‘കോടതിയിൽ വന്നത് 10 ദിവസത്തിൽ താഴെ; ആ സമയം മുഴുവൻ ഉറക്കവും’: അതിജീവിതയുടെ അഭിഭാഷകക്കെതിരെ വിചാരണക്കോടതി
കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ അഭിഭാഷകക്കെതിരെ വിചാരണകോടതിയുടെ അതിരൂക്ഷ വിമർശനം. വിചാരണ സമയത്ത് പത്തു ദിവസത്തിൽ താഴെ മാത്രമാണ് അഭിഭാഷക കോടതിയിൽ എത്തിയതെന്നും അരമണിക്കൂർ മാത്രമാണ് അഭിഭാഷക കോടതിയിൽ ഉണ്ടാകാറുള്ളതെന്നും ആ സമയം ഉറങ്ങുകയാണ് പതിവെന്നും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിമർശിച്ചു.
വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയിൽ എത്താറുള്ളത്. എന്നിട്ടാണ് കോടതി അതു കേട്ടില്ല, പരിഗണിച്ചില്ല എന്നു പറയാറുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി. കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് വിമർശനം. അതേസമയം ഹർജികൾ പരിഗണിക്കുന്ന ഇന്നും അതിജീവിതയുടെ അഭിഭാഷക കോടതിയിൽ ഹാജരായിരുന്നില്ല.
കേസിൽ അതിജീവിതയുടെ അഭിഭാഷകയായിരുന്നു ടി.ബി മിനി. എട്ടു വര്‍ഷവും അതിജീവിതക്ക് വേണ്ടി വാദിക്കാന്‍ ഒരു രൂപ പോലും കൈപറ്റിയിട്ടില്ലെന്നും തനിക്കെതിരെ ദിലീപും സംഘവും നടത്തുന്ന സൈബർ ആക്രമണവും കൊലവിളിയും ഞാൻ ശരിയായിരുന്നു എന്ന് തെളിയിക്കുകയാണെന്നും വിധി വന്നതിനു പിന്നാലെ ടി.ബി.മിനി പറഞ്ഞിരുന്നു. അതിജീവിതക്കുവേണ്ടി വക്കാലത്ത് ഇടാന്‍ പോലും കേരളത്തിലെ അഭിഭാഷകര്‍ തയാറായില്ലെന്നും അങ്ങനെയാണ് താന്‍ ഈ കേസ് ഏറ്റെടുത്തതെന്നുമാണ് മിനി നേരത്തെ പറഞ്ഞിരുന്നത്. പറവൂർ പീഡന കേസിലും സൂര്യനെല്ലി കേസിലും പെരുമ്പാവൂര്‍ ജിഷ വധക്കേസിലും പ്രോസിക്യൂഷന് വേണ്ടി ഹാജരായത് അഡ്വ.ടി.ബി.മിനി ആയിരുന്നു.
