പേരാവൂരിൽ മുക്കുപണ്ടം പണയം വയ്ക്കാന്‍ ശ്രമിച്ച സഹകരണ ബാങ്ക് ജീവനക്കാരനെതിരെ കേസ്
പേരാവൂര്‍: കാനറ ബാങ്കിന്റെ പേരാവൂര്‍ ശാഖയില്‍ മുക്കുപണ്ടം പണയം വയ്ക്കാൻ ശ്രമിച്ച സഹകരണ ബാങ്ക് ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു. മുഴക്കുന്ന് സഹകരണ ബാങ്ക് സായാഹ്ന ശാഖ ജീവനക്കാരൻ വിളക്കോട് വേണ്ടേക്കുംചാൽ വീട്ടിൽ വി. സി. സുരേഷിനെതിരെയാണ് പേരാവൂർ പോലീസ് കേസെടുത്തത്.
ബുധനാഴ്ചയാണ് സംഭവം. കനറാ ബാങ്ക് പേരാവൂർ ശാഖയിൽ ഒൻപത് പവന്‍ (72 ഗ്രാം) മുക്കുപണ്ടം പണയപ്പെടുത്താൻ എത്തിയ സുരേഷിനെ ബാങ്ക് മാനേജരുടെ പരാതിയിൽ പേരാവൂര്‍ പോലീസെത്തി പിടികൂടുകയായിരുന്നു.
ഒരു വള, രണ്ട് ബ്രേസ് ലെറ്റ്, ഒരു പാദസരം എന്നിവയാണ് സുരേഷ് പണയം വെക്കാൻ ശ്രമിച്ചത്.ബാങ്കിലെ അപ്രൈസർ പരിശോധിച്ചപ്പോഴാണ് മുക്കു പണ്ടമാണെന്ന് തിരിച്ചറിഞ്ഞത്.ഐ.പി.സി 511,420 വകുപ്പുകൾ പ്രകാരമാണ് കേസ്. പേരാവൂർ എസ്.ഐ. കെ. ജെ. ജോർജ് കേസെടുത്ത് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
