സംസ്ഥാന പോലീസിൽ വൻ അഴിച്ചുപണി; ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് കൂട്ടസ്ഥലംമാറ്റവും അധികച്ചുമതലയും
തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയുടെ തലപ്പത്ത് വൻ അഴിച്ചുപണി. നിരവധി ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റവും അധിക ചുമതലയും നൽകിക്കൊണ്ടുള്ള ഉത്തരവ് വെള്ളിയാഴ്ച പുറത്തുവന്നു.
കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി സുനിൽ എം.എല്ലിനെ തിരുവനന്തപുരം റെയ്ഞ്ച് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് പൊലീസ് സൂപ്രണ്ടായി മാറ്റി നിയമിച്ചു. കാസർകോട് എസ്.പി വൈഭവ് സക്സേന എറണാകുളം റൂറൽ എസ്.പിയാകും. തിരുവനന്തപുരം റൂറൽ എസ്.പി ഡി.ശിൽപയാകും കോഴിക്കോട് റൂറൽ പൊലീസ് മേധാവി. തിരുവനന്തപുരം റെയ്ഞ്ച് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് പൊലീസ് സൂപ്രണ്ട് പി. ബിജോയിയെ കാസർകോട് എസ്.പിയായി മാറ്റി നിയമിച്ചു.
കോഴിക്കോട് സിറ്റി ഡി.സി.പി കെ.ഇ.ബൈജുവിന് റാപ്പിഡ് റെസ്പോൺസ് ആൻഡ് റെസ്ക്യൂ ഫോഴ്സസ് ബറ്റാലിയൻ കമാൻഡന്റായി നിയമനം നൽകി. കെ.എ.പി നാലാം ബറ്റാലിയൻ കമാന്റന്റ് വിഷ്ണു പ്രദീപ് ടി.കെയെ ഇടുക്കി ജില്ലാ പൊലീസ് മേധാവിയാക്കി മാറ്റി നിയമിച്ചു. റാപിഡ് റെസ്പോൺസ് ആൻഡ് റെസ്ക്യൂ ഫോഴ്സ് ബറ്റാലിയൻ കമൻഡാന്റ് അനൂജ് പലിവാളിനെ കോഴിക്കോട് സിറ്റി ഡി.സി.പിയായും നിയമിച്ചു.
