പാലിയേക്കര ടോൾ പിരിവ്; ഹൈക്കോടതി വിലക്ക് നീട്ടി

Share our post

തൃശൂർ: പാലിയേക്കര ടോൾ പിരിവിൽ ദേശീയ പാത അതോറിറ്റിക്ക് തിരിച്ചടി. ടോൾ പിരിവ് വിലക്കിയ നടപടി ഹൈക്കോടതി നീട്ടി. എന്നാൽ ടോൾ നിരക്ക് കുറക്കുന്നതിൽ തീരുമാനമായില്ല. ഇത് സംബന്ധിച്ച ഹർജി ചൊവ്വാഴ്ച പരി​ഗണിക്കും. കഴിഞ്ഞ തിങ്കളാഴ്ച കേസ് പരി​ഗണിച്ച കോടതി വെള്ളിയാഴ്ച വരെ ടോൾ പിരിവിന് വിലക്കേർപ്പെടുത്തിയിരുന്നു. തുടർന്ന് ടോൾ നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് തീരുമാനം അറിയിക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു. നാല് വരിപാതയായിരുന്നപ്പോഴുള്ള ടോൾ സർവീസ് റോഡിലൂടെയുള്ള ​ഗതാ​ഗതത്തിന് എങ്ങനെ പിരിക്കാനാവും എന്നത് ചൂണ്ടിക്കാട്ടിയാണ് തീരുമാനമറിയിക്കാൻ കോടതി നിർദേശിച്ചത്. തീരുമാനം അറിയിക്കാൻ കേന്ദ്രം ചൊവ്വാഴ്ച വരെ സമയം ആവശ്യപ്പെടുകയായിരുന്നു. ഗതാഗതകുരുക്ക് നിയന്ത്രിക്കുന്നതിൽ അതോറിറ്റിക്ക് വീഴ്ച്ച സംഭവിച്ചു എന്ന് ചൂണ്ടിക്കാട്ടി ആ​ഗസ്ത് ആറിനാണ് ഹൈക്കോടതി ടോൾ പിരിവ് തടഞ്ഞത്. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ടോൾ പിരിവ് നിർത്തണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകർ നൽകിയ ഹർജിയിന്മേലാണ് നടപടി.

ടോൾ നിർത്തലാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ എൻഎച്ച്എഐ സുപ്രീം കോടതിയിൽ ഹർജി നൽകിയെങ്കിലും ടോൾ തടഞ്ഞത് സുപ്രീംകോടതിയും ശരിവച്ചിരുന്നു. അപകടങ്ങളും മണ്ണിടിച്ചിലും നടന്ന സാഹചര്യത്തിൽ പ്രദേശത്തെ ഗതാഗത പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കളക്ടറും കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ ആ റിപ്പോർട്ട് അവഗണിച്ച് അപകടങ്ങൾക്ക് കാരണം അശ്രദ്ധമായ ഡ്രൈവിംഗ് ആയിരുന്നു എന്നാണ് എൻ എച്ച് എ ഐ കോടതിയിൽ വാദിച്ചത്. ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ 65 കിലോമീറ്റർ ദൂരത്തിൽ അഞ്ച് കിലോമീറ്റർ മാത്രമാണ് ഗതാഗതപ്രശ്നവും പണികഴിയാത്ത സാഹചര്യവുമുള്ളതെന്നും എൻഎച്ച്എഐ കോടതിയിൽ വാദിച്ചു. എന്തുകൊണ്ട് ഈ അഞ്ച് കിലോമീറ്റർ മാത്രം പണി പൂർത്തിയാക്കാൻ സാധിക്കുന്നില്ല എന്നും കോടതി കേന്ദ്രസർക്കാരിനോട് ചോദിച്ചു. ഈ അഞ്ച് കിലോമീറ്ററിന്റെ കാര്യത്തിൽ മൂന്ന് ദിവസത്തിനകം തീരുമാനമെടുക്കും എന്ന കേന്ദ്രത്തിന്റെ വാദത്തെ തുടർന്ന് വെള്ളിയാഴ്ച ഹർജി പരിഗണിക്കാൻ തീരുമാനിക്കുകയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!