ഒറ്റരാത്രികൊണ്ട് സർക്കാർജോലി ഇല്ലാതായി എല്ലാ സ്വപ്‌നങ്ങളും തകർന്ന് അഞ്ച് വനിതാ ടൈപ്പിസ്റ്റുമാർ

Share our post

കോഴിക്കോട്: ബഹുരാഷ്ട്ര ഐ.ടി. കമ്പനികളിൽ ഒരു സുപ്രഭാതത്തിൽ ഓഫീസിൽ എത്തുമ്പോൾ ‘നിങ്ങൾ ഈനിമിഷംമുതൽ ഇവിടത്തെ ജീവനക്കാരല്ലെ’ന്ന് കേൾക്കേണ്ടിവരുന്ന സംഭവങ്ങൾ ഇപ്പോൾ പുതുമയല്ല.

പക്ഷേ, വർഷങ്ങളോളം കാത്തിരുന്ന് പി.എസ്.സി.യുടെ റാങ്ക് പട്ടികയിൽ ഇടംനേടി, അഡൈ്വസ് മെമ്മോ ലഭിച്ച്, എല്ലാ നടപടിക്രമങ്ങളും പാലിച്ച് ജോലിയിൽ കയറി രണ്ടരവർഷം കഴിഞ്ഞശേഷം ‘നിങ്ങൾ ഇനിമുതൽ സർക്കാർജീവനക്കാരല്ല’ എന്ന് ഒരുദിവസം കേൾക്കേണ്ടിവന്നാലോ… അങ്ങനെ ജീവിതത്തിൽ ഒരുപാട് നാളത്തെ അധ്വാനംകൊണ്ട് നേടിയെടുത്ത സർക്കാർജോലിയെന്ന സ്വപ്നം ഒരുതെറ്റും ചെയ്യാതെ ഒറ്റരാത്രികൊണ്ട് ഇല്ലാതായിപ്പോയതിന്റെ അന്ധാളിപ്പിലാണ് കോഴിക്കോട് കളക്ടറേറ്റിലെ വനിതകളായ അഞ്ച് ക്ലാർക്ക് കം ടൈപ്പിസ്റ്റ് ജീവനക്കാർ. ബുധനാഴ്ച രാത്രി സുഹൃത്തുക്കൾ വാട്സാപ്പിൽ അയച്ചുകൊടുത്ത കോഴിക്കോട് കളക്ടറുടെ ഉത്തരവുകണ്ടാണ് തങ്ങൾ ജോലിയിൽനിന്ന് പിരിച്ചുവിടപ്പെട്ടു എന്ന സങ്കടവാർത്ത അറിയുന്നതെന്ന് അവർ പറയുന്നു.

കളക്ടറുടെയോ മറ്റു ബന്ധപ്പെട്ടവരുടെയോ ഭാഗത്തുനിന്ന് നോട്ടീസോ അറിയിപ്പോ ഒന്നുംകിട്ടിയിട്ടില്ല. മാത്രമല്ല, അവധിദിനത്തിലാണ് ഉത്തരവിറക്കിയത്. കളക്ടറേറ്റിൽത്തന്നെയാണ് ജോലിചെയ്യുന്നത്. തിരഞ്ഞെടുപ്പുകാലത്ത് ഗുഡ്സ് സർവീസ് എൻട്രിവരെ ലഭിച്ചവരുണ്ട് ജോലി നഷ്ടമായവരിൽ.

”ഞങ്ങൾ കഴിഞ്ഞദിവസംവരെ ആ ഓഫീസിൽ ജോലിചെയ്തിരുന്നവരാണ്. ഇത്രയും വലിയ അനീതി ഒരിക്കലും പ്രതീക്ഷിച്ചില്ല. പിരിച്ചുവിടാൻ ഞങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല. വല്ലാത്ത ക്രൂരതയാണിത്. ബുധനാഴ്ച രാത്രി കരഞ്ഞുതകർന്ന് ആരും ഉറങ്ങിയിട്ടില്ല. വീട്ടുകാരോടുപോലും പിരിച്ചുവിട്ടത് മറച്ചുവെച്ചിരിക്കുകയാണ്. ഇവിടെ ജോലികിട്ടിയതുകൊണ്ട് മറ്റുപല ജോലികളുടെ പി.എസ്.സി. അഡൈ്വസ് മെമ്മോ ലഭിച്ചിട്ടും ഒഴിവാക്കിയതാണ്.

ഇനി നിയമപരമായി മുന്നോട്ടുപോകണോ, എന്തുചെയ്യണമെന്നൊന്നും അറിയില്ല. ഒരു തീരുമാനംപോലും എടുക്കാൻ കഴിയാത്ത രീതിയിൽ മാനസികമായി തകർന്നിരിക്കുകയാണ്” -നിസ്സഹായതയോടെ ജീവനക്കാർ പറയുന്നു.

ക്ലാർക്ക് കം ടൈപ്പിസ്റ്റ് തസ്തികയിൽനിന്ന് അഞ്ചുപേർക്ക് കോഴിക്കോട് കളക്ടറേറ്റിലെ ഉദ്യോഗസ്ഥർ ഇടപെട്ട് നിയവിരുദ്ധമായി ക്ലാർക്കായി സ്ഥാനക്കയറ്റം നൽകിയപ്പോൾ ആ ഒഴിവുകൾ പി.എസ്.സി.ക്ക് റിപ്പോർട്ടുചെയ്തു. അങ്ങനെ പി.എസ്.സി. വഴി നിയമനം നേടിയതാണ് ഈ അഞ്ചുപേർ. അനർഹമായി ലഭിച്ച സ്ഥാനക്കയറ്റം ട്രിബ്യൂണൽ ഉത്തരവുപ്രകാരം മരവിപ്പിച്ചപ്പോൾ പകരംകയറിവരെയും പിരിച്ചുവിടേണ്ടിവന്നു. ഇനി പി.എസ്.സി. വീണ്ടും അഡൈ്വസ് മെമ്മോ നൽകി പുതിയ ജീവനക്കാരായി കയറണം. അത് എന്നുണ്ടാവുമെന്ന് ഉറപ്പില്ല. ജോലി ലഭിച്ചാൽത്തന്നെ രണ്ടരവർഷത്തെ സീനിയോറിറ്റിയും നഷ്ടമാവും.

മുൻ കളക്ടർക്കും എ.ഡി.എമ്മിനുമുൾപ്പെടെ പറ്റിയ ഒരുതെറ്റ് തിരുത്താനാണ് സർക്കാർ ഇവരെ പിരിച്ചുവിട്ടത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തിൽ ജോലിചെയ്തിരുന്ന എൻ.ജി.ഒ. യൂണിയൻ നേതാവിയിരുന്ന ഒരു ക്‌ളാർക്കും ഉത്തരവാദിയാണ്. പക്ഷേ, അന്നത്തെ റവന്യൂ മന്ത്രി കെ. രാജന് പരാതിനൽകിയിട്ടും ഉദ്യോഗസ്ഥവീഴ്ചയിൽ അന്വേഷണമൊന്നുമുണ്ടായില്ല.

അതേസമയം, സ്ഥാനക്കയറ്റം മരവിപ്പിച്ചതോടെ ആ തസ്തികയിൽ ഒഴിവില്ലാതായതുകൊണ്ട് ട്രിബ്യൂണൽ ഉത്തരവുപ്രകാരമാണ് പിരിച്ചുവിട്ടതെന്നും ട്രിബ്യൂണൽ ഉത്തരവ് നടപ്പാക്കാതിരിക്കാൻ മാർഗമില്ലെന്നും ജില്ലാഭരണകൂടം പറയുന്നു.

ജോലിനഷ്ടപ്പെടാത്ത തീരുമാനം സർക്കാർതലത്തിലായിരുന്നു ഉണ്ടാകേണ്ടിയിരുന്നത്. സർക്കാർ മാനുഷികപരിഗണന കാണിക്കുമെന്ന പ്രതീക്ഷ ബാക്കിയുണ്ട്, ഈ അഞ്ചുവനിതകൾക്കും. അനുഭാവപൂർണമായ സമീപനം സ്വീകരിക്കണമെന്ന് ജില്ലാഭരണകൂടം സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!