വയനാട് പുനരധിവാസം: ഫെബ്രുവരിയിൽ ആദ്യഘട്ട വീടുകൾ കൈമാറും; 289 വീടുകളുടെ വാർപ്പ് പൂർത്തിയായി
കൽപറ്റ ∙ ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള മാതൃകാ ടൗൺഷിപ്പിന്റെ നിർമാണം അതിവേഗം പുരോഗമിക്കുകയാണെന്നും ഫെബ്രുവരിയിൽ ആദ്യഘട്ട വീടുകളുടെ കൈമാറ്റം നടത്തുമെന്നും റവന്യു മന്ത്രി കെ. രാജൻ. എൽസ്റ്റൺ എസ്റ്റേറ്റിൽ ടൗൺഷിപ്പിന്റെ നിർമാണ പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തത്തിന് ശേഷം സർക്കാർ ഉറപ്പ് നൽകിയ എല്ലാ കാര്യങ്ങളും നടപ്പാക്കിയിട്ടുണ്ട്. മറിച്ചുള്ളതെല്ലാം വ്യാജ പ്രചാരണങ്ങളാണ്. വീടുകൾ കൈമാറിയാൽ അന്ന് തന്നെ താമസമാരംഭിക്കുന്ന തരത്തിൽ എല്ലാ പണികളും പൂർത്തിയാക്കിയാണ് വീടുകൾ കൈമാറുക.
കർണാടക സർക്കാർ വീട് നിർമാണത്തിനായി നൽകിയത് 10 കോടി രൂപയാണ്. വീട് നിർമാണത്തിന് കേന്ദ്ര സർക്കാർ പണം നൽകിയിട്ടില്ല. ദുരന്ത ബാധിതരുടെ കടങ്ങൾ എഴുതിത്തള്ളാൻ കേന്ദ്ര സർക്കാറിന് നിഷ്പ്രയാസം സാധിക്കുമെന്നിരിക്കെ കേന്ദ്ര സർക്കാർ നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നത്. കടം എഴുതിത്തള്ളാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയെ ചുമതലപ്പെടുത്തുന്ന സെക്‌ഷൻ 13 എടുത്ത് കളഞ്ഞ് ദുരന്തബാധിതരെ കൂടുതൽ ബുദ്ധിമുട്ടിക്കുകയാണ് ചെയ്തത്. എന്നാൽ സംസ്ഥാന സർക്കാർ മാനുഷിക പരിഗണന നൽകി ദുരന്ത ബാധിതരെ സഹായിക്കുന്നുണ്ട്. വാടക കൃത്യമായി നൽകാനും ജീവനോപാധി നൽകാനും സംസ്ഥാന സർക്കാരിന് സാധിച്ചിട്ടുണ്ട്. കച്ചവടക്കാർക്കുണ്ടായ നഷ്ടം പരിഹരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. രാജ്യത്തെ മറ്റൊരു ദുരന്തബാധിതരേയും ഇതു പോലെ ഒരു സർക്കാരും ചേർത്ത് നിർത്തിയിട്ടില്ല. ഇതെല്ലാം വിസ്മരിച്ചാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്.
∙ 289 വീടുകളുടെ വാർപ്പ് പൂർത്തിയായിമുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്കായി ഉയരുന്ന ടൗൺഷിപ്പിൽ 289 വീടുകളുടെ വാർപ്പ് പൂർത്തിയായി. അഞ്ച് സോണായാണ് നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. 1700 ലധികം തൊഴിലാളികളാണ് ദിവസേന ടൗൺഷിപ്പ് നിർമാണത്തിന്റെ ഭാഗമാവുന്നത്. വാർപ്പ് കഴിഞ്ഞ വീടുകളിൽ പ്ലംമ്പിങ്, തേപ്പ്, ഫ്ളോറിങ് എന്നിവ അതിവേഗം പൂർത്തിയാകുന്നുണ്ട്. വീടുകളുടെ എർത്ത് വർക്ക്, പ്ലെയിൻ സിമന്റ് കോൺക്രീറ്റ് പ്രവൃത്തികൾ, ഷിയർ വാൾ പ്രവർത്തികളും പുരോഗമിക്കുകയാണ്.
