ബാറിലെ കൊലപാതകം; പോലീസ് കുറ്റപത്രം സമർപ്പിച്ചു
കണ്ണൂർ: കാട്ടാമ്പള്ളി ബാറിനു മുന്നിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. വളപട്ടണം കീരിയാട് സ്വദേശി ടി.പി.റിയാസ് (43) കുത്തേറ്റ് മരിച്ച കേസിലാണിത്. അഴീക്കോട് മൂന്നുനിരത്ത് സ്വദേശി ജിം നിസാം, ഒളിവിൽ കഴിയാൻ സഹായിച്ച കൊയിലാണ്ടി ചേമഞ്ചേരി പൂക്കോട്ട് സ്വദേശി ടി.പി.നജീബ് എന്നിവരെ പ്രതികളാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്.
മയ്യിൽ പോലീസാണ് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ കുറ്റപത്രം സമർപ്പിച്ചത്. ജൂലായ് 13-ന് കാട്ടാമ്പള്ളി കൈരളി ബാറിന് പുറത്തുവെച്ച് കുത്തേറ്റ റിയാസ് പിറ്റേ ദിവസം പുലർച്ചെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ മരിച്ചു. റിയാസിന്റെ സുഹൃത്തായ സന്ദീപിനെ നിഷാമും മറ്റും മർദിച്ചിരുന്നു. ഇത് തടയുന്നതിനിടെയാണ് റിയാസിന് കുത്തേറ്റത്.
നിസാം അരയിൽ കരുതിയ കത്തികൊണ്ട് നെഞ്ചിന് കുത്തുകയായിരുന്നുവെന്നാണ് കേസ്. കുത്താനുപയോഗിച്ച കത്തി സംഭവം നടന്ന ദിവസം തന്നെ പോലീസ് സ്ഥലത്തു നിന്നും കണ്ടെത്തിയിരുന്നു. സംഭവത്തെ തുടർന്ന് സ്കൂട്ടറിൽ രക്ഷപ്പെട്ട നിസാം അഞ്ചു ദിവസങ്ങളിലായി ഒളിവിൽ കഴിഞ്ഞ ശേഷം അഴീക്കോട് തിരിച്ചെത്തിയപ്പോഴാണ് പോലീസിന്റെ പിടിയിലായത്. കണ്ണൂർ എ.സി.പി. ടി.കെ.രത്നകുമാറിന്റെ മേൽനോട്ടത്തിൽ മയ്യിൽ പോലീസ് ഇൻസ്പെക്ടർ ടി.പി.സുമേഷിന്റെ നേത്യത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ചാണ് കേസന്വേഷണം നടത്തിയത്.
