ആസ്പത്രി വികസനത്തിന് സ്ഥലപരിമിതി തടസ്സം

Share our post

പരിയാരം: ഗവ. ആയുർവേദ മെഡിക്കൽ കോളജ് ആസ്പത്രിയുടെ വികസനത്തിനു സ്ഥലപരിമിതി തടസ്സമാകുന്നു. സർക്കാർ അനുമതി നൽകിയ മാനസികാരോഗ്യ കേന്ദ്രം നിർമിക്കാൻ ഭൂമിയില്ലാത്തതിനാൽ ഫയലിൽ ഉറങ്ങുകയാണിപ്പോഴും.

പരിയാരം ആയുർവേദ കോളജ് ക്യാംപസിന് 35 ഏക്കറാണുണ്ടായിരുന്നത്. ഇതിൽ 2.5 ഏക്കർ ദേശീയപാത വികസനത്തിനായി വിട്ടുകൊടുത്തു. മാനസികാരോഗ്യ കേന്ദ്രം നിർമിക്കാൻ അധികൃതർ ആലോചിച്ച ഭൂമിയാണു ദേശീയപാതയ്ക്കായി വിട്ടുകൊടുത്തത്.

മാനസികാരോഗ്യ കേന്ദ്ര നിർമാണത്തിനു മുന്നോടിയായി അധികൃതർ ഭൂമി അളന്നു തിട്ടപ്പെടുത്തിയപ്പോൾ 25 മീറ്റർ വീതി മാത്രമേ ലഭിച്ചുള്ളു. 40 മീറ്റർ വീതി ലഭിച്ചാലാണ് മാനസികാരോഗ്യ കേന്ദ്രത്തിനുള്ള കെട്ടിട നിർമാണത്തിന് അനുമതി ലഭിക്കുക.

മറ്റു ചികിത്സാ വിഭാഗങ്ങൾ, ക്വാർട്ടേഴ്സുകൾ, ഹോസ്റ്റൽ എന്നിവയിൽ നിന്നു നിശ്ചിത അകലത്തിലും അതേസമയം വിജനമല്ലാത്