ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ്; കാക്കയങ്ങാട് കളരി അക്കാദമിക്ക് തിളക്കമാർന്ന വിജയം
ഇരിട്ടി : ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷന്റെ ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനവുമായി കാക്കയങ്ങാട് പഴശ്ശിരാജ കളരി അക്കാദമി. കിരീടം നേടിയ കേരളാടീമിൽ പഴശ്ശിരാജാ അക്കാദമിയിൽനിന്നുള്ള അഞ്ചുപേരുണ്ട്.
സീനിയർ പെൺകുട്ടികളുടെ ചവിട്ടിപ്പൊങ്ങലിൽ എ.അശ്വനി സ്വർണം (ചവിട്ടിപ്പൊങ്ങൽ അഞ്ചരയടിക്ക് മുകളിൽ), കെ.കെ.അയന (ചവിട്ടിപ്പൊങ്ങൽ അഞ്ചരയടിക്ക് താഴെ) സ്വർണ്ണം, ജൂനിയർ പെൺകുട്ടികളുടെ വ്യക്തിഗത ഇനമായ ചുവടുകളിൽ കെ.ജി. ശ്രീലക്ഷ്മി വെള്ളി, സീനിയർ ആൺകുട്ടികളുടെ ഉറുമിയും പരിച ഇനത്തിൽ സ്വാതിക് ഷാജി ആൻഡ് അർജുൻ ഷാജി വെങ്കലം എന്നിവ കരസ്ഥമാക്കി.
17 സംസ്ഥാനങ്ങളിൽനിന്നായി 10 ഇനങ്ങളിൽ 700-ലധികം അഭ്യാസികൾ പങ്കെടുത്തു. ഡോ. രാജാ വാരിയർ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ സെക്രട്ടറി ജനറൽ ഡോ. അമ്പു ആർ. നായർ, കേരള കളരിപ്പയറ്റ് അസോസിയേഷൻ സെക്രട്ടറി ജി. രാധാകൃഷ്ണൻ, ഓർഗനൈസിങ് സെക്രട്ടറി കെ.പി.കൃഷ്ണദാസ്, ദേശീയ നിർവാഹസമിതി അംഗം പി.ഇ.ശ്രീജയൻ, അസം കളരിപ്പയറ്റ് അസോസിയേഷൻ സെക്രട്ടറി പപ്പു ഖാൻ, മഹാരാഷ്ട്ര കളരിപ്പയറ്റ് അസോസിയേഷൻ സെക്രട്ടറി നികേഷ് വാലമ്പേ, ഡോ. എസ്.കെ.ശ്യാം, അഡ്വ. ഗായത്രി മോഹൻ, കളരിപ്പയറ്റ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സെക്രട്ടറി പി.സി.മുരളീധരൻ എന്നിവർ സംസാരിച്ചു.
പഴശ്ശിരാജയിൽനിന്ന് മൂന്നുപേർ വ്യക്തിഗത ഇനങ്ങളിലും രണ്ടുപേർ ടീം ഇനങ്ങളിലുമായാണ് മെഡൽ നേടിയത്. ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ ജോയിന്റ് സെക്രട്ടറി പി.ഇ.ശ്രീജയൻ ഗുരുക്കളാണ് പരിശീലകൻ. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പഴശ്ശിരാജ കളരിയിൽ നാഷണൽ, ഖേലോ ഇന്ത്യ ഗെയിംസ്, നാഷണൽ ഗെയിംസ് എന്നീ അന്തർദേശീയമത്സരങ്ങളിൽ കായികതാരങ്ങൾ മെഡലുകൾ നേടിയിട്ടുണ്ട്.
