യുവജനങ്ങൾക്ക് ഉണർവേകും സ്റ്റാർട്ടപ്പുകൾക്ക് പത്ത് ലക്ഷം ധനസഹായം

Share our post

ഉല്‍പ്പാദന മേഖലയിലെ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപം ആകർഷിക്കുന്നതിനും സർക്കാർ പുതിയ പദ്ധതി ആവിഷ്കരിക്കുന്നു. നിലവിൽ മിക്കവാറും എല്ലാ സ്റ്റാർട്ടപ്പും ഐ.ടി മേഖലയിലാണുള്ളത്. ഉല്‍പ്പാദന മേഖലയിലെ എം.എസ്.എം.ഇ.കൾ നൂതന ഉല്‍പ്പന്നങ്ങൾ വികസിപ്പിക്കുന്നതിനാണ് വ്യവസായ വകുപ്പ് പുതിയ സ്റ്റാർട്ടപ്പ് പദ്ധതി ആവിഷ്‌കരിച്ചത്. യുവജനങ്ങളിലെയും വിദ്യാർഥികളിലെയും നൂതന ആശയങ്ങൾ വ്യാവസായിക ഉല്‍പ്പന്നങ്ങളാക്കി വിപണിയിൽ എത്തിക്കുന്നതുവരെ വിവിധ ഘട്ടങ്ങൾക്കാണ് ധനസഹായം. പ്രോജക്ട് കോസ്റ്റിന്റെ 75ശതമാനം പരമാവധി പത്ത് ലക്ഷം രൂപവരെ ഗ്രാന്റായി നൽകും. ജില്ലാതല അവലോകന കമ്മിറ്റി പ്രോജക്ടിലെ വിവിധ ഘടകങ്ങളെ വിലയിരുത്തുകയും സാമ്പത്തിക സഹായത്തിനുള്ള അർഹത തീരുമാനിക്കുകയും ചെയ്യും.

മൂന്നുഘട്ടങ്ങളിലായാണ് സാമ്പത്തിക സഹായം നൽകുന്നത്. ഒന്നാംഘട്ടത്തിൽ അർഹമായ ആകെ ഗ്രാന്റിന്റെ 30ശതമാനം തുക ആശയം വികസിപ്പിക്കുന്നതിനു നൽകും. രണ്ടാംഘട്ടത്തിൽ ഗ്രാന്റിന്റെ 50ശതമാനം തുക ഉല്‍പ്പന്നത്തിന്റെ മാതൃക ഉണ്ടാക്കുന്നതിനാണ്‌. മൂന്നാംഘട്ടത്തിൽ ഗ്രാന്റിന്റെ 20ശതമാനം തുക വാണിജ്യാടിസ്ഥാനത്തിൽ ഉല്‍പ്പാദനം ആരംഭിക്കുമ്പോൾ അനുവദിക്കും. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഗവേഷണ സ്ഥാപനങ്ങളിലും കണ്ടുപിടിക്കുന്ന നൂതന ആശയങ്ങൾ പലതും മാർക്കറ്റുകളിൽ എത്തുന്നില്ല. അത്തരം കണ്ടുപിടിത്തങ്ങൾക്ക് കൈത്താങ്ങ് നൽകി വിപണന സാധ്യതയുള്ള ഉൽപ്പന്നങ്ങളാക്കുവാൻ യുവതലമുറയ്ക്ക് കരുത്ത് നൽകുന്ന പദ്ധതിയാണിത്. സാമ്പത്തിക ലഭ്യതക്കുറവ് മൂലം ഒരു ഉൽപ്പന്ന ആശയവും വിസ്‌മൃതിയിൽ ആകാതിരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. പുതിയ ആശയങ്ങളുടെ ഉറവിടങ്ങളായ യുവ ഗവേഷകരെ പ്രോത്സാഹിപ്പിക്കുന്ന ഈ പദ്ധതി എന്‍ജിനിയറിങ്, ഭക്ഷ്യസംസ്കരണം, പാക്കിങ്, ഓട്ടോമേഷൻ തുടങ്ങി എല്ലാ മേഖലയിലുമുള്ള പുതു കണ്ടുപിടിത്തങ്ങൾക്കും കരുത്തേകും. ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നൂറോളം വരുന്ന സംരഭകത്വ വികസന ക്ലബ്ബുകൾ വഴിയാണ് വ്യവസായ വകുപ്പ് വിപുലമായ പ്രചാരണ പരിപാടി നടത്തുന്നത്. അപേക്ഷയും അനുബന്ധ രേഖകളും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർക്കാണ് സമർപ്പിക്കേണ്ടത്. ഫോൺ: 0474-2748395, e-mail : dickollam@gmail.com.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!