ഇരിക്കൂർ താലൂക്കാസ്പത്രി കെട്ടിട നിർമാണം ഉടൻ
ഇരിക്കൂർ : ഇരിക്കൂർ മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെയും പാലങ്ങളുടെയും കെട്ടിടങ്ങളുടെയും കീഫ്ബി പ്രവൃത്തികളുടെയും അവലോകനയോഗം സജീവ് ജോസഫ് എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചേർന്നു. നബാർഡ് ഫണ്ട് ഉപയോഗിച്ച് ഇരിക്കൂർ താലൂക്കാസ്പത്രിക്ക് പുതിയ കെട്ടിടം ഉടൻ നിർമിക്കും. സ്ഥലത്തെ രണ്ട് കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. അലക്സ് നഗർ പാലത്തിന്റെ പ്രവൃത്തികൾ 70 ശതമാനം പൂർത്തിയായതായി യോഗം വിലയിരുത്തി.
ഇരിക്കൂറിൽ പുതിയ പാലത്തിനായുള്ള ഇൻവെസ്റ്റിഗേഷൻ പ്രവൃത്തി നടക്കുന്നതായും കണ്ടകശ്ശേരി പാലത്തിന്റെ പുതിയ രൂപകല്പന തയ്യാറാക്കുന്നതായും എക്സി. എൻജിനിയർ അറിയിച്ചു. നാലുകോടി രൂപ ചെലവിൽ നിർമിക്കുന്ന നെടുങ്ങോം ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം, കുടിയാൻമല പി.എച്ച്.സി.ക്ക് 50 ലക്ഷം രൂപയുടെ പുതിയ കെട്ടിടം എന്നിവയുടെ പ്രവൃത്തികൾ ആരംഭിച്ചു. എക്സി. എൻജിനിയർ കെ.എം. ഹരീഷ്, ജി.എസ്. ജ്യോതി, കെ. പ്രവീൺ, പി. സജിത്ത്, സി. സവിത എന്നിവർ പങ്കെടുത്തു.
