മാഹിയില്‍ കന്നാസില്‍ ഇന്ധനം നല്‍കുന്നതിന് നിരോധനം

Share our post

മാഹി: മാഹിയുള്‍പ്പെടെ പുതുച്ചേരി സംസ്ഥാനത്ത് ഏപ്രില്‍ 19ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മേഖലയിലെ പെട്രോള്‍ പമ്പുകളില്‍ നിന്ന് കന്നാസുകളിലും കുപ്പിയിലും ഉപഭോക്താക്കള്‍ക്ക് ഇന്ധനം നല്‍കുന്നതില്‍ വിലക്ക് ഏർപ്പെടുത്തി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ.

സുരക്ഷയുടെ ഭാഗമായാണിത്. ഇതുകാരണം കാർഷിക ആവശ്യത്തിന് മോട്ടോർ പ്രവർത്തിപ്പിക്കുവാനും കാട് വെട്ട് തൊഴിലാളികള്‍ക്കും കന്നാസില്‍ വിലക്കുറവില്‍ പെട്രോള്‍ കിട്ടാതായി.

നിരവധി പേർ മാഹിയിലെ പമ്പുകളില്‍ കന്നാസുമായി എത്തുന്നുണ്ടെങ്കിലും ഇന്ധനം നല്‍കുന്നില്ല. ഇത്തരം ഉപഭോക്താക്കള്‍ തലശ്ശേരി, പാനൂർ പട്ടണത്തിലേക്ക് കന്നാസുമായി ബസില്‍ കയറി ലിറ്ററിന് 13 രൂപ അധികം കൊടുത്ത് ഇന്ധനം വാങ്ങുകയാണ്.

പെട്രോള്‍ പബിലേക്ക് കാട് വെട്ട് തൊഴിലാളി തന്റെ യന്ത്രവുമായി നേരിട്ടെത്തി ടാങ്കില്‍ പെട്രോള്‍ നിറച്ച്‌ യന്ത്രം ചുമന്ന് കൊണ്ടുപോയത് കൗതുകമായി.

മാഹി മേഖലയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടൻ അതിർത്തി പ്രദേശങ്ങളില്‍ താല്‍ക്കാലിക ചെക്ക് പോസ്റ്റ് സ്ഥാപിച്ച്‌ വാഹന പരിശോധന കർശനമാക്കിയിട്ടുണ്ട്. മാഹി ടൗണില്‍ പൂഴിത്തല, മാഹിപ്പാലം, പള്ളൂരില്‍ ചൊക്ലി, പാറാല്‍, പന്തക്കലില്‍ കോപ്പാലം, മാക്കുനി എന്നിവിടങ്ങളിലാണ് താല്‍ക്കാലിക ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്. കേന്ദ്രസേനയും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!