ഉത്തരമലബാറിലെ യാത്രക്കാർക്ക് ആശ്വാസം പ്രതീക്ഷയുടെ പാളത്തിൽ
കണ്ണൂർ: അറവുമാടുകളെപ്പോലെ യാത്ര നടത്തിയിരുന്ന വടക്കേ മലബാറുകാർക്ക് പ്രതീക്ഷയുടെ പച്ചക്കൊടിയുമായി ഇന്ത്യൻ റെയിൽവേ. ബംഗളൂരു – കണ്ണൂർ എക്സ്പ്രസ് കോഴിക്കോടേക്ക് നീട്ടുന്നതിനു പിറകെ ഗോവ – മംഗളൂരു വന്ദേഭാരതും കോഴിക്കോട്ടേക്ക് നീട്ടും.
രാത്രി 9.35ന് ബംഗളൂരുവിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12.40ന് കോഴിക്കോട് എത്തും. 10.55ന് ട്രെയിൻ കണ്ണൂരിൽ എത്തും. കാസർകോട് ജില്ലയിൽ കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്. വരുമാനത്തിൽ മുന്നിൽ നിൽക്കുന്ന ചെറുവത്തൂരിൽ കൂടി സ്റ്റോപ്പ് വേണമെന്ന ആവശ്യം ശക്തമാണ്. കണ്ണൂർ ജില്ലയിൽ പയ്യന്നൂരിലും കണ്ണൂരിലുമാണ് സ്റ്റോപ്പ്.
വണ്ടി കോഴിക്കോട്ടേക്ക് നീട്ടുന്നതിന്റെ ഭാഗമായി തലശ്ശേരിയിൽ കൂടി സ്റ്റോപ്പ് അനുവദിക്കുന്നതോടെ വ്യാപാരികളടക്കമുള്ള യാത്രക്കാർക്ക് ഗുണകരമാകും. ട്രെയിൻ കോഴിക്കോടു നിന്ന് ഉച്ചതിരിഞ്ഞ് 3.30ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.35ന് ബംഗളൂരുവിൽ എത്തും.
ഗോവ – മംഗളൂരു വന്ദേഭാരത് ട്രെയിൽ കോഴിക്കോട്ടേക്കു നീട്ടുന്ന കാര്യത്തിലും റെയിൽവേക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുകയാണ്. ഈ ട്രെയിനിന്റെ സമയക്രമവും സ്റ്റോപ്പുകളും ഉടൻ നിശ്ചയിക്കും. ട്രെയിനുകൾ നീട്ടാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നതായി നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ റഷീദ് കവ്വായി പറഞ്ഞു.
കോച്ചുകൾ കൂടും
തമിഴ്നാട്ടിലെ നാഗർ കോവിൽ റെയിൽവേ സ്റ്റേഷനിലെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ പരശുറാം, ഏറനാട് എക്സ്പ്രസ് ട്രെയിനുകളിൽ രണ്ട് കോച്ചുകൾ കൂട്ടും. നാഗർ കോവിലിൽ പ്ലാറ്റ്ഫോം നീളം ഇല്ലാത്തതാണ് ട്രെയിനുകളുടെ കോച്ചുകളുടെ എണ്ണം കുറയ്ക്കാനിടയാക്കിയത്. തിരുച്ചെന്തൂർ-തിരുനെൽവേലി-നാഗർകോവിൽ പാതയിരട്ടിപ്പിക്കൽ പദ്ധതിയുടെ ഭാഗമായാണ് രണ്ടു പുതിയ പ്ലാറ്റ് ഫോമുകൾ കൂടി നാഗർകോവിലിൽ പൂർത്തിയാകുന്നത്.
മണിക്കൂറുകളുടെ കാത്തിരിപ്പിന് അവസാനം
കോഴിക്കോട്ടേക്ക് രാവിലെ 9.35ന് ഏറനാട് എക്സ്പ്രസ് പോയാൽ കണ്ണൂരിൽ നിന്നു കോഴിക്കോടേക്കു പോകാൻ സാധാരണ യാത്രക്കാർ ആശ്രയിച്ചിരുന്ന ട്രെയിൻ 11.55നുള്ള മംഗളൂരു – കോയമ്പത്തൂർ എക്സ്പ്രസ് സ്പെഷലായിരുന്നു. ഇതിനിടയിൽ 11ന് ട്രെയിൻ ലഭിക്കുന്നത് കണ്ണൂരിൽ നിന്നു കോഴിക്കോട് ഭാഗത്തേക്കുള്ള യാത്രക്കാർക്ക് നേട്ടമാവും.
കണ്ണൂരിലേക്ക് പകൽ 2.45ന് കോഴിക്കോട് നിന്ന് ചെന്നൈ – മംഗളൂരു ട്രെയിൻ വിട്ടാൽ പിന്നീട് വൈകിട്ട് 5നുള്ള പരശുറാം എക്സ്പ്രസ് മാത്രമായിരുന്നു ആശ്രയം. 3.30ന് ട്രെയിൻ വരുന്നത് പരശുറാമിലെ തിരക്കിനും ആശ്വാസമാകും. ഗോവ – മംഗളൂരു വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടുന്നതോടെ മൂകാംബികാക്ഷേത്രത്തിലേക്ക് പോകേണ്ട ഉത്തരമലബാറിൽനിന്നുള്ള തീർത്ഥാടകർക്കും ഗോവയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കുന്നവർക്കും സൗകര്യമാകും.
