നാം ഘട്ടത്തിൽ ഇരിട്ടി റോഡിലെ പെട്രോൾ പമ്പ് മുതൽ തലശേരി റോഡിലെ കനറ ബാങ്ക് വരെയാണ് നവീകരണം നടത്തുന്നത്. ഇതിൽ പോലീസ് സ്റ്റേഷൻ മുതൽ കുനിത്തലമുക്ക് വരെയുള്ള ഭാഗത്തിന്റെ എസ്റ്റിമേറ്റ് മുൻപ് തയ്യാറാക്കിയിരുന്നു. ബാക്കി ഭാഗത്തെ നവീകരണത്തിനുള്ള എസ്റ്റിമേറ്റാണ് നിലവിൽ തയ്യാറാക്കുന്നത്.

മാസ്റ്റർ പ്ലാൻ പ്രകാരം ഇരിട്ടി റോഡിലെ പെട്രോൾ പമ്പ് മുതൽ തലശേരി റോഡിലെ കനറ ബാങ്ക് വരെ റോഡിന്റെ ഇരുവശത്തും നടപ്പാതകൾ സ്ഥാപിക്കും. നിലവിൽ ടൗണിൽ സ്ഥാപിച്ചിട്ടുള്ള നടപ്പാതകളിലെ പഴയ സ്ലാബുകൾ മാറ്റി പുതിയവ സ്ഥാപിക്കും. ഇരു വശത്തെ നടപ്പാതകളിലും കൈവരികളും സ്ഥാപിക്കും. റോഡിന്റെ ഇരു ഭാഗത്തും ടാറിംഗ് കഴിഞ്ഞ് ബാക്കിയുള്ള സ്ഥലം ഇന്റർലോക്ക് ചെയ്ത് സംരക്ഷിക്കും. നടപ്പാതകൾക്കരികിൽ വഴിവിളക്കുകളും സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ചെടിച്ചട്ടികളും പിടിപ്പിക്കും. ടൗണിൽ ആവശ്യമായ ഇടങ്ങളിൽ സീബ്ര ലൈനുകൾ, ഉയരവിളക്ക് എന്നിവയും ഒന്നാം ഘട്ട നവീകരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ ടൗൺ ജംഗ്ഷൻ മുതൽ കൊട്ടിയൂർ റോഡിൽ ചെവിടിക്കുന്ന് വരെ നവീകരിക്കാനും പദ്ധതിയുണ്ട്.

പഞ്ചായത്ത് ഫണ്ട് അപര്യാപ്തമായതിനാൽ എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിന് കൈമാറി അടുത്ത ബജറ്റിൽ ഫണ്ട് നേടിയെടുക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. പഞ്ചായത്ത് വൈസ്.പ്രസിഡന്റ് കെ.എ.രജീഷ്, ടൗൺ വാർഡ് മെമ്പർ കെ.പി.അബ്ദുൾ റഷീദ്, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ ടി.വി.രേഷ്മ, ഓവർസിയർമാരായ എം.ഡി.ബിജു, കെ. അനുരഞ്ജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അളവെടുപ്പ്.

പുതിയ ഭരണസമിതിയുടെ പ്രഥമ പരിഗണന ടൗൺ നവീകരണവും പാർക്കിംങ്ങ് പ്രശ്‌നം പരിഹരിക്കലുമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ പറഞ്ഞു. ശുചിത്വ പേരാവൂർ എത്രയുമുടനെ നടപ്പിലാക്കും. വ്യാപാര സംഘടനകളുടെയും വിവിധ തൊഴിലാളി സംഘടനകളുടെയും സഹകരണമുണ്ടായാൽ എത്രയുമുടനെ ട്രാഫിക്ക് കുരുക്ക് ഒഴിവാക്കാനും നടപടിയുണ്ടാവുമെന്ന് പ്രസിഡന്റ് പറഞ്ഞു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!