ആറളം യു.പിയിലെ മാവിൻ ചുവട്ടിൽ കുട്ടികൾക്ക് അക്ഷര വസന്തം

Share our post

ഇരിട്ടി : ആറളം ഗവ.യു.പി സ്കൂൾ കുട്ടികളുടെ കുഞ്ഞുമനസും സ്കൂൾ മുറ്റവും തുറന്ന പുസ്തകമാണ്; അവിടെ എഴുത്തും വരയും വായനയും ഓപ്പണായി നടക്കുന്നു.വിശ്വ കഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ വായനയും എഴുത്തും മാങ്കോസ്റ്റിൻ ചുവട്ടിലായിരുന്നെങ്കിൽ ആറളത്തിന്റെ കഥാകാരന്മാരുടെയും കഥാകാരികളുടെയും വായനയും എഴുത്തും സ്കൂൾ മുറ്റത്തെ നമ്പ്യാർ മാവിൻ ചുവട്ടിലാണ്. മാവിൻ ചുവടാണ് സ്കൂളിന്റെ ഓപ്പൺ ലൈബ്രറി.

അവിടെയുള്ള മുന്നൂറോളം പുസ്തകങ്ങൾ ആർക്കും എപ്പോഴും എടുത്ത് വായിക്കാം. അനുഭവക്കുറിപ്പെഴുതാം. സ്വന്തം കവിതയും കഥയും വരയുമാണെങ്കിൽ മാവിൻ ചില്ലകളിൽ വവ്വാലുകളെ പോലെ തൂക്കിയിടുകയും ചെയ്യാം. കുട്ടികളുടെ നൂറിലധികം കലാ സൃഷ്ടികളാണു മാവിൻ ചില്ലകളിൽ ആർക്കും വായിക്കാൻ പാകത്തിൽ തൂങ്ങിക്കിടക്കുന്നത്.

മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലിഷിലും അറബിക്കിലും എഴുതിയ കഥകളും കവിതകളും ഇവിടെയുണ്ട്. അടച്ചു പൂട്ടിയ ചില്ല് അലമാരയിൽ പുസ്തകങ്ങൾ തിരയാനുള്ള കുട്ടികളുടെ മടി തിരിച്ചറിഞ്ഞ പ്രധാനാധ്യാപകൻ ടി.കെ.മുഹമ്മദിന്റെ ആശയമാണ് ഓപ്പൺ ലൈബ്രറി. ഒപ്പം അധ്യാപകരായ പി.സി.സവിത, എം.ഒ.പവിത്രൻ, ടി.പി.ഷിജിമ, ടിസി കെ.ജോയ്, സക്കറിയ വിളക്കോട്, പി.വി.ഷീജ, ടി.എസ്.ബിനി എന്നിവരും ഒത്തു ചേർന്നതോടെ ഓപ്പൺ ലൈബ്രറി യാഥാർഥ്യമായി. കുട്ടികൾ കൂട്ടത്തോടെ ഓപ്പൺ ലൈബ്രറിയിൽ എത്താൻ തുടങ്ങിയതോടെ വായനയുടെയും എഴുത്തിന്റെയും ലോകം വിപുലമായി.

കുട്ടികളുടെ അക്ഷര സ്നേഹം കണ്ടറിഞ്ഞ സണ്ണി ജോസഫ് എം.എൽ.എ 2000 രൂപയുടെ പുസ്കതകങ്ങൾ നൽകി. പൂർവ വിദ്യാർഥികളുടെ കൂട്ടായ്മയുടെ വാഗ്ദാനം 5000 രൂപയുടെ പുസ്തകങ്ങളാണ്, പൂർവ വിദ്യാർഥിയായ പി.പി.വിനയൻ എല്ലാ മാസവും 25 പുസ്തകങ്ങൾ ഓപ്പൺ ലൈബ്രറിയേക്ക് നൽകുന്നു. മാവു പൂക്കുന്ന കാലം അടുക്കുന്തോറും മാവിൻ ചുവട്ടിലെ എഴുത്തും വരയും വായനയും തളിർത്തു കൊണ്ടേയിരിക്കുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!