Connect with us

Kerala

ശരീരത്തിന്റെ പലഭാ​ഗങ്ങളിൽ തുടർച്ചയായി വേദനയാണോ? അടിവയറിലെ കൊഴുപ്പാവാം കാരണം

Published

on

Share our post

ശരീരത്തിൽ അസഹ്യമായ വേദന അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ അടിവയറിലെ കൊഴുപ്പാവാം കാരണമെന്ന് പറയുകയാണ് ​ഗവേഷകർ. റീജ്യനൽ അനസ്തേഷ്യ& പെയിൻ മെഡിസിൻ എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.അസ്ഥികളിലും പേശികളിലും ശരീരത്തിന്റെ പലഭാ​ഗങ്ങളിലും അനുഭവപ്പെടുന്ന വേദനയും അടിവയറിലെ കൊഴുപ്പുമായി ബന്ധമുണ്ടെന്നാണ് ​ഗവേഷകർ പറയുന്നത്. ഒന്നിലധികം ശരീരഭാ​ഗങ്ങളിൽ വേദന ഉണ്ടെങ്കിൽ അടിവയറിലെ വണ്ണം കുറയ്ക്കുന്നത് ​ഗുണം ചെയ്യും. പ്രത്യേകിച്ച് സ്ത്രീകളിൽ ഇത് കണ്ടുവരാറുണ്ടെന്നും ​ഗവേഷകർ പറയുന്നു. ഓസ്ട്രേലിയയിലെ ടാസ്മാനിയ, മൊണാഷ് സർവകലാശാലകളിലെ ​ഗവേഷകരാണ് പഠനത്തിനുപിന്നിൽ.ആ​ഗോളതലത്തിൽ 1.71 ബില്യൺ ആളുകൾ ഇത്തരത്തിൽ പേശികൾ, സന്ധികൾ, ലി​ഗമെന്റുകൾ, അസ്ഥികൾ തുടങ്ങിയ ഭാ​ഗങ്ങളിൽ വേദന അനുഭവിക്കുന്നവരാണ്. ഈ സാഹചര്യത്തിലാണ് പഠനം നടത്താൻ തീരുമാനിച്ചതെന്ന് ​ഗവേഷകർ പറയുന്നു. വേദനയുടെ തീവ്രത കുറയ്ക്കാൻ അടിവയറിലെ വണ്ണംകുറയ്ക്കുക പ്രധാനമാണെന്നും ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.യു.കെ. ബയോബാങ്കിൽ നിന്ന് ശേഖരിച്ച 32,409 പേരുടെ വിവരങ്ങൾ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. ഇതിൽ അമ്പത്തിയൊന്ന് ശതമാനം പേർ സ്ത്രീകളായിരുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ഇത്തരം വേദന വരാനുള്ള സാധ്യത രണ്ടുമടങ്ങ് കൂടുതലാണെന്നും ​ഗവേഷകർ പറയുന്നു. സ്ത്രീകളിലെ ഹോർമോൺ അസന്തുലിതാവസ്ഥയും കൊഴുപ്പടിയുന്ന രീതിയുമാവാം കൂടുതൽ ബാധിക്കാനുള്ള കാരണമെന്നും കരുതുന്നു.അടിവയറിന്റെ ഭാ​ഗത്തെ അവയവങ്ങൾക്ക് ചുറ്റും കൊഴുപ്പടിയുന്നതിന്റെ അളവ് പരിശോധിച്ചാണ് പഠനം നടത്തിയത്. മൂന്നുമാസത്തിലേറെയായി കഴുത്ത്, ഷോൾഡർ, അരക്കെട്ട്, കാൽമുട്ട്, മുഴുവൻ ശരീരഭാ​ഗം തുടങ്ങിയ ഇടങ്ങളിൽ വേദനയുണ്ടോയെന്നും പരിശോധിച്ചു. 638 പേരിൽ രണ്ടുവർഷത്തിനുശേഷം വീണ്ടും ഇതേ കാര്യങ്ങൾ പുനരവലോകനം ചെയ്തു. തുടർന്നാണ് അടിവയറിലെ കൊഴുപ്പും ശരീരവേദനയും തമ്മിൽ ബന്ധപ്പെട്ടു കിടക്കുന്നുണ്ടെന്ന് കണ്ടെത്തിയത്.രണ്ട് തരം കൊഴുപ്പുകളാണ് ശരീരത്തിലടിയുന്നത്. വിസറല്‍ കൊഴുപ്പും സബ് ക്യൂട്ടേനിയസ് കൊഴുപ്പും. ജെല്ല് പോലെ ആന്തരികാവയവങ്ങള്‍ക്ക് ചുറ്റിലുമായടിയുന്ന കൊഴുപ്പാണ് വിസറല്‍ കൊഴുപ്പ്. ഇതാണ് ശരീരത്തിന് വില്ലനാവുന്നത്. ഉന്തിയ വയറും വിസ്താരത്തിലുള്ള അരക്കെട്ടും വിസറല്‍ ഫാറ്റ് ഉണ്ടെന്നതിന് തെളിവാണ്. ക്യൂട്ടേനിയസ് കൊഴുപ്പ് ഉദരത്തിലെ ചര്‍മത്തിന് താഴെ അടിഞ്ഞുകൂടുന്ന കൊഴുപ്പാണ്. ഇത് പൊതുവേ അപകടരഹിതമാണ്.

അപകടങ്ങളെന്ത്?

കുടവയറിന് കാരണമാവുന്ന വിസറല്‍ കൊഴുപ്പ് ആന്തരികാവയവങ്ങളോട് ചേര്‍ന്നാണിരിക്കുന്നത്. ഇത് ഒരു അവയവം പോലെ പ്രവര്‍ത്തിച്ച് ഹോര്‍മോണുകളും നീര്‍വീക്കത്തിനിടയാക്കുന്ന രാസഘടകങ്ങളും പുറപ്പെടുവിക്കുന്നു.

ഹൃദയധമനീരോഗങ്ങള്‍

വിസറല്‍ കൊഴുപ്പ് ധമനികളില്‍ തടസങ്ങള്‍ രൂപപ്പെടാന്‍ ഇടയാക്കാം, കൂടാതെ വിസറല്‍ കൊഴുപ്പ് കോശങ്ങള്‍ സൈറ്റോകൈനുകള്‍ എന്ന രാസപദാര്‍ഥങ്ങള്‍ പുറത്തുവിടുന്നു. ഇത് ഹൃദയധമനീരോഗങ്ങള്‍ക്കുള്ള അപകട സാധ്യത വര്‍ധിപ്പിക്കുന്നു. ഇത് ട്രൈഗ്ലിസറൈഡ് നിരക്കും കൊളസ്‌ട്രോളും രക്തസമ്മര്‍ദ്ദവും വര്‍ധിപ്പിക്കുന്നു.

ഇന്‍സുലിന്‍ പ്രതിരോധം

അടിവയറിലെ കൊഴുപ്പ് ഇന്‍സുലിന്‍ പ്രതിരോധമുണ്ടാക്കാം. ഇത് രക്തത്തിലെ ഗ്ലൂക്കോസ് നിരക്ക് ഉയര്‍ത്തുന്നു, പ്രമേഹ സാധ്യത വര്‍ധിപ്പിക്കുന്നു.

നീര്‍ക്കെട്ട്

വയറിലെ കൊഴുപ്പ് നീര്‍ക്കെട്ട് ഉണ്ടാക്കാന്‍ സാധ്യതയുള്ള തരം കൊഴുപ്പാണ്. നീര്‍ക്കെട്ടുണ്ടാക്കുന്ന രാസപദാര്‍ഥങ്ങള്‍ പുറപ്പെടുവിക്കുന്നതു വഴി സന്ധിനാതരോഗങ്ങള്‍, പേശീവേദന, ശരീരവേദന, മറ്റ് നീര്‍ക്കെട്ടുകള്‍ ധമനിയിലെ നീര്‍ക്കെട്ടുകള്‍ എന്നിവയ്ക്കിടയാക്കാം. കുടല്‍ഭാഗത്തുനിന്നുള്ള രക്തം കരളിലേക്കു വഹിച്ചുകൊണ്ടുപോവുന്ന പോര്‍ട്ടല്‍ വെയിന്‍ എന്ന സിരയുടെ അടുത്തായാണ് വിസറല്‍ ഫാറ്റ് ശേഖരിക്കപ്പെടുന്നത്.അതുകൊണ്ട് ഫ്രീ ഫാറ്റി ആസിഡുകളുള്‍പ്പെടെയുള്ള പദാര്‍ഥങ്ങള്‍ നേരെ കരളിലേക്ക് പോകാനിടയുണ്ട്. അങ്ങനെ രക്തത്തിലെ ലിപിഡ് പദാര്‍ഥങ്ങളുടെ നിര്‍മാണത്തെ സ്വാധീനിക്കാം. ഇത് അര്‍ബുദം, പക്ഷാഘാതം, ലൈംഗികപ്രവര്‍ത്തന തകരാറുകള്‍, ഉറക്കപ്രശ്‌നങ്ങള്‍, വാസ്‌കുലാര്‍ ഡിമന്‍ഷ്യ എന്നിവയ്ക്കും സാധ്യത കൂടുതലാണ്.

ചിലതരം കാൻസറുകൾ

വയറിൽ കൊഴുപ്പടിയുന്നത് ചിലയിനം കാൻസറുകൾക്കും കാരണമാകുന്നുണ്ടെന്നാണ് വിദ​ഗ്ധർ‌ പറയുന്നത്. വൻകുടലിനെയും മലാശയത്തെയും ബാധിക്കുന്ന കാൻസറുകൾക്കും സ്തനാർബു​ദത്തിനും പാൻക്രിയാറ്റിക് കാൻസറിനുമൊക്കെ ഇത് കാരണമായേക്കാം എന്നാണ് പറയുന്നത്. ഇതിനുപിന്നിലെ യഥാർഥകാരണം വ്യക്തമല്ലെങ്കിലും ഇൻഫ്ലമേഷവനും ഹോർമോൺ അസന്തുലിതാവസ്ഥയുമാകാം കാരണം എന്നാണ് കരുതപ്പെടുന്നത്.

വയറിൽ കൊഴുപ്പടിയുന്നത് തടയാനുള്ള മാർ​ഗങ്ങൾ

 

  • ശാരീരിക പ്രവർത്തനങ്ങൾ വർധിപ്പിക്കുക എന്നതാണ് അതിൽ പ്രധാനം. വയറിലെ കൊഴുപ്പിനെ കേന്ദ്രീകരിച്ചുള്ള വ്യായാമമുറകൾ ഉൾപ്പെടെ ശീലമാക്കാം. കലോറി കുറച്ച് ശരീരമാകെയുള്ള കൊഴുപ്പ് കുറയ്ക്കുന്നതും ​ഗുണംചെയ്യും.
  • നാരുകൾ ധാരാളമടങ്ങിയ ഭക്ഷണം ശീലമാക്കുകയും വേണം. പഴങ്ങൾ, പച്ചക്കറികൾ, പയർവർ​ഗങ്ങൾ, ഹെൽത്തി ഫാറ്റുകൾ തുടങ്ങിയവ ‍ഡയറ്റിൽ ഉൾക്കൊള്ളിക്കാം. സംസ്കരിച്ച ഭക്ഷണങ്ങളും മധുരവിഭവങ്ങളും സാച്ചുറേറ്റഡ് ഫാറ്റുമൊക്കെ കുറയ്ക്കാം.
  • അമിതമദ്യപാനവും വയറിൽ കൊഴുപ്പടിയുന്നതിന് കാരണമാകാം. അതിനാൽ മദ്യപാനത്തിൽ നിയന്ത്രണം വരുത്തേണ്ടതും പ്രധാനമാണ്.
  • ഉറക്കം കുറയുന്നതും പ്രധാനഘടകമാണ്. ഉറക്കക്കുറവ് ഹോർമോൺ നിലയിൽ മാറ്റംവരുത്തുകയും ഇത് വിശപ്പ് വർധിപ്പിക്കാൻ ഇടയാക്കുകയും ചെയ്യും. ഇതിലൂടെ ഭക്ഷണം കൂടുതൽ കഴിക്കുകയും വയറിൽ കൊഴുപ്പടിയുകയും ചെയ്യും. ദിവസവും ഏഴുമുതൽ എട്ടുമണിക്കൂറോളം കൃത്യമായി ഉറങ്ങാൻ ശ്രമിക്കാം.
  • ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോ​ഗ്യത്തെതന്നെ ​​ഗുണംചെയ്യുന്നതാണ് വെള്ളംനന്നായി കുടിക്കുന്നത്. ഇത് വിശപ്പിനെ നിയന്ത്രിക്കുകയും മെറ്റബോളിസം വർധിപ്പിക്കുകയും ചെയ്യും. ഇതുവഴി വണ്ണംകുറയ്ക്കാനാവും.
  • മധുരപാനീയങ്ങൾക്കും വയറിൽ കൊഴുപ്പടിയുന്നതിൽ പ്രധാനപങ്കുണ്ട്. ഇവയും പരമാവധി കുറയ്ക്കണം.
  • ഉയർന്ന തോതിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുക. ഉയർന്ന പ്രോട്ടീൻ ശരീരത്തിലെത്തുമ്പോൾ ഭാരനിയന്ത്രണത്തിന് ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് പ്രോട്ടീൻ. വയറുനിറഞ്ഞ പ്രതീതി ലഭിക്കാൻ സഹായിക്കുന്ന വിശപ്പ് കുറയ്ക്കുന്ന ഹോർമോൺ ശരീരത്തിൽ ഉത്‌പാദിപ്പിക്കപ്പെടുന്നു. ഇതുമൂലം വിശപ്പ് കുറയുന്നു.
  • എയ്റോബിക് വ്യായാമങ്ങൾ (കാർഡിയോ വ്യായാമങ്ങൾ) ചെയ്യുന്നത് ആരോഗ്യത്തെ മെച്ചപ്പെടുത്തും. അമിത കലോറി എരിച്ചുകളയുകയും ചെയ്യും. ഇത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. എയ്റോബിക് വ്യായാമങ്ങൾ ചെയ്യുന്നത് വയറിലെ കൊഴുപ്പും അമിതഭാരവും കുറയുന്നതിന് സഹായിക്കും.

Share our post

Kerala

ബി.എഡ്.കോഴ്സിന് പിന്നാലെ എം.എഡും; ഒരുവർഷ എം.എഡ് തിരിച്ചുവരുന്നു

Published

on

Share our post

തൃശ്ശൂർ: പത്തുവർഷം മുൻപ് നിർത്തലാക്കിയ ഒരുവർഷ എം.എഡ്. കോഴ്‌സും തിരികെ വരുമെന്നുറപ്പായി. ഒരുവർഷ ബി.എഡ്. കോഴ്സ് വീണ്ടും തുടങ്ങാനുള്ള നീക്കത്തിനുപിന്നാലെയാണിത്. ഒരുവർഷ എം.എഡ്. കോഴ്‌സിന്റെ നടത്തിപ്പും പാഠ്യപദ്ധതിയും സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ ഉന്നതതലസമിതിയെ നിയോഗിച്ചിട്ടുണ്ട്.ബിരുദാനന്തര ബിരുദമോ നാലുവർഷ ബിരുദമോ കഴിഞ്ഞവർക്കാണ് ഒരുവർഷം കൊണ്ട് ബി.എഡ്. പൂർത്തിയാക്കാനാവുക. ഇതിന്റെ കരടുനിർദേശം വിദ്യാഭ്യാസമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. നിലവിലുള്ള രണ്ടുവർഷ ബി.എഡ്. കോഴ്‌സുകൾ തുടരുകയും ചെയ്യും. ഇതേപോലെ ഒരുവർഷ, രണ്ടുവർഷ എം.എഡ്. കോഴ്‌സുകളും താമസിയാതെ നിലവിൽവരും.

ബിരുദാനന്തര ബിരുദവും ബി.എഡും കഴിഞ്ഞവർക്ക് ഒരുവർഷ എം.എഡിന് ചേരാനാകും. മൂന്നുവർഷ ഡിഗ്രിയും ബി.എഡും ഉള്ളവർക്ക് രണ്ടുവർഷ എം.എഡ്. വേണം.ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക് വിവിധ രീതികൾ തിരഞ്ഞെടുക്കാനുള്ള അവസരം നൽകുകയാണ് നയത്തിന്റെ ലക്ഷ്യം. നാലുവർഷബിരുദത്തിന് തയ്യാറാകുന്ന വിദ്യാർഥികൾക്ക് കൂടുതൽ വർഷം നഷ്ടപ്പെടാതിരിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഏകവർഷകോഴ്‌സുകൾ തിരിച്ചുവരുന്നതെന്ന് കേരള കേന്ദ്രസർവകലാശാല ഡീൻ ഡോ. അമൃത് ജി. കുമാർ പറഞ്ഞു.


Share our post
Continue Reading

Kerala

ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങളില്‍ സുപ്രീംകോടതി സ്റ്റേ തുടരും

Published

on

Share our post

ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങളില്‍ സുപ്രീംകോടതിയുടെ സ്റ്റേ തുടരും. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവിനുള്ള സ്റ്റേ നീക്കണമെന്ന മൃഗ സ്‌നേഹി സംഘടനകളുടെ ആവശ്യം സുപ്രീംകോടതി നിരസിച്ചു.കേസില്‍ അടിയന്തര വാദം സാധ്യതമല്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.ശിവരാത്രി ഉത്സവങ്ങള്‍ വരാനിരിക്കെ ഉത്സവങ്ങള്‍ തടയാനുള്ള നീക്കമാണ് മൃഗസ്‌നേഹി സംഘടനയുടേതെന്ന്, തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ സുപ്രീംകോടതിയെ അറിയിച്ചു. എഴുന്നള്ളിപ്പില്‍ മൂന്നു മീറ്റര്‍ അകലത്തില്‍ ആനകളെ നിര്‍ത്തണം എന്നുള്ള ഹൈക്കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശം അപ്രായോഗികമാണെന്നു നീരീക്ഷിച്ചാണ് സുപ്രീംകോടതി നേരത്തെ സ്റ്റേ അനുവദിച്ചത്.


Share our post
Continue Reading

Kerala

മകന് കരള്‍ പകുത്തുനല്‍കി അച്ഛന്‍; ചികിത്സയ്ക്കിടെ രണ്ടുപേരും മരിച്ചു

Published

on

Share our post

കൊച്ചി: കരള്‍സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കലൂര്‍ ദേശാഭിമാനി റോഡ് കല്ലറക്കല്‍ പരേതനായ കെ.വൈ. നസീറിന്റെ (ഫ്‌ളോറ വെജിറ്റബ്ള്‍സ് എറണാകുളം മാര്‍ക്കറ്റ്) മകന്‍ ത്വയ്യിബ് കെ നസീര്‍ (26) ആണ് മരിച്ചത്.ത്വയ്യിബിന് കരള്‍ദാനം ചെയ്തതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കേയാണ് കഴിഞ്ഞ ഏപ്രില്‍ ഒന്നിന് നസീര്‍ മരണപ്പെട്ടത്. പിന്നാലെയാണ് മകന്റെ മരണം.

ത്വയ്യിബിനെ കലൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കി. മാതാവ്. ശ്രീമൂലനഗരം പീടിയേക്കല്‍ കുടുംബാംഗം ഷിജില. സഹോദരങ്ങള്‍: ഷിറിന്‍ കെ നസീര്‍ (അടിവാട്, കോതമംഗലം), ആയിഷ നസീര്‍. സഹോദരി ഭര്‍ത്താവ് ആഷിഖ് അലിയാര്‍ അടിവാട്.കരള്‍സംബന്ധമായ രോഗത്തെ തുടര്‍ന്നാണ് ത്വയ്യിബിന് ഡോക്ടര്‍മാര്‍ കരള്‍മാറ്റ ശസ്ത്രക്രിയക്ക് നിര്‍ദേശിക്കുകയും പിതാവിന്റെ കരള്‍ മാറ്റിവയ്ക്കുകയുമായിരുന്നു. റോബോട്ടിക് ശസ്ത്രക്രിയക്കിടെ ഹൃദയത്തിലേക്കുള്ള പ്രധാന ഞരമ്പിന് ക്ഷതമേറ്റതിനെ തുടര്‍ന്ന് നസീറിനെ തീവ്രപരിചരണ യൂണിറ്റില്‍ പ്രവേശിച്ചെങ്കിലും മരിച്ചു. ത്വയ്യിബ് ദീര്‍ഘനാളായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എം.ബി.എ ബിരുദധാരിയായ ത്വയ്യിബ് പഠനത്തിന് ശേഷം പിതാവിനൊപ്പം പച്ചക്കറി വ്യാപാരത്തില്‍ ചേരുകയായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!