Connect with us

Kerala

അരലക്ഷം രൂപ ശമ്പളം, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്ക് തൊഴില്‍വാര്‍ത്തയുടെ മാതൃകാപരീക്ഷ

Published

on

Share our post

സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്ന ഏതൊരാളും സ്വപ്‌നം കാണുന്ന സര്‍വീസുകളിലൊന്നാണ് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്. ഉയര്‍ന്ന ശമ്പളത്തിന് പുറമെ ജോലിയുടെ സ്വഭാവം കൊണ്ടും ഏറെ ആകര്‍ഷണീയമായ തസ്തിക കൂടിയാണിത്. നല്ല തയ്യാറെടുപ്പോടെ പഠനം നടത്തിയാല്‍ മികച്ച റാങ്ക് സ്വന്തമാക്കാനും സംസ്ഥാനത്തെ പ്രധാന അധികാരകേന്ദ്രത്തിന്റെ ഭാഗമാകാനും സാധിക്കും.പല സര്‍വീസുകളിലായി അവസരം.

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് എന്നാണ് തസ്തികയെങ്കിലും പല സര്‍വീസുകളിലായി അവസരം ലഭിക്കും. കേരള നിയമസഭാ സെക്രട്ടേറിയറ്റിലെ അസിസ്റ്റന്റ്, പബ്ലിക് സര്‍വീസ് കമ്മിഷനിലെ അസിസ്റ്റന്റ്, കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിലെ ഓഡിറ്റര്‍, അഡ്വക്കേറ്റ് ജനറല്‍ ഓഫീസിലെ അസിസ്റ്റന്റ് തുടങ്ങിയ പ്രധാന കാര്യാലയങ്ങളിലേക്കുള്ള നിയമനം നടക്കുന്നതും ഈ ലിസ്റ്റില്‍ നിന്നാണ്. ഇതിന് പുറമെ സെക്രട്ടേറിയറ്റ് സര്‍വീസിലെ ഏറ്റവും വ്യത്യസ്തമായ സര്‍വീസായ സംസ്ഥാന ഓഡിറ്റ് സര്‍വീസ്, വിജിലന്‍സ് ട്രിബ്യൂണല്‍, സ്‌പെഷ്യല്‍ ജഡ്ജ് ആന്‍ഡ് എന്‍ക്വയറി കമ്മിഷണര്‍ ഓഫീസ് എന്നിവിടങ്ങളിലേക്കും നിയമനം നടത്തുന്നത് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ലിസ്റ്റില്‍നിന്നുമാണ്. സെക്രട്ടേറിയറ്റ്, പി.എസ്‌.സി, സ്റ്റേറ്റ് ഓഡിറ്റ് എന്നിവിടങ്ങളിലാണ് സാധാരണമായി കൂടുതല്‍ നിയമനങ്ങള്‍ നടക്കുന്നത്.

അരലക്ഷം രൂപ ശമ്പളം

സെക്രട്ടേറിയറ്റ് അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിക്കുന്നയാള്‍ക്ക് തുടക്കത്തില്‍ തന്നെ 50,000 രൂപയ്ക്കുമേല്‍ ശമ്പളം ലഭിക്കും. മാത്രമല്ല മൂന്നുനാല് വര്‍ഷത്തിനുള്ളില്‍തന്നെ അടുത്ത പ്രമോഷന്‍ ലഭിക്കും-സീനിയര്‍ ഗ്രേഡ് അസിസ്റ്റന്റ്. ക്ലറിക്കല്‍ സര്‍വീസിലെ ജൂനിയര്‍ സൂപ്രണ്ടിന്റെ അതേ ശമ്പള സ്‌കെയിലാണ് ഈ തസ്തികയുടെത്. അസിസ്റ്റന്റായി സര്‍വീസില്‍ പ്രവേശിച്ച് 8 മുതല്‍ 10 വരെ വര്‍ഷത്തിനുള്ളില്‍ അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസറായി സ്ഥാനക്കയറ്റം ലഭിക്കും. ഹൈസ്‌കൂള്‍ ടീച്ചര്‍, എസ്‌ഐ തുടങ്ങിയ തസ്തികകളുടെതിന് സമാനമായ ശമ്പളമാണ് ഈ തസ്തികയില്‍ ലഭിക്കുക. അസിസ്റ്റന്റായി 10 മുതല്‍ 12 വരെ വര്‍ഷത്തിനുള്ളില്‍ സെക്ഷന്‍ ഓഫീസര്‍ പദവിയിലേക്ക് ഉയരാനാകും.

