സംസ്ഥാനത്ത് പോലീസ് അതിക്രമ ‘പരാതികൾ’ കുറഞ്ഞുവരുന്നു – പോലീസ് കംപ്ലൈൻറ്സ് അതോറിറ്റി ചെയർമാൻ
തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് അതിക്രമങ്ങളെ കുറിച്ചുള്ള പരാതികള്‍ കുറഞ്ഞു വരുന്നതായി സംസ്ഥാന പോലീസ് കംപ്ലൈന്‍റ്സ് അതോറിറ്റി ചെയര്‍മാന്‍ വി.കെ. മോഹനന്‍ പറഞ്ഞു. അതോറിറ്റി പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ ലഭിച്ചത് 5218 പരാതികളാണെന്നും ഇതില്‍ 64 പരാതികള്‍ മാത്രമാണ് ഇനി തീര്‍പ്പാക്കാനുള്ളതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന പോലീസ് കംപ്ലൈന്‍റ്സ് അതോറിറ്റിയുടെ അധികാരം പരിമിതമാണെന്നും പരാതികളില്‍ നിര്‍ദേശം നല്‍കാനുള്ള അധികാരമാണ് തങ്ങള്‍ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. ‘സര്‍ക്കാര്‍ നിയോഗിച്ചിട്ടുളള അഞ്ചംഗ സംഘമാണ് അതോറിറ്റിയില്‍ ഉള്ളത്. പരാതിക്കാരന് എപ്പോള്‍ വേണമെങ്കിലും സമീപിക്കാനുള്ള അന്തരീക്ഷം ഒരുക്കിക്കൊണ്ടാണ് അതോറിറ്റി പ്രവര്‍ത്തിക്കുന്നത്. 2012-ല്‍ അതോറിറ്റി രൂപീകരിച്ചപ്പോഴുള്ള പരാതികളെക്കാള്‍ വളരെ കുറവാണ് 2025 ലെ പരാതികള്‍. ലഭിക്കുന്ന പരാതികളുടെ കണക്കുകള്‍ അനുസരിച്ചാണ് ഈ കണ്ടെത്തല്‍. ലഭിക്കുന്ന പരാതികളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള അധികാരം മാത്രമേ അതോറിറ്റിക്കുള്ളു. എന്നാല്‍ ചില കാര്യങ്ങളില്‍ സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള അധികാരം നല്‍കണമെന്ന കാര്യം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതോറിറ്റിക്ക് ലഭിക്കുന്ന പരാതികളുടെ എണ്ണം കുറയുന്നുണ്ട്. എന്നാല്‍ ഇത് പരാതികള്‍ കുറയുന്നതിന്റെ തെളിവല്ല. അതോറിറ്റിക്ക് ലഭിക്കുന്ന പരാതികളില്‍ നടപടികള്‍ സ്വീകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരാണ്. ഇനി പരാതിയില്‍ നടപടി ഉണ്ടായില്ലെങ്കില്‍ പരാതിക്കാരന് കോടതിയെ സമീപിക്കാവുന്നതാണ്. അതേസമയം, ഇതുവരെ ലഭിച്ച പരാതികളില്‍ എത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായി എന്നതില്‍ അതോറിറ്റിയുടെ കയ്യില്‍ കണക്കുകളില്ലെന്നാണ് അദ്ദേഹം പറയുന്നത്. അഞ്ചംഗ സമിതിയാണ് പരാതി കേള്‍ക്കുന്നതും കേസ് തീര്‍പ്പാക്കുന്നതും.
