ആച്ചുവിന് ഇനി യാത്രപോകാം… ടുട്ടുവിനെയും മിട്ടുവിനെയും പട്ടിണിക്കിടാതെ

Share our post

കണ്ണൂർ: കുടുംബാംഗങ്ങൾ വിനോദയാത്രകൾ പോകുമ്പോഴെല്ലാം യാത്രാപ്രേമിയായ ഹിദാഷ്(ആച്ചു) എന്ന പത്താംക്ലാസുകാരൻ ആഗ്രഹം ഉള്ളിലൊതുക്കി വീട്ടിൽ ചടഞ്ഞിരിക്കാറാണ് പതിവ്. താൻ യാത്രപോയാൽ ‘സൺ കോന്യൂർ’ ഇനത്തിൽപ്പെട്ട ടുട്ടുവും മിട്ടുവും ‘പൈനാപ്പിൾ കോന്യൂർ’ ഇനത്തിൽപ്പെട്ട പൈനുവും ഉൾപ്പെടെയുള്ള അലങ്കാരപ്പക്ഷികൾ പട്ടിണിയിലാകും. ഇതിനൊരു പരിഹാരമെന്തെന്നായിരുന്നു ഹിദാഷിന്റെ മനസ്സിലെപ്പോഴും.

‘ഓട്ടോമാറ്റിക് ബേഡ് ഫീഡിങ്’ സംവിധാനം

യാത്ര പോയാലും പ്രിയ കൂട്ടുകാർ എങ്ങനെ പട്ടിണിയിലാവാതെ കഴിയാം എന്ന ചിന്തയിൽനിന്നാണ് ‘ഓട്ടോമാറ്റിക് ബേഡ് ഫീഡിങ്’ സംവിധാനത്തിന്റെ പിറവി.

ഇതിനായി തയ്യാറാക്കിയ മൊബൈൽ ആപ്പു വഴി നിയന്ത്രിക്കുന്ന സംവിധാനമാണ് ഹിദാഷ് തയ്യാറാക്കിയത്.

സമയം ക്രമീകരിച്ചു നൽകിയാൽ മാത്രം മതി ഭക്ഷണവും വെള്ളവും കൃത്യസമയത്ത് കൂട്ടിലെ പാത്രത്തിലെത്തും. പഴങ്ങൾ കേടുകൂടാതിരിക്കാൻ ശീതീകരണ സംവിധാനവുമുണ്ട്.

കൂടിന്റെ താഴെയുള്ള ടാങ്കിൽനിന്ന് ഫീഡിങ് സംവിധാനവുമായി ഘടിപ്പിച്ചിരിക്കുന്ന പൈപ്പുവഴി കുടിവെള്ളം പക്ഷിക്കൂടിനുള്ളിലെ ചെറിയ പാത്രങ്ങളിലെത്തും.

സൂര്യകാന്തി വിത്തുകളും ഫ്രഷ് പഴങ്ങളും കൂട്ടിനുള്ളിലെ വിവിധ ഭക്ഷണപാത്രങ്ങളിലെത്തിക്കുന്നതിനായി വിവിധ കണ്ടെയ്നറുകൾ കൂടെ ഉൾപ്പെടുത്തി ഫീഡിങ് സംവിധാനം വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഹിദാഷ്.

ആദ്യപ്രദർശനം ശാസ്ത്രമേളയിൽ

ഈ അധ്യയനവർഷത്തെ ജില്ലാ ശാസ്ത്രമേളയിൽ മിനിയേച്ചർ പ്രവർത്തനമാതൃകയായിട്ടാണ് ഈ സംവിധാനം ആദ്യം നിർമിച്ചത്. പിന്നീട് വർണപ്പക്ഷികളുടെ കൂട്ടിൽ ഫീഡിങ് സംവിധാനം ഘടിപ്പിക്കുകയായിരുന്നു. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിനുകീഴിലുള്ള നാഷണൽ ഇന്നൊവേഷൻ ഫൗണ്ടേഷന്റെ ഇൻസ്പെയർ പുരസ്കാരത്തിനുള്ള സംസ്ഥാനതല മത്സരത്തിലേക്ക് ആച്ചുവിന്റെ ബേഡ് ഫീഡിങ് സംവിധാനം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഇപ്പോൾ 40-ലധികം പക്ഷികൾ വീട്ടിലുണ്ട്. ഇവയുടെ വിൽപ്പനയുമുണ്ട്. പറക്കും അണ്ണാനെന്ന് വിളിക്കുന്ന ഷുഗർ ഗ്ലൈഡറും ഇവിടെയുണ്ട്.

കണ്ണാടിപ്പറമ്പ് ജി.എച്ച്.എസ്.എസ്. സ്കൂൾ വിദ്യാർഥിയാണ് ഹിദാഷ്. കണ്ണൂർ കോട്ടക്കുന്ന് സി. റഫീക്ക് ചെപ്പിലാട്ടിന്റെയും കണ്ണാടിപ്പറമ്പ് സ്കൂളിലെ അധ്യാപികയായ അസ്മാബിയുടെയും മകൻ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!