വിവാദത്തിന് പിന്നാലെ ശാസ്തമംഗലത്തെ ഓഫീസ് ഒഴിയാൻ തീരുമാനിച്ച് വി.കെ.പ്രശാന്ത്
തിരുവനന്തപുരം: ആർ.ശ്രീലേഖയുമായി ഉണ്ടായ തർക്കത്തിന് പിന്നാലെ വി.കെ.പ്രശാന്ത് എംഎൽഎ തന്റെ ഓഫീസ് ഒഴിയുന്നു. ശാസ്തമംഗലത്തെ തിരുവനന്തപുരം കോർപ്പറേഷൻ കെട്ടിടത്തിലുള്ള ഓഫീസാണ് ഒഴിയുന്നത്.
ഓഫീസിനായി വേറൊരു സ്ഥലത്ത് കെട്ടിടം നോക്കിവെച്ചിട്ടുണ്ട്. അനാവശ്യവിവാദങ്ങൾ വേണ്ട എന്നതുകൊണ്ടാണ് മാറുന്നതെന്ന് വി.കെ.പ്രശാന്ത് എംഎൽഎ പ്രതികരിച്ചു. വ്യക്തിപരമായ തീരുമാനമാണത്. വിവാദങ്ങളുണ്ടാക്കി നടത്തിക്കൊണ്ടിരിക്കുന്ന കാര്യങ്ങൾ വിസ്മൃതിയിലാക്കാനും അപവാദം പ്രചരിപ്പിക്കാനും പലരും ഉപയോഗിച്ചു. മരുതംകുഴിലെ ഒരു സൗകര്യപ്രദമായ കെട്ടിടം കണ്ടെത്തി ഓഫീസ് മാറിയിട്ടുണ്ട്.
ഏഴ് വർഷമായി ഒരു തർക്കവും ഉണ്ടായിരുന്നില്ല. നിയമാനുസരണമാണ് കോർപ്പറേഷൻ കെട്ടിടത്തിലെ ഓഫീസ് പ്രവർത്തിച്ചത്. 25000 രൂപ വാടക അലവൻസ് കിട്ടുന്നുണ്ട് എന്ന് പ്രചരിപ്പിച്ചു. ജനങ്ങൾക്ക് പ്രയോജനപ്പെടാൻ വേണ്ടിയാണ് ഇവിടെ തുടർന്നിരുന്നതെന്നും പ്രശാന്ത് പറഞ്ഞു.
എം.എൽ.എ ഓഫീസ് വി.കെ പ്രശാന്ത് ഒഴിയണമെന്നാവശ്യപ്പെട്ട് ശാസ്തമംഗലം കൗൺസിലർ ശ്രീലേഖ രംഗത്തെത്തിയത് വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. ശ്രീലേഖയുടെ വാർഡായ ശാസ്തമംഗലത്തെ കോർപറേഷൻ കെട്ടിടത്തിലാണ് പ്രശാന്തിന്റെ ഓഫീസ് പ്രവർത്തിച്ചിരുന്നത്. സ്ഥലസൗകര്യമില്ലെന്നും അതിനാൽ തന്റെ ഓഫിസ് പ്രവർത്തിപ്പിക്കുന്നതിനായി പ്രശാന്ത് ഓഫീസ് ഒഴിയണമെന്നായിരുന്നു ശ്രീലേഖയുടെ ആവശ്യം.
എന്നാൽ, ഓഫീസ് ഒഴിയാൻ തയ്യാറല്ലെന്നും വാടകകാലാവധി കഴിയുന്നതുവരെ അവിടെ തുടരുമെന്നും പ്രശാന്ത് നിലപാട് വ്യക്തമാക്കിയിരുന്നു. വിവാദങ്ങൾക്ക് പിന്നാലെ താൻ ഓഫീസ് ഒഴിയാൻ അഭ്യർത്ഥിക്കുക മാത്രമാണ് ചെയ്തതെന്ന് പറഞ്ഞ് ശ്രീലേഖ പ്രശാന്തിനെ കാണാൻ ഓഫീസിലെത്തിയിരുന്നു.