വകുപ്പുതല സ്ഥലംമാറ്റങ്ങളും സൗകര്യവും

സെക്രട്ടേറിയറ്റ് സര്‍വീസിലെ ഏത് വകുപ്പില്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്കും പരസ്പരം സമ്മതത്തോടെ വകുപ്പുമാറി തങ്ങള്‍ക്ക് താത്പര്യമുള്ള വകുപ്പിലെത്താന്‍ അവസരമുണ്ട്. കൂടാതെ അന്തര്‍വകുപ്പ് സ്ഥലംമാറ്റം എന്ന ഓപ്ഷനുമുണ്ട്. തെക്കന്‍ ജില്ലകള്‍ക്ക് പുറത്തുനിന്നുള്ളവര്‍ക്ക് സെക്രട്ടേറിയറ്റ് ജോലിക്ക് പലപ്പോഴും താത്പര്യക്കുറവുണ്ടാകാം. ഈ സാഹചര്യത്തില്‍ സെക്രട്ടേറിയറ്റില്‍ നിയമനം ലഭിക്കുന്ന പക്ഷം പിഎസ്‌സിയിലേക്കോ, സ്റ്റേറ്റ് ഓഡിറ്റിലേക്കോ മാറ്റം വാങ്ങി സ്വന്തം ജില്ലയിലെത്തി ജോലിനോക്കാം.

രണ്ട് ഘട്ട പരീക്ഷ

പ്രിലിമിനറി പരീക്ഷ, രണ്ട് പേപ്പറുകള്‍ അടങ്ങുന്ന മെയിന്‍ പരീക്ഷ, ഇന്റര്‍വ്യൂ എന്നിവ വിജയിക്കുന്നവരെയാണ് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് നിയമനത്തിന് പരിഗണിക്കുക. ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യരീതിയാണ് പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍.

നിലവില്‍ പിഎസ്‌സി നടത്തിവരുന്ന ബിരുദതല പ്രിലിമിനറി പരീക്ഷയുടെ ഭാഗമായിരിക്കും സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പ്രിലിമിനറി പരീക്ഷയും. ഇതിന്റെ സിലബസിലും മാറ്റം വരുത്തിയിട്ടില്ല. മെയിന്‍ പരീക്ഷ എഴുതുന്നതിന് യോഗ്യതയുള്ളവരെ തിരഞ്ഞെടുക്കുകയാണ് പ്രിലിമിനറി പരീക്ഷയുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ ഇതില്‍നേടുന്ന മാര്‍ക്ക് റാങ്ക് നിര്‍ണയത്തില്‍ പരിഗണിക്കില്ല. മെയിന്‍ പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയില്‍ നേടുന്ന മാര്‍ക്കുകളുടെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുക.

ഒരുമണിക്കൂര്‍ 30 മിനിറ്റുവീതം ദൈര്‍ഘ്യമുള്ള രണ്ട് ഒഎംആര്‍ പരീക്ഷകളാണ് സെക്രട്ടേറിയേറ്റ് അസിസ്റ്റന്റിന്റെ മെയിനിനുള്ളത്. ഇംഗ്ലീഷിനുപുറമേ മലയാളം, തമിഴ്, കന്നഡ ഭാഷകളിലും ചോദ്യപ്പേപ്പറുകള്‍ ലഭിക്കും. ഓരോ പേപ്പറിനും 100 മാര്‍ക്ക് വീതം എന്നരീതിയില്‍ ആകെ 200 മാര്‍ക്കിനാണ് മെയിന്‍ പരീക്ഷ നടത്തുന്നത്. പൊതുവിജ്ഞാനം, കണക്ക്/മെന്റല്‍ എബിലിറ്റി, ജനറല്‍ ഇംഗ്ലീഷ്, പ്രാദേശികഭാഷ എന്നിവയില്‍നിന്നുള്ള ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് മെയിന്‍ പരീക്ഷയുടെ പേപ്പര്‍ 1. സ്‌പെഷ്യലൈസ്ഡ് ആയ വിവിധ മേഖലകളെ ഉള്‍ക്കൊള്ളുന്നതാണ് പേപ്പര്‍ 2. റാങ്ക് നിര്‍ണയത്തില്‍ ഇന്റര്‍വ്യൂവിന്റെ മാര്‍ക്ക് നിര്‍ണായകമാണ്. കൃത്യമായ തയ്യാറെടുപ്പോടെ ഇന്റര്‍വ്യൂവിനെ നേരിട്ടാല്‍ വിജയം ഉറപ്പാണ്.

