നാലുവർഷ ബിരുദ പ്രോഗ്രാം കണ്ണൂർ സർവകലാശാല നടപടി ക്രമങ്ങൾ ആരംഭിച്ചു
കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ നാലുവർഷ ബിരുദ പ്രോഗ്രാമുകൾ അടുത്ത അദ്ധ്യയന വർഷം മുതൽ ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട പ്രാരംഭനടപടികൾ ആരംഭിച്ചുവെന്നും മാർച്ച് അവസാനത്തോടുകൂടി ഇത് പൂർത്തിയാകുമെന്നും സർവകലാശാല അറിയിച്ചു.
കണ്ണൂർ സർവകലാശാലാ ആസ്ഥാനത്ത് വച്ച് ചേർന്ന കരിക്കുലം കമ്മിറ്റിയുടെയും സംഘടനാ പ്രതിനിധികളുടെയും ഡീൻമാരുടെയും യോഗത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ സർവകലാശാല അറിയിച്ചത്. യോഗം സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.നാലുവർഷ ബിരുദ പ്രോഗ്രാമുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട കേരള സർക്കാരിന്റെയും ഉന്നത വിദ്യാഭ്യാസ കമ്മിഷന്റെയും നിർദ്ദേശങ്ങൾ കരിക്കുലം കമ്മിറ്റി കൺവീനർ പ്രമോദ് വെള്ളച്ചാൽ അവതരിപ്പിച്ചു.
നാലുവർഷ ബിരുദ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ഓഫീസർമാരായ ഡോ.ഷഫീക്ക്, ഡോ.സുധീന്ദ്രൻ എന്നിവർ ക്ലാസെടുത്തു. ഡോ.ഗംഗാധരൻ, ഡോ. കുഞ്ഞമ്മദ്, എ.നിഷാന്ത്, സി.ടി.ശശി, ഡിറാഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സർവകലാശാലയിൽ രൂപീകരിക്കേണ്ട വിവിധ കമ്മിറ്റികളെക്കുറിച്ചും സംഘടിപ്പിക്കേണ്ട വിവിധ പരിപാടികളെക്കുറിച്ചും പ്രൊ വൈസ് ചാൻസലർ പ്രൊഫ.എ.സാബു വിശദീകരിച്ചു.
സർവകലാശാലാ , സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ.എ.അശോകൻ,ഡോ.കെ.ടിചന്ദ്രമോഹൻ, ഡോ.രാഖി രാഘവൻ, എം.സി രാജു, സർവകലാശാല രജിസ്ട്രാർ ജോബി കെ.ജോസ് എന്നിവർ പങ്കെടുത്തു.
