അന്യായ നികുതി, കനത്തപിഴ: അന്തർ സംസ്ഥാന സ്വകാര്യബസുകളുടെ പണിമുടക്കിൽ വലഞ്ഞ് മലയാളി യാത്രക്കാർ

Share our post

ബംഗളൂരു: അന്തർ സംസ്ഥാന സ്വകാര്യബസുകളുടെ സമരം തുടങ്ങിയതോടെ ബംഗളൂരുവിൽ മലയാളിയാത്രക്കാർ ദുരിതത്തിൽ. കേരളത്തിന്റെ വിവിധയി ടങ്ങളിലേക്ക് പോകുന്ന അന്തർസ്സംസ്ഥാന സ്വകാര്യബസുകളിൽ ഭൂരിഭാഗവും സമരത്തിൽ പങ്കെടുത്ത് സർവീസ് നിർത്തിവെച്ചതോടെ യാത്രക്കാർക്ക് മറ്റ് പോംവഴിയില്ലാത്ത അവസ്ഥയായി. എറണാകുളം, കോട്ടയം, കോഴിക്കോട്, കണ്ണൂർ, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിലേക്കായി 200-ലധികം അന്തര്‍സ്ഥാന ബസുകളാണ് ബംഗളൂരുവിൽനിന്ന് സർവീസ് നടത്തുന്നത്. ഇവരെല്ലാം സമരത്തിൽ പങ്കെടുത്തതോടെ സ്ഥിതി പ്രശ്നമാകുകയായിരുന്നു. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾക്കെതിരെ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ അന്യായമായി നികുതി ഈടാക്കുകയും കനത്തപിഴ ചുമത്തുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്യുന്നതിനെതിരെ ലക്ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷനാണ് സമരം പ്രഖ്യാപിച്ചത്. കേരളത്തിൽ നിന്ന് കർണാടകത്തിലേക്കുള്ള ബസുകളും ഓട്ടം നിർത്തി.തിങ്കളാഴ്ച യാത്ര നിശ്ചയിച്ച് ടിക്കറ്റ് ബുക്ക് ചെയ്തവരാണ് കുടുങ്ങിയത്. ബസുകൾ മുടങ്ങിയതോടെ ബുക്ക് ചെയ്തിരുന്ന ടിക്കറ്റുകൾ റദ്ദാക്കി യാത്രക്കാർക്ക് മറ്റ് മാർഗം തേടേണ്ടിവന്നു. കെഎസ്ആർടിസി ബസുകളിലും ടിക്കറ്റ് കുറവായിരുന്നു. വൈകുന്നേരമായപ്പോഴേക്കും കെഎസ്ആർടിസി മിക്ക ബസുകളിലും ടിക്കറ്റ് കിട്ടാത്ത സ്ഥിതിയായി.

ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് എടുത്ത് സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിൽനിന്ന് റോഡ് നികുതിക്കുപുറമേ അയൽ സംസ്ഥാനങ്ങൾ നികുതിയീടാക്കുന്നതിൽ പ്രതിഷേധിച്ചാണ് സമരം. ഓരോ സംസ്ഥാനത്തിനും പ്രത്യേകം നികുതിയടയ്ക്കുന്നത് ഒഴിവാക്കുന്നതിന് ഓംനി ബസുകൾക്ക് കേന്ദ്രം പ്രത്യേക പെർമിറ്റ് അനുവദിക്കണമെന്ന് തമിഴ്നാട് ഓംനി ബസ് ഓണേഴ്സ് അസോസിയേഷൻ അസോസിയേഷൻ പ്രസിഡന്റ് എ. അൻപഴകൻ ആവശ്യപ്പെട്ടു. ആന്ധ്രപ്രദേശ്, പുതുച്ചേരി, തെലങ്കാന സംസ്ഥാനങ്ങളിൽനിന്നുള്ള സ്വകാര്യ ബസുകളും തിങ്കളാഴ്ച മുതൽ അന്തഃസംസ്ഥാന സർവീസുകൾ നിർത്തിവെച്ചു. തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്കുള്ള സ്വകാര്യബസുകൾ വെള്ളിയാഴ്ച മുതൽ സർവീസ് നിർത്തിവെച്ചിരിക്കുകയാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സ്വകാര്യബസുടമകളുടെ എട്ട് സംഘടനകൾ മറ്റു സംസ്ഥാനങ്ങളിലേക്കുള്ള സർവീസുകൾ തിങ്കളാഴ്ചമുതൽ പൂർണമായി നിർത്തുകയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!