നാല്,അഞ്ച് പ്ലാറ്റ്ഫോം പദ്ധതിക്ക് 47 കോടി രൂപ

Share our post

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നാല്, അഞ്ച് പ്ലാറ്റ്ഫോം, 24 കോച്ചുള്ള വണ്ടി നിർത്തിയിടാനുള്ള സ്റ്റേബിൾ ലൈൻ ഉൾപ്പെടെ യാർഡ്‌ പുനർ രൂപകല്പനയ്ക്ക് 47 കോടി രൂപയുടെ അനുമതി. പദ്ധതിയുടെ അടങ്കൽ തയ്യാറാക്കി പ്രവൃത്തി ഉടൻ കരാർ നല്കും.

കണ്ണൂർ സൗത്ത്, പഴയങ്ങാടി, താനൂർ, മാമന്നൂർ സ്റ്റേഷനുകളിൽ വണ്ടി നിർത്തിയിടാനുള്ള ലൂപ്പ് ലൈനുകൾ നിർമിക്കും. രണ്ട് മെയിൻ ലൈൻ കൂടാതെയുള്ള അധിക ലൂപ്പ് ലൈൻ ആണ് വരുന്നത്. കണ്ണൂർ സൗത്തിൽ 11 കോടി രൂപയുടെ പദ്ധതിക്കാണ് അനുമതി.

നാലര ഏക്കറുള്ള കണ്ണൂർ സൗത്ത് സ്റ്റേഷനെ കണ്ണൂരിന്റെ സെക്കൻഡ് ടെർമിനൽ ആക്കാനാണ് നീക്കം.

മഞ്ചേശ്വരം, കാസർകോട് സ്റ്റേഷനുകളിൽ യാർഡ് പുനർ രൂപകല്പനയ്ക്ക് പാലക്കാട് റെയിൽവേ ഡിവിഷൻ പ്രൊപ്പോസൽ നല്കി. ബേക്കൽ ഫോർട്ട് സ്റ്റേഷൻ ബി-ക്ലാസ് ആക്കി ഉയർത്താനും നിർദേശമുണ്ട്.

മംഗളൂരു ടെർമിനൽ സംവിധാനം പാലക്കാട് ഡിവിഷന് നഷ്ടമായതോടെ വിവിധ സ്റ്റേഷനുകളിലെ തീവണ്ടി വരവിനും പോക്കിനും ഒപ്പം വണ്ടി നിർത്തിയിടാനുമുള്ള പ്രവർത്തന (ഓപ്പറേഷണൽ) സാധ്യത തേടുകയാണ് ഡിവിഷൻ അധികൃതർ.

കണ്ണൂരിൽ വലിയ പദ്ധതി

24 കോച്ചുള്ള വണ്ടി നിർത്താൻ പറ്റിയ 650, 620 മീറ്റർ നീളമുള്ള നാല്-അഞ്ച് പ്ലാറ്റ് ഫോമുകൾ നിർമിക്കും. ലൈൻ (റോഡ്) ആറ്, ഏഴ്, ഒന്പത് എന്നിവ വണ്ടി നിർത്തിയിടാനുള്ള സ്റ്റേബിൾ ലൈൻ ആക്കും. ഇതിന്റെ നീളം വർധിപ്പിക്കും.

റോഡ് -എട്ട് മറ്റൊരു സ്റ്റേബിൾ ലൈനാക്കി, നീളം 600 മീറ്റർ ആക്കും. റോഡ് -10 റോ-റോ സർവീസ്‌ ഉൾപ്പെടെ വരാനും ചരക്ക് നീക്കത്തിനുമുള്ള റാമ്പ് അടക്കമുള്ള ലൈൻ നിർമിക്കും.

വേണ്ടത് പിറ്റ് ലൈൻ

നിലവിൽ പാലക്കാട് ഡിവിഷനിൽ പൂർണ പിറ്റ് ലൈൻ എവിടെയുമില്ല. ഷൊർണൂരിൽ ചെറിയ പിറ്റ് ലൈൻ മാത്രമാണ് ഉള്ളത്. പാലക്കാട് ടൗണിൽ പിറ്റ് ലെെൻ പ്രവൃത്തി തുടങ്ങിയെങ്കിലും മെല്ലെപ്പോക്കിലാണ്. കണ്ണൂരിൽ ബി.പി.സി.എല്ലിന്റെ ഇന്ധന ലൈൻ തടസ്സം മാറിയതോടെ 25 കോച്ച് അറ്റകുറ്റപ്പണിക്കുള്ള സ്ഥലം കിട്ടുമോ എന്നതടക്കം ഇപ്പോൾ എൻജിനീയറിങ് വിഭാഗം പരിശോധിക്കുകയാണ്. മഞ്ചേശ്വരവും പരിഗണനയിലുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!