പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ; ഒരുക്കങ്ങൾ പൂർത്തിയായി
കണ്ണൂർ: ജില്ലയിൽ പോളിയോ തുള്ളിമരുന്ന് വിതരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. തുള്ളിമരുന്ന് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഒക്ടോബർ 12 ഞായറാഴ്ച രാവിലെ പത്ത് മണിക്ക് ജില്ലാ ആശുപത്രിയിൽ രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാരേഖ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിക്കും. ജില്ലയിലെ 2087 ബൂത്തുകളിലൂടെ 162206 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകും. അതിഥി തൊഴിലാളികളുടെ 1729 കുട്ടികൾക്കും തുള്ളിമരുന്ന് നൽകുന്നതിനായി സജ്ജീകരണങ്ങൾ ചെയ്തിട്ടുണ്ട്. രാവിലെ എട്ട് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ അഞ്ച് വയസ് വരെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും തുള്ളിമരുന്ന് നൽകും. ആരോഗ്യ കേന്ദ്രങ്ങൾ , അങ്കണവാടികൾ സ്കൂളുകൾ, ബസ് സ്റ്റാന്റുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങി കുട്ടികൾ വരാൻ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും അന്നേ ദിവസം ബൂത്തുകൾ സ്ഥാപിച്ച് പോളിയോ പ്രതിരോധ തുള്ളിമരുന്ന് ലഭ്യമാക്കും. പരീശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകർ/ വളണ്ടിയർമാർ തുള്ളിമരുന്ന് നൽകും. പൾസ് പോളിയോ ദിനത്തിൽ വാക്സിൻ ലഭിക്കാത്ത കുട്ടികൾക്ക് തുടർന്നുള്ള ദിവസങ്ങളിൽ വളണ്ടിയർമാർ / ആരോഗ്യ പ്രവർത്തകർ വീടുകളിൽ എത്തി വാക്സിൻ നൽകുന്നതിനുള്ള സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ട്. കേരളത്തിൽ 2000 ന് ശേഷവും ഇന്ത്യയിൽ 2011 ന് ശേഷവും പോളിയോ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. 2014 മാർച്ചിൽ ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോമുക്ത രാജ്യമായി പ്രഖ്യാപിച്ചുവെങ്കിലും അയൽ രാജ്യങ്ങളിൽ പോളിയോ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ രോഗസാധ്യത ഒഴിവാക്കുന്നതിനായി അഞ്ച് വയസ്സിൽ താഴെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും പോളിയോ തുള്ളിമരുന്ന് നൽകേണ്ടതുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ,റോട്ടറി ഇന്റർനാഷണൽ, സന്നദ്ധ സംഘടനകൾ എന്നിവരുടെ പൂർണ്ണ സഹകരണത്തോടെയാണ് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംഘടിപ്പിക്കുന്നത്.