പരീക്ഷയ്ക്ക് എങ്ങനെ ഒരുങ്ങാം?

പൊതുഭരണം, മാനേജ്മെന്റ് വിഷയങ്ങളില്‍ പ്രസ്തുത വിഷയങ്ങളുടെ ബിരുദതലത്തിലെ പാഠപുസ്തകങ്ങളില്‍നിന്ന് വിശദാംശങ്ങള്‍ ശേഖരിച്ച് പരീക്ഷയ്‌ക്കൊരുങ്ങുന്നതാണ് ഉചിതം. ഭരണഘടനയുമായി ബന്ധപ്പെട്ട് നിരവധി ആധികാരികഗ്രന്ഥങ്ങള്‍ ലഭ്യമാണ്. കേരളമാതൃക വികസനം, കേരള ഇക്കോണമി വിഷയങ്ങളിലെ ഏറ്റവും പ്രധാന പഠന/ഗവേഷണ സ്ഥാപനം തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് (സിഡിഎസ്.) ആണ്. സ്ഥാപനത്തിന്റെ വെബ്സൈറ്റ് പരിശോധിച്ചാല്‍ നിരവധി പ്രസിദ്ധീകരണങ്ങളുടെയും അനുബന്ധവിവരങ്ങളുടെയും വിശദാംശങ്ങള്‍ ലഭിക്കും. കൂടാതെ, സംസ്ഥാന ആസൂത്രണ കമ്മിഷന്റെ പ്രസിദ്ധീകരണങ്ങള്‍-പ്രത്യേകിച്ച്, ഇക്കണോമിക് സര്‍വേ റഫര്‍ ചെയ്യേണ്ടതുണ്ട്. പരിസ്ഥിതി, ദുരന്തനിവാരണം എന്നീ വിഷയങ്ങള്‍ക്ക് കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, ദുരന്തനിവാരണ അതോറിറ്റി, ജൈവവൈവിധ്യ ബോര്‍ഡ് എന്നിവയുടെ വെബ്സൈറ്റുകള്‍ പഠനവിധേയമാക്കുന്നത് ഗുണം ചെയ്യും.

മികച്ച റാങ്കിന് മാതൃകാപരീക്ഷയായാലോ?

മേയ് 24-ന് തുടങ്ങുന്ന സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്കുള്ള അവസാനവട്ട ഒരുക്കത്തിലായിരിക്കും ഉദ്യോഗാര്‍ഥികള്‍. പഠനനിലവാരം സ്വയം വിലയിരുത്താനും വേണ്ട മാറ്റങ്ങള്‍ വരുത്താനും ഒരു മാതൃകപരീക്ഷയായാലോ? പിഎസ്‌സി നടത്തുന്ന അതേ മാതൃകയില്‍ പരീക്ഷ എഴുതി മികച്ച റാങ്ക് നേട്ടത്തിന് അവസരമൊരുക്കുകയാണ് മാതൃഭൂമി തൊഴില്‍വാര്‍ത്ത. മേയ് 4-ന് കേരളത്തിലെ എല്ലാ ജില്ലകളിലെയും വിവിധ കേന്ദ്രങ്ങളിലായി മാതൃകാ പരീക്ഷ നടക്കും. ഒഎംആര്‍ രീതിയിലാണ് പരീക്ഷ. പിഎസ്സി ബിരുദതല പ്രാഥമികപരീക്ഷയുടെ സിലബസ് അനുസരിച്ച് നടത്തുന്ന പരീക്ഷയില്‍ 100 ഒബ്ജക്ടീവ് ചോദ്യങ്ങളാണുണ്ടാവുക. 75 മിനിറ്റുകൊണ്ട് ഉത്തരം കണ്ടെത്തി ഒഎംആര്‍ഷീറ്റിലെ ബബിളുകള്‍ കറുപ്പിക്കണം. തെറ്റായ ഉത്തരത്തിന് മൂന്നിലൊന്ന് മാര്‍ക്ക് കുറയ്ക്കും. രാവിലെ 10 മണിമുതലാണ് പരീക്ഷ.

