ക്രിസ്മസ്- ന്യൂ ഇയര്‍ ബജറ്റ് ഫ്രണ്ട്ലി പാക്കേജുമായി കെ.എസ്.ആര്.ടി.സി
നിരവധി വിനോദയാത്രകള്‍ നടത്തി വിജയകരമായ മൂന്നാം വര്‍ഷത്തിലേക്ക് കുതിക്കുകയാണ് കോഴിക്കോട് കെ.എസ്.ആര്.ടി.സി ബജറ്റ് ടൂറിസം സെല്‍. കോഴിക്കോടിനകത്തും പുറത്തുമായി നിരവധി യാത്രകള്‍ സംഘടിപ്പിച്ചിട്ടുള്ള ബജറ്റ് ടൂറിസം സെല്‍ ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി രണ്ട് കിടിലന്‍ പാക്കേജുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കുമളി, തേനി മുന്തിരിതോട്ടം, രാമക്കല്‍മേട് വാഗമണ്‍ എന്നീ സ്ഥലങ്ങളിലേക്കുള്ള യാത്ര ഡിസംബര്‍ 22 ന് രാത്രി എട്ട് മണിക്ക് കോഴിക്കോട് യൂണിറ്റില്‍ നിന്നും പുറപ്പെടും. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, താമസ സൗകര്യം (ഫാമിലി റൂം) എന്നിവ ഉള്‍പ്പെടെയുള്ള പാക്കേജില്‍ ഒരാള്‍ക്ക് 4430 രൂപയാണ് ചാര്‍ജ്.
പുതുവത്സരാഘോഷത്തിന്റെ ഭാഗമായി വയനാട് യാത്ര ഡിസംബര്‍ 31 ന് രാവിലെ ആറ് മണിക്ക് കോഴിക്കോട് കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെടും. എന്‍ ഊര്, സൂചിപ്പാറ വെള്ളച്ചാട്ടം, 900 കണ്ടി എന്നീ സ്ഥലങ്ങള്‍ കണ്ടതിന് ശേഷം കല്‍പ്പറ്റയിലാണ് താമസം. രണ്ടാം ദിനത്തില്‍ ജൈന മത ക്ഷേത്രം, കുറുവാ ദ്വീപ്, ബാണാസുര സാഗര്‍ ഡാം എന്നിവ സന്ദര്‍ശിച്ച ശേഷം ജനുവരി ഒന്നിന് രാത്രി 10 മണിക്ക് തിരിച്ചെത്തും.
യാത്രയുടെ ആദ്യദിവസം വെല്‍ക്കം ഡ്രിങ്ക്, ഡിന്നര്‍ എന്നിവയും രണ്ടാം ദിനത്തില്‍ പ്രഭാത ഭക്ഷണം, ചായ എന്നിവയും നല്‍കും. പാക്കേജിന് ഒരാള്‍ക്ക് 3100 രൂപയാണ് നിരക്ക്. വിശദ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും വിളിക്കുക: 9544477954, 9961761708.
