എൻ.എസ്.എസ് വിദ്യാർഥികളുടെ കരുതല്‍; സ്നേഹ വീടൊരുങ്ങി
ഇരിട്ടി : എടത്തൊട്ടി ഡി പോൾ കോളേജ് നാഷണൽ സർവീസ് സ്കീം വിദ്യാർഥികളുടെ സ്നേഹക്കരുതലിൽ ഒരു കുടുംബത്തിനുകൂടി വീടായി. 90 ദിവസംകൊണ്ടാണ് എടത്തൊട്ടി ഡി പോൾ കോളജ് ‘ഡി ഹോം’ പദ്ധതി പ്രകാരം കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെയും കണ്ണൂർ സർവകലാശാലയുടെയും സഹകരണത്തോടെ എടത്തൊട്ടിയിൽ മാതാപിതാക്കളും മൂന്നുമക്കളും അടങ്ങുന്ന കുടുംബത്തിനു വീട് പണിതുനൽകുന്നത്.
കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ കണ്ണൂർ സർവകലാശാലയിൽ എൻ.എസ്.എസ്. നേതൃത്വത്തിൽ നിർമിക്കുന്ന 50 വീടുകളിൽ ആദ്യ വീടാണിത്. വൈസ് ചാൻസലർ ഡോ. എസ്. ബിജോയി നന്ദൻ മൂന്നിന് രാവിലെ 10-ന് താക്കോൽ കൈമാറും. കണ്ണൂർ സർവകലാശാല ഡി.എസ്.എസ്. ഡോ. നഫീസ ബേബി മുഖ്യാതിഥിയാകും. മാനേജർ ഫാ. ജോർജ് പൊട്ടയിൽ അധ്യക്ഷത വഹിക്കും.
പാവപ്പെട്ട കുടുംബങ്ങൾക്ക് ‘ഡി ഹോം’ പദ്ധതി പ്രകാരം എൻ.എസ്.എസ്. യൂണിറ്റിന്റെ സാമൂഹികപ്രതിബദ്ധതയിൽനിന്ന് ഉയർന്ന അഞ്ചാമത്തെ ‘സ്നേഹവീടാ’ണിത്. ഏഴുലക്ഷം രൂപ ചെലവിൽ 450 ചതുരശ്രയടിയിലാണ് വീട് നിർമിച്ചത്. കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ നാലുലക്ഷം രൂപയും ബാക്കി തുക വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, നാട്ടുകാർ എന്നിവരിൽനിന്നും സ്വരൂപിച്ചു. എടത്തൊട്ടി സെയ്ന്റ് വിൻസന്റ് പള്ളിയാണ് വീട് പണിയാനായി 4.5 സെൻറ് സൗജന്യമായി നൽകിയത്. എൻ.എസ്.എസ്. പ്രോഗ്രാം ഓഫിസർ കെ. ജെസി നേതൃത്വം നൽകി.
ഈ അധ്യയനവർഷം ആദ്യം കൈമാറിയ ഗൃഹശ്രീ പദ്ധതി സഹകരണത്തോടെയുള്ള വീടിന് ഒൻപതുലക്ഷം രൂപ ചെലവായി. 1.75 ലക്ഷം രൂപ ഗൃഹശ്രീ സഹായം ലഭിച്ചപ്പോൾ ബാക്കി തുക കോളജ് എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിലാണ് സമാഹരിച്ചതെന്നും താക്കോൽ കൈമാറ്റ ചടങ്ങിനൊപ്പം കോളജ് ദിനാഘോഷവും നടക്കുമെന്നും പ്രിൻസിപ്പൽ ഫാ. പീറ്റർ ഊരോത്ത്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ കെ. ജെസി, കൊമേഴ്സ് വിഭാഗം മേധാവി ഡോ. അബ്രാഹം ജോർജ്, വി.എം. മോഹൻരാജ്, തോമസ് പോൾ എന്നിവർ അറിയിച്ചു.