വിദഗ്ധര്‍ തയ്യാറാക്കുന്ന ചോദ്യങ്ങള്‍

പിഎസ്‌സി പരീക്ഷയുടെ അതേ മാതൃകയില്‍ വിദഗ്ധര്‍ തയ്യാറാക്കിയ ചോദ്യങ്ങളാണ് മാതൃകാപരീക്ഷയുടെ മുഖ്യ ആകര്‍ഷണം. ചോദ്യങ്ങളുമായി പരിചയപ്പെടാന്‍ സാധിക്കുന്നത് പരീക്ഷയുടെ രീതിയും ചോദ്യശൈലിയും മനസ്സിലാക്കാന്‍ സഹായകമാകും.

ആഴത്തിലുള്ള പഠനത്തിനൊപ്പം മാതൃകാപരീക്ഷകള്‍ നിരന്തരം പരിശീലിക്കുന്നത് മികച്ച റാങ്കിലേയ്ക്ക് നയിക്കും. ഒരു വിഷയത്തില്‍ എത്രമാത്രം അറിവുണ്ടെന്ന് മനസ്സിലാക്കാനും പഠനരീതിയില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്താനും ഇത് സഹായിക്കും. പിഎസ്‌സി ചോദ്യശൈലിയില്‍ മാറ്റം വന്നതിനാല്‍ പരീക്ഷാഹാളില്‍ സമയപ്രശ്‌നം എല്ലാ ഉദ്യോഗാര്‍ഥികളും നേരിടുന്ന പ്രതിസന്ധിയാണ്. ചോദ്യങ്ങള്‍ മനസ്സിലാക്കിയെടുക്കുന്നതിന് സമയം വേണ്ടിവരാറുണ്ട്. ഈ പ്രശ്‌നം പരിഹരിക്കുന്നതിനും മാതൃകാപരീക്ഷകളെ ആശ്രയിക്കുന്നതായിരിക്കും ഉചിതം. പരീക്ഷ നിശ്ചിത സമയത്തിനുള്ളില്‍ എഴുതി തീര്‍ക്കാന്‍ ഇത്തരം പരീക്ഷകളാണ് സഹായിക്കുക.

ഉദ്യാഗാര്‍ഥികള്‍ ചെയ്യേണ്ടത്

തൊഴില്‍വാര്‍ത്ത നടത്തുന്ന മാതൃകാ പരീക്ഷയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. 250 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. https://mbiurl.in/m5wnx എന്ന വെബ്സൈറ്റ് ലിങ്കിലൂടെ ഫീസടച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവര്‍ക്കും ആറുമാസത്തെ ജികെ ആന്‍ഡ് കറന്റ് അഫയേഴ്സ് മാസിക അല്ലെങ്കില്‍ നാലുമാസത്തെ മാതൃഭൂമി തൊഴില്‍വാര്‍ത്ത സൗജന്യമായി ലഭിക്കും. കൂടാതെ ഓണ്‍ലൈന്‍ ടെസ്റ്റുകളും സൗജന്യമായി പ്രാക്ടീസ് ചെയ്യാം.


