നഷ്ടമായത് 475 ഗ്രാം സ്വര്‍ണം; പൊലീസ് മേധാവിയെ കക്ഷിചേര്‍ത്ത് കേസെടുക്കണം; ആറാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നൽകണമെന്നും ഹെെക്കോടതി
കൊച്ചി: ശബരിമലയിലെ സ്വര്‍ണപ്പാളിയില്‍നിന്നും 475 ഗ്രാമോളം നഷ്ടമായിട്ടുണ്ടെന്ന കാര്യം വ്യക്തമായതായി ഹൈക്കോടതി. ശബരിമല സ്വര്‍ണപ്പാളി കേസില്‍ ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ നിരീക്ഷണം. കേസില്‍ വിജിലന്‍സ് കണ്ടെത്തലുകളില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്നും സംസ്ഥാന പൊലീസ് മേധാവിയെ കേസില്‍ കക്ഷി ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനുമാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ജസ്റ്റിസുമാരായ രാജാ വിജയരാഘവന്‍, കെ.വി. ജയകുമാര്‍ എന്നിവരുടെ ദേവസ്വം ഡിവിഷന്‍ ബെഞ്ചാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട് ഇന്നുതന്നെ ദേവസ്വം ബോര്‍ഡിന് കൈമാറും. ഇത് സംസ്ഥാന പോലീസ് മേധാവിക്കു കൈമാറണമെന്നും പൊലീസ് മേധാവിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം ആരംഭിക്കണമെന്നുമാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. കേസില്‍ നിക്ഷപക്ഷ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട കോടതി രണ്ടാഴ്ചയിലൊരിക്കല്‍ അന്വേഷണ പുരോഗതി മുദ്രവെച്ച കവറില്‍ കോടതിയെ അറിയിക്കണമെന്നും ആറാഴ്ചക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു. അന്വേഷണ സംഘം എല്ലാ രേഖകളും കോടതിയില്‍ സമര്‍പ്പിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. കൂടാതെ പ്രത്യേക അന്വേഷണ സംഘത്തിന് വേണ്ട നിര്‍ദ്ദേശങ്ങളും നല്‍കി. അതിനാല്‍ത്തന്നെ എത്രയുംവേഗം എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്ത് അന്വേഷണം ആരംഭിക്കാനാണ് സാധ്യത.
വിജിലന്‍സ് എസ്പി സുനില്‍കുമാറാണ് ശബരിമല സ്വര്‍ണപ്പാളി കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് കൈമാറിയത്. ശബരിമലയില്‍നിന്ന് ഇളക്കിമാറ്റിയ സ്വര്‍ണപ്പാളികള്‍ ശനിദോഷം അകറ്റാനും ഐശ്വര്യത്തിനുമായി കോടിക്കണക്കിന് രൂപയ്ക്ക് ബെംഗളൂരുവില്‍ വിറ്റഴിച്ചുവെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സുപ്രധാന വിവരങ്ങളാണ് വിജിലന്‍സ് റിപ്പോര്‍ട്ടിലുള്ളത്. ദേവസ്വം കമ്മിഷണറുടെ നിര്‍ദേശ പ്രകാരമാണ് സ്വര്‍ണം പൂശാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയത്. മഹസറില്‍ രേഖപ്പെടുത്തിയത് ചെമ്പുപാളി എന്നാണ്, സ്വര്‍ണം എന്നല്ല. ശില്പങ്ങള്‍ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ചപ്പോള്‍ സ്വര്‍ണത്തിന്റെ പാളി ഉണ്ടായിരുന്നു. ഇതോടെയാണ് ക്രമക്കേട് നടന്നുവെന്നുള്ള കാര്യം വ്യക്തമാകുന്നതെന്നും കോടതി വ്യക്തമാക്കി.
സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിലെത്തിച്ച് സ്വര്‍ണം മാറ്റിയെന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ചെമ്പുപാളിയില്‍ സ്വര്‍ണം പൊതിഞ്ഞതിനെ വെറും ചെമ്പായി മാത്രം രേഖപ്പെടുത്തി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറുകയായിരുന്നുവെന്നും ഇത് സംശയാസ്പദവും അതീവഗുരുതരമാണെന്നും കോടതി നിരീക്ഷിച്ചു. കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തില്‍നിന്ന് എസ്പി ശശിധരനും കോടതിയില്‍ ഹാജരായിട്ടുണ്ടായിരുന്നു. ശബരിമലയിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി നേരിട്ട് ഇടപെടുകയായിരുന്നു. പ്രത്യേക കേസുകള്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണിക്കണോ എന്നത് എസ്ഐടിക്ക് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി.ഡിജിപിയെക്കൂടി കക്ഷി ചേര്‍ക്കുകയാണ് കോടതി ഇന്ന് കൈക്കൊണ്ട മറ്റൊരു നടപടി. കൂടാതെ സ്വര്‍ണപ്പാളി ഇളക്കിമാറ്റിയ സംഭവങ്ങള്‍ നടക്കുന്ന സമയത്ത് വിജിലന്‍സ് എസ്പിയായിരുന്ന പി. ബിജോയിയെ ഇക്കാര്യങ്ങളൊന്നും അറിയിച്ചിരുന്നില്ല. പുതിയതായി എസ്പി പി. ബിജോയിയെക്കൂടി അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണന്‍ പോറ്റിയിൽനിന്നും സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്നുമെല്ലാം വിജിലന്‍സ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. സ്വര്‍ണപ്പാളി ഇളക്കിമാറ്റിയ സംഭവത്തില്‍ ദേവസ്വം ബോര്‍ഡിനും ഉത്തരവാദിത്വമുണ്ടെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ടിന് രഹസ്യസ്വഭാവം ഉള്ളതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തേക്ക് വരാനുള്ള സാധ്യതകള്‍ കുറവാണ്. വിജയ് മല്യ പൊതിഞ്ഞു നല്‍കിയ സ്വര്‍ണം എങ്ങനെ ചെമ്പായി എന്നാണ് പരിശോധിക്കുന്നത്. വിവാദമുണ്ടായ സാഹചര്യത്തില്‍ ശബരിമലയിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ കണക്കെടുക്കുന്നതിനായി നേരത്തെ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനായി അമിക്കസ്‌ക്യൂറി കെ.ടി. ശങ്കരന്‍ സന്നിധാനം സന്ദര്‍ശിക്കും. ഈ സമയത്ത് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യണമെന്ന് കൂടി ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
