സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത 1,88,92,383 വാഹനങ്ങൾ, 2025 ൽ 12.8 ശതമാനം വർധന
തിരുവനന്തപുരം: സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം 12.8 ശതമാനം വർധനവുണ്ടായതായി മോട്ടോർ വാഹന വകുപ്പ്. ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്ട്രേഷനിലും കുതിപ്പ് തുടരുകയാണ്. ടൂവീലറുകൾ തന്നെയാണ് മുന്നിൽ.
2025-ൽ ആകെ 8,78,863 വാഹനങ്ങൾ പുതിയതായി രജിസ്റ്റർ ചെയ്തതായി മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. 2024-ൽ 7.79 ലക്ഷമായിരുന്നു. ഇതിൽ നിന്നാണ് 12.8 ശതമാനം വർധനവ്. തൊട്ട് മുൻപത്തെ വർഷം 2023-ൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം 7.59 ലക്ഷമായിരുന്നു.
ഇലക്ട്രിക് വാഹനങ്ങളും വർധിക്കുന്നു
2025-ൽ സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്ട്രേഷനിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തിയതായി കണക്കുകൾ പറയുന്നു. 1,06,993 ഇലക്ട്രിക് വാഹനങ്ങൾ രജിസ്റ്റർ ചെയ്തു. ഇത് ഈ വർഷം രജിസ്റ്റർ ചെയ്ത മൊത്തം വാഹനങ്ങളുടെ 12.1 ശതമാനമാണെന്ന് എംവിഡി പറഞ്ഞു.
2024 ൽ ഇലക്ട്രിക് വാഹന രജിസ്ട്രേഷനുകൾ മൊത്തം 28.5 ശതമാനം വർദ്ധിച്ചു. 83,268 ഇവി വാഹനങ്ങൾ രജിസ്റ്റർ ചെയ്തു.
ടു വീലർ എന്നും മുന്നിൽ
2025 ൽ പുതിയ രജിസ്ട്രേഷനുകളിൽ ഇരുചക്ര വാഹനങ്ങളായിരുന്നു മുൻനിരയിൽ. 5.72 ലക്ഷം വാഹനങ്ങൾ റോഡുകളിൽ ഇറങ്ങി.
അതുപോലെ, 2,36,435 മോട്ടോർ കാറുകളും 10,827 മോട്ടോർ ക്യാബുകളും രജിസ്റ്റർ ചെയ്തതായി വകുപ്പ് അറിയിച്ചു.
മോട്ടോർ വാഹന വകുപ്പിന്റെ കണക്കനുസരിച്ച് കേരളത്തിൽ സാധുവായ രജിസ്ട്രേഷൻ ലഭിച്ച ആകെ വാഹനങ്ങളുടെ എണ്ണം 1,88,92,383 ആണ്. കെ എൽ രജിസ്ട്രേഷനിൽ മാത്രം ഇത്രയും വാഹനങ്ങൾ നിരത്തിലുണ്ട്.