Share our post

Kerala

ശ്രദ്ധിച്ചില്ലെങ്കിൽ പെട്ടെന്ന് പടരും, ലക്ഷണങ്ങൾ മാറിയാലും പകർച്ചാസാധ്യത; കോളറയ്‌ക്കെതിരെ ജാഗ്രത

Published

on

Share our post

തിരുവനന്തപുരം: മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും കോളറ പകരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. വേനൽക്കാലമായതിനാൽ പ്രത്യേകം ശ്രദ്ധിക്കണം. കോളറ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ ചികിത്സ തേടണം. വയറിളക്കം, ഛർദ്ദി, പേശിവേദന, നിർജ്ജലീകരണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, പഴകിയ ഭക്ഷണം ഒഴിവാക്കുക, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക, വ്യക്തിശുചിത്വം പാലിക്കുക എന്നിവയിലൂടെ രോഗം പകരാതെ സൂക്ഷിക്കാം. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

തിരുവനന്തപുരത്ത് മരണമടഞ്ഞ ഒരാൾക്ക് കോളറ സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നു. ചികിത്സിച്ച ആശുപത്രിയിലെ ജീവനക്കാർക്കോ ബന്ധുക്കൾക്കോ രോഗ ലക്ഷണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അവർക്കെല്ലാവർക്കും പ്രതിരോധ മരുന്നുകൾ നൽകിയിട്ടുണ്ട്.

കോളറ വളരെ ശ്രദ്ധിക്കണം

വിബ്രിയോ കോളറ എന്നയിനം ബാക്ടീരിയ വഴിയുണ്ടാകുന്ന ഒരിനം വയറിളക്ക രോഗമാണ് കോളറ. ശ്രദ്ധിച്ചില്ലെങ്കിൽ ഈ രോഗം പെട്ടെന്ന് പടരും. രോഗ ലക്ഷണങ്ങൾ മാറിയാലും ഏതാനും ദിവസങ്ങൾ കൂടി രോഗിയിൽനിന്ന് രോഗം പകരാനുള്ള സാധ്യതയുണ്ട്.

രോഗപകർച്ച

സാധാരണയായി മലിനമായ വെള്ളവും ഭക്ഷണവും വഴിയാണ് കോളറ പടരുന്നത്. രോഗാണുക്കൾ ശരീരത്തിലെത്തി ഏതാനും മണിക്കൂറുകൾ മുതൽ 5 ദിവസത്തിനുള്ളിൽ രോഗം വരാവുന്നതാണ്.

രോഗലക്ഷണങ്ങൾ

പെട്ടെന്നുള്ള കഠിനമായതും വയറുവേദനയില്ലാത്തതും വെള്ളം പോലെയുള്ള (പലപ്പോഴും കഞ്ഞിവെള്ളം പോലെയുള്ള) വയറിളക്കമാണ് കോളറയുടെ രോഗ ലക്ഷണം. മിക്കപ്പോഴും ഛർദ്ദിയുമുണ്ടായിരിക്കും. ഇതേതുടർന്ന് രോഗി പെട്ടെന്ന് തന്നെ നിർജ്ജലീകരണത്തിലേക്കും തളർന്ന് കുഴഞ്ഞ അവസ്ഥയിലേക്കും എത്താം. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ പെട്ടെന്ന് രോഗം ഗുരുതരമാകും.

ശ്രദ്ധിക്കുക

രോഗം ഗുരുതരവും മരണകാരണവുമാകുന്നത് നിർജ്ജലീകരണം കൊണ്ടാണ്. ആയതിനാൽ അടിസ്ഥാനപരമായി മറ്റേതൊരു വയറിളക്ക രോഗചികിത്സയെയും പോലെ തന്നെയാണ് കോളറ ചികിത്സയും. ആരംഭം മുതൽ ഒ.ആർ.എസ്. ലായനി ഉപയോഗിച്ചുളള പാനീയ ചികിത്സയിലൂടെ ഗുരുതരാവസ്ഥ കുറയ്ക്കാനും മരണം ഒഴിവാക്കാനും സാധിക്കും.

കോളറ പ്രതിരോധം

തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
ഭക്ഷണവും വെള്ളവും തുറന്ന് വയ്ക്കരുത്
ഭക്ഷ്യവസ്തുക്കൾ നന്നായി വേവിച്ച് മാത്രം കഴിക്കുക
ഭക്ഷണം പാകം ചെയ്യുന്നതിന് മുമ്പും ശേഷവും കൈകൾ നന്നായി കഴുകുക.
പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ നന്നായി കഴുകി മാത്രം ഉപയോഗിക്കുക
മലമൂത്ര വിസർജനത്തിന് ശേഷവും ആഹാരം കഴിക്കുന്നതിന് മുമ്പും സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക
പരിസരം ശുചിയായി സൂക്ഷിക്കുക.
വയറിളക്കമോ ഛർദിലോ ഉണ്ടായാൽ ധാരാളം വെള്ളം കുടിയ്ക്കുക
ഒ.ആർ.എസ്. പാനീയം ഏറെ നല്ലത്
എത്രയും വേഗം ചികിത്സ തേടുക.


Share our post
Continue Reading

Kerala

വിഖ്യാത സംവിധായകന്‍ ഷാജി എന്‍.കരുണ്‍ അന്തരിച്ചു

Published

on

Share our post

തിരുവനന്തപുരം: വിഖ്യാത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍. കരുണ്‍ (73) അന്തരിച്ചു. ഏറെ നാളായി അര്‍ബുദരോഗവുമായി മല്ലിടുകയായിരുന്നു. വൈകീട്ട് അഞ്ചുമണിയോടെ വഴുതക്കാട് ഉദാരശിരോമണി റോഡിലെ വസതിയായ ‘പിറവി’യിലായിരുന്നു അന്ത്യം. നിലവില്‍ കെ.എസ്.എഫ്.ഡി.സി ചെയര്‍മാനായി പ്രവര്‍ത്തിക്കുകയായിരുന്നു.

മലയാള സിനിമയെ ദേശീയ- അന്തര്‍ദേശീയ തലങ്ങളില്‍ അടയാളപ്പെടുത്തിയ പ്രതിഭയെയാണ് നഷ്ടമായത്. ഛായാഗ്രാഹകനായി മലയാള സിനിമയില്‍ അരങ്ങേറിയ അദ്ദേഹം 40-ഓളം ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചു. സംവിധായകനെന്ന നിലയില്‍ ‘പിറവി’യാണ് ആദ്യ ചിത്രം. ‘പിറവി’യ്ക്ക് 1989-ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ക്യാമറ പ്രത്യേക പരാമര്‍ശം ലഭിച്ചു. രണ്ടാമത്തെ ചിത്രമായ ‘സ്വം’ കാന്‍ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏകമലയാള ചിത്രമാണ്. കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷസ്ഥാനവും ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള (ഐഎഫ്എഫ്‌കെ)യുടെ അധ്യക്ഷസ്ഥാനവും വഹിച്ചിട്ടുണ്ട്. 2011-ല്‍ പത്മശ്രീ അവാര്‍ഡിന് അര്‍ഹനായി. മലയാള ചലച്ചിത്രരം​ഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2023-ലെ ജെ.സി.ഡാനിയേൽ പുരസ്കാരം ലഭിച്ചിരുന്നു.

1952-ല്‍ കൊല്ലം ജില്ലയില്‍ ജനിച്ച ഷാജി എന്‍. കരുണ്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് ബിരുദവും 1974-ല്‍ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഛായാഗ്രഹണത്തില്‍ ഡിപ്ലോമയും നേടി. 1975-ല്‍ കേരള സംസ്ഥാന ചലച്ചിത്ര വികസനകോര്‍പ്പറേഷന്റെ രൂപവത്കരണത്തില്‍ മുഖ്യപങ്കു വഹിച്ചു. 1976-ല്‍ കെ.എസ്.എഫ്.ഡി.സിയില്‍ ഫിലിം ഓഫീസര്‍ ആയി ചുമതലയേറ്റു. കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാന്‍, പോക്കുവെയില്‍, ചിദംബരം, ഒരിടത്ത് തുടങ്ങിയ അരവിന്ദന്‍ ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വഹിച്ച അദ്ദേഹം മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാര്‍ഡും മൂന്ന് സംസ്ഥാന അവാര്‍ഡുകളും നേടിയിട്ടുണ്ട്.

