യൂണിറ്റിന് 14.5 രൂപ, ഹിമാചൽ വൈദ്യുതിയെത്തി; നിയന്ത്രണം ഒഴിവായി

Share our post

തിരുവനന്തപുരം: ഹിമാചൽപ്രദേശിൽനിന്ന് ഉയർന്നവിലയ്ക്ക് വൈദ്യുതി വാങ്ങിത്തുടങ്ങിയതോടെ സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം ഒഴിവായി. പ്രസരണലൈനിൽ തടസ്സങ്ങളില്ലാതിരിക്കുകയും ഉപഭോഗം അസാധാരണമായി കൂടാതിരിക്കുകയും ചെയ്താൽ ഒക്ടോബറിൽ വൈദ്യുതിനിയന്ത്രണം ഉണ്ടാകില്ല. ഒക്ടോബറിൽ പകലും രാത്രിയിലുമായി 800 മെഗാവാട്ട് വാങ്ങാനാണ് ഹിമാചൽ പവർ കോർപ്പറേഷനുമായി കരാർ. യൂണിറ്റിന് 14.5 രൂപയാണ് വില. 12.5 ആക്കി കുറച്ചാൽ കൂടുതൽ കാലത്തേക്ക്‌ വൈദ്യുതി വാങ്ങാമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ചർച്ചനടക്കുന്നുണ്ട്.

ഹിമാചലിൽനിന്ന് വൈദ്യുതി ലഭ്യമാക്കാൻ സെപ്റ്റംബർ ആദ്യംതന്നെ ശ്രമം നടന്നിരുന്നെങ്കിലും വിലകൂടിയതിനാൽ വാങ്ങേണ്ടതില്ലെന്നുവെക്കുകയായിരുന്നു. വൈദ്യുതിനിയന്ത്രണത്തിനെതിരേ ജനരോഷം രൂക്ഷമായതോടെയാണ് ഇപ്പോൾ തീരുമാനം മാറ്റിയത്. ആദ്യം പകലും രാത്രിയിലും ഏതാണ്ട് തുല്യ അളവിൽ വൈദ്യുതി നൽകാമെന്നാണ് ഹിമാചൽ ഏറ്റത്. ഇതോടെ ശരാശരി വില 30 രൂപയാകുമെന്നാണ് സർക്കാർ കണക്കാക്കിയത്. ഇപ്പോൾ അവിടെനിന്നുള്ള 95 ശതമാനം വൈദ്യുതിയും രാത്രിയിലാണ് കിട്ടുന്നത്.

ഈ മാസം 28 കോടി യൂണിറ്റാണ് ഹിമാചൽ പവർ കോർപ്പറേഷനിൽനിന്ന് വാങ്ങുന്നത്. കേരളത്തിൽ വൈദ്യുതി ആവശ്യകത ഉയർന്ന രാത്രിയിൽ 800 മെഗാവാട്ട് വരെ ലഭിക്കും. 14.5 രൂപ കണക്കാക്കിയാൽ ഈ മാസത്തെ കെ.എസ്.ഇ.ബി.യുടെ അധികച്ചെലവ് 410 കോടി രൂപയാവും. ഡയറക്ടർമാർ ഹിമാചലിലെത്തി ചർച്ചനടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കരാർ.

റെഗുലേറ്ററി കമ്മിഷന്റെ മുൻകൂർ അനുമതിയില്ല

പരമാവധി പത്തുരൂപ വിലയ്ക്ക് വൈദ്യുതി വാങ്ങാനാണ് കെ.എസ്.ഇ.ബി.ക്ക് റെഗുലേറ്ററി കമ്മിഷൻ നേരത്തേ അനുവാദം നൽകിയത്. അതിൽക്കൂടുതൽ വിലയ്ക്ക് വാങ്ങാൻ കമ്മിഷന്റെ അനുവാദം വേണം. അടിയന്തര സാഹചര്യമായതിനാൽ വൈദ്യുതി വാങ്ങിത്തുടങ്ങി പത്തുദിവസത്തിനകം കമ്മിഷനെ സമീപിച്ചാൽ മതിയെന്നാണ് കെ.എസ്.ഇ.ബി.യുടെ നിലപാട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!