എം.വി.ഡി.യുമായുള്ള കരാർ റദ്ദാക്കി തപാൽ വകുപ്പ്; ലൈസൻസും ആർ.സി.യും കാത്തിരിക്കുന്നവർ കുടുങ്ങി
ലൈസൻസ് ഉൾപ്പെടെയുള്ളവ വിതരണം ചെയ്ത വകയിൽ കിട്ടാനുള്ള തുക കുടിശ്ശികയായതോടെ സംസ്ഥാന മോട്ടോർ വാഹന വകുപ്പുമായുള്ള കരാർ തപാൽവകുപ്പ് റദ്ദാക്കി. ഇതോടെ മോട്ടോർ വാഹന വകുപ്പിൽനിന്ന് ലൈസൻസ് ആർ.സി. ഉൾപ്പെടെയുള്ള രേഖകൾ സ്പീഡ് പോസ്റ്റിൽ അയക്കാതായി. ഇവ മോട്ടോർ വാഹനവകുപ്പ് ഓഫീസിൽ കെട്ടിക്കിടക്കുകയാണ്.
2.08 കോടി രൂപയാണ് മോട്ടോർ വാഹന വകുപ്പ് തപാൽ വകുപ്പിന് നൽകാനുള്ളത്. 2023 ജൂലായ് മുതൽ സെപ്റ്റംബർ വരെയുള്ള തുകയാണിത്. നവംബർ ഒന്നുമുതലാണ് മോട്ടോർ വാഹനവകുപ്പുമായുള്ള ബി.എൻ.പി.എൽ. (ബുക്ക് നൗ പേ ലേറ്റർ- ഇപ്പോൾ ബുക്ക് ചെയ്യുക പിന്നീട് പണമടയ്ക്കുക സൗകര്യം) കരാർ തപാൽവകുപ്പ് അവസാനിപ്പിച്ചത്.
ലൈസൻസ്, ആർ.സി. ഉൾപ്പെടെയുള്ള രേഖകൾ മോട്ടോർ വാഹനവകുപ്പിൽനിന്ന് സ്വീകരിച്ച് സ്പീഡ് പോസ്റ്റ് വഴി തപാൽ വകുപ്പാണ് വിതരണം ചെയ്തിരുന്നത്. ഇതിനായി മോട്ടോർ വാഹന വകുപ്പ് നൽകേണ്ട തുകയാണ് കുടിശ്ശികയായത്. കഴിഞ്ഞ ദിവസമാണ് ചീഫ് പോസ്റ്റ് മാസ്റ്റർ ഓഫീസിൽനിന്ന് കരാർ അവസാനിപ്പിച്ച് ഉത്തരവ് പുറത്തിറക്കിയത്.
വിതരണം മുടങ്ങിയതോടെ നൂറുകണക്കിന് ആളുകളുടെ ലൈസൻസ്, ആർ.സി എന്നിവ എപ്പോൾ ലഭിക്കുമെന്നത് മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്കും പറയാനാകുന്നില്ല. വിദേശത്തേക്ക് പോകുന്നവരുടെ അന്താരാഷ്ട്ര ലൈസൻസ് ആർ.ടി.ഒ. ഓഫീസിൽനിന്ന് നേരിട്ട് പ്രിന്റ് ചെയ്ത് കൊടുക്കുന്നുണ്ട്. മറ്റ് ലൈസൻസുകൾ കാക്കനാടുള്ള ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിൽ നിന്നാണ് പ്രിന്റ് ചെയ്ത് സ്പീഡ് പോസ്റ്റ് വഴി അയച്ചുകൊടുക്കുന്നത്.
സ്പീഡ് പോസ്റ്റ് വരുന്നതിന് മുൻപ് ആവശ്യമായ സ്റ്റാമ്പ് ഒട്ടിച്ച കവർ മോട്ടോർ വാഹന വകുപ്പിൽ ലൈസൻസിനുള്ള അപേക്ഷയോടൊപ്പം നല്കണമായിരുന്നു. അപേക്ഷകൻ സ്റ്റാമ്പൊട്ടിച്ച് നൽകുന്ന കവറിലാണ് രേഖകൾ അയച്ചിരുന്നത്. കരാർ നിലവിൽ വന്നതോടെയാണ് സ്റ്റാമ്പ് ഒട്ടിച്ച കവർ ഒഴിവാക്കിയത്.