1988-ല്‍ സംവിധാനം ചെയ്ത ‘പിറവി’യാണ് ആദ്യ സംവിധാന സംരംഭം. പിറവി, സ്വം, വാനപ്രസ്ഥം എന്നീ ചിത്രങ്ങളിലൂടെ, കാന്‍മേളയുടെ ഔദ്യോഗിക വിഭാഗത്തില്‍ തുടര്‍ച്ചയായ മൂന്നു ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെടുന്ന ലോകസിനിമയിലെ അപൂര്‍വം സംവിധായകരിലൊരാളായി. കുട്ടിസ്രാങ്ക്, സ്വപാനം, നിഷാദ്, ഓള് എന്നിവയാണ് ശ്രദ്ധേയമായ മറ്റ് സിനിമകള്‍. ഏഴ് ദേശീയ പുരസ്‌കാരങ്ങളും ഏഴ് സംസ്ഥാന പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. കലാസാംസ്‌കാരിക രംഗത്തെ സംഭാവനയ്ക്കുള്ള ഫ്രഞ്ച് സര്‍ക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ ‘ദ ഓര്‍ഡര്‍ ഓഫ് ആര്‍ട്സ് ആന്റ് ലെറ്റേഴ്സ്’, പത്മശ്രീ ബഹുമതികളും ലഭിച്ചിട്ടുണ്ട്.

1998-ല്‍ രൂപം കൊണ്ട കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയര്‍മാന്‍ ആയിരുന്നു. അദ്ദേഹം ചെയര്‍മാനായിരുന്ന കാലത്താണ് ഐ.എഫ്.എഫ്.കെയില്‍ മത്സരവിഭാഗം ആരംഭിച്ചതും മേളയ്ക്ക് ‘ഫിയാഫി’ന്റെ അംഗീകാരം ലഭിച്ചതും.


Share our post
Continue Reading

Kerala

ലഹരി ഉപയോഗിച്ചെന്ന് റാപ്പർ വേടൻ സമ്മതിച്ചു, ഫ്ലാറ്റിൽ നിന്ന് 9.5 ലക്ഷം രൂപയും കണ്ടെടുത്തു, പിടിയിലായത് ഒൻപത് പേർ

Published

on

Share our post

കൊച്ചി: ലഹരി ഉപയോഗിച്ചെന്ന് റാപ്പര്‍ വേടൻ സമ്മതിച്ചതായി തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ്. വേടന്‍റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിലെ മേശപ്പുറത്ത് നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തതെന്നും ആരുടെയും കയ്യിൽ നിന്നല്ല പിടികൂടിയതെന്നും ഹിൽപാലസ് സിഐ മാധ്യമങ്ങളോട് പറഞ്ഞു. ഫ്ലാറ്റിൽ നിന്ന് ആറ് ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. വേടനും മറ്റു സംഘാംഗങ്ങളും ലഹരി ഉപയോഗിച്ചതായി സമ്മതിച്ചിട്ടുണ്ട്.

ഇവരുടെ വൈദ്യപരിശോധനയടക്കം നടത്തും. ഫ്ലാറ്റിൽ നിന്ന് 9.5 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്. മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. പരിപാടി ബുക്ക് ചെയ്തതിന് ലഭിച്ച തുകയാണെന്നും സംഘാംഗങ്ങള്‍ക്ക് നൽകാനുള്ളതാണെന്നുമാണ് വേടൻ പറഞ്ഞതെന്നും എന്നാൽ, ഇത്രയധികം പണം കണ്ടെത്തിയത് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. വേടനും റാപ്പ് ടീമിലെ സംഘാംഗങ്ങളും പരിശീലിക്കാൻ ഒത്തുകൂടുന്ന ഫ്ലാറ്റാണിത്.

രാവിലെ പൊലീസ് എത്തുമ്പോള്‍ ഒമ്പതുപേരും മുറിയിൽ വിശ്രമിക്കുകയായിരുന്നു. കുറച്ചു ദിവസമായി വേടനും സംഘവും നിരീക്ഷണത്തിലായിരുന്നു. പിടിയിലായവരെല്ലാം വേടന്‍റെ റാപ്പ് ടീമിൽ ഉള്‍പ്പെട്ടവരാണ്. വേടൻ അടക്കമുള്ള എല്ലാവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. വൈദ്യ പരിശോധന നടത്തിയശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. കഞ്ചാവ് എവിടെ നിന്നാണ് ലഭിച്ചതെന്ന കാര്യമടക്കം ഇപ്പോള്‍ പറയാനാകില്ലെന്നും സിഐ വ്യക്തമാക്കി.


Share our post
Continue Reading

Trending

error: Content is protected !!