എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാൽ ഇന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട്, മലപ്പുറം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് അവധി. ഓഗസ്റ്റ് 4 വരെയുള്ള ദിവസങ്ങളിൽ മിതമായതോ നേരിയതോ ആയ മഴ തുടരാനാണു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദപാത്തി നിലനിൽക്കുന്നതാണു മഴയ്ക്കു കാരണം.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട്. 24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ അതിശക്തമായ മഴ ലഭിക്കാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെലോ അലർട്ട് ആണ്. 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ട്.
വിവിധയിടങ്ങളിൽ ഇന്നും നാളെയും മണിക്കൂറിൽ 40–50 കി.മീ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിനും സാധ്യതയുണ്ട്. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നു മത്സ്യബന്ധനം പാടില്ല.
