എം.എസ്‌.എഫ്‌ നേതാക്കളെ തിരിച്ചെടുത്തതും പ്രതിസന്ധി; നേതൃത്വത്തിനെതിരെ ലീഗിനുള്ളിൽ കലാപം

Share our post

മലപ്പുറം : മുസ്ലിംലീഗിനെ പിടിച്ചുകുലുക്കിയ ഹരിത വിവാദത്തിൽ പുറത്താക്കപ്പെട്ട എം.എസ്‌.എഫ്‌ നേതാക്കളെ ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്ത്‌ തിരിച്ചെടുത്തതിനെച്ചൊല്ലി ലീഗിനുള്ളിൽ വിവാദം കനക്കുന്നു. പാർടിയെ പ്രതിസന്ധിയിലാക്കിയവരെ തിരിച്ചെടുത്തതിനെതിരെ ചില നേതാക്കൾ പരസ്യമായി രംഗത്തുവന്നതിനുപുറമേ യൂത്ത്‌ ലീഗിന്റെയും എം.എസ്‌.എഫിന്റെയും പ്രാദേശിക ഗ്രൂപ്പുകളിലും വിമർശം ശക്തമാണ്‌. മുതിർന്ന നേതാവിനെ ചിലർ ബ്ലാക്ക്‌ മെയിൽചെയ്‌ത്‌ ഭീഷണിപ്പെടുത്തിയാണ്‌ തിരിച്ചെടുത്തത്‌ എന്നാണ്‌ ആരോപണം.

എം.എസ്‌.എഫ്‌​ അഖിലേന്ത്യാ വൈ​സ്​ പ്ര​സി​ഡന്റാ​യി​രു​ന്ന അ​ഡ്വ. ഫാ​ത്തിമ തഹ്‌ലിയ, മുഫീദ തസ്‌നി, നജ്‌മ തബ്‌ഷീറ, സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ്‌ തുറയൂർ, വൈസ്‌ പ്രസിഡന്റ്‌ പി. പി ഷൈജൽ, ആശിഖ്‌ ചെലവൂർ എന്നിവരെയാണ്‌ പുറത്താക്കിയിരുന്നത്‌. സംസ്ഥാന പ്രസിഡന്റ്‌ പി. കെ നവാസിനെതിരെ എം.എസ്‌.എഫ്‌ വിദ്യാർഥിനി വിഭാഗമായ ഹരിതയുടെ നേതാക്കൾ വാർത്താസമ്മേളനം നടത്തി ലൈംഗിക അധിക്ഷേപ പരാതി ഉന്നയിക്കുകയും വനിതാ കമീഷനിലും പൊലീസിലും പരാതി നൽകുകയുംചെയ്‌തതിനെത്തുടർന്നാണ്‌ ഇവരെ പുറത്താക്കിയിരുന്നത്‌.

ഹരിത നേതാക്കളെ പിന്തുണച്ചതിനാണ്‌ ലത്തീഫിനെയും ഷൈജലിനെയും ആശിഖിനെയും പുറത്താക്കിയത്‌. ലീഗിലും പുറത്തും ഇത്‌ വിവാദമായെങ്കിലും പി കെ നവാസിനെതിരെ നടപടിയെടുക്കാൻ നേതൃത്വം തയ്യാറായിരുന്നില്ല. മുസ്ലിംലീഗിലെ വിഭാഗീയതയും രൂക്ഷമാക്കിയ വിഷയമായിരുന്നു ഇത്‌.

നവാസിനെതിരെ നടപടി വേണമായിരുന്നു എന്ന്‌ ഇ. ടി മുഹമ്മദ്‌ ബഷീർ എം.പി പരസ്യമായി അഭിപ്രായപ്പെട്ടിരുന്നു. ഈ വർഷം ഏപ്രിൽ 30നാണ്‌ ഷൈജൽ ഒഴികെയുള്ളവരെ തിരിച്ചെടുത്തത്‌. ഫാത്തിമ തസ്‌ലിയയെ യൂത്ത്‌ ലീഗ്‌ സംസ്ഥാന സെക്രട്ടറിയായും മുഫീദ തസ്‌നി, ആശിഖ്‌ ചെലവൂർ എന്നിവരെ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റായും നജ്‌മ തബ്‌ഷീറയെ സംസ്ഥാന സെക്രട്ടറിയുമാക്കിയാണ്‌ തിരിച്ചെടുത്തത്‌.

ലത്തീഫ്‌ തുറയൂരിനെ എം.എസ്‌.എഫ്‌ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റുമാക്കി. തിരിച്ചെടുക്കലിനെതിരെ വനിതാ ലീഗ്‌ നേതാവ്‌ നൂർബീന റഷീദ്‌ പരസ്യമായി രംഗത്തുവന്നിരുന്നു. ഇഡി കേസിൽ പാർടിയെ പൂട്ടാനുള്ള രേഖകൾ കൈക്കലാക്കി ഇതുവച്ച്‌ ഭീഷണിപ്പെടുത്തിയതാണ്‌ തിരിച്ചെടുക്കാൻ കാരണമെന്നാണ്‌ എം.എസ്‌.എഫിന്റെയും യൂത്ത്‌ ലീഗിന്റെയും പ്രാദേശിക സമൂഹമാധ്യമ ഗ്രൂപ്പുകളിൽ ചിലർ ഉന്നയിക്കുന്നത്‌. ‘25 ലക്ഷം കൈയിലാക്കി ഈ ഓപ്പറേഷന്‌ ചുക്കാൻ പിടിച്ച ഏറനാട്ടെ യൂദാസിന്‌, തന്നെ ഒരുമാസത്തിനകം യൂത്ത്‌ ലീഗ്‌ സംസ്ഥാന കമ്മിറ്റി അംഗമാക്കണമെന്ന ആവശ്യമുണ്ട്‌’ എന്നും ചിലർ ആരോപിക്കുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!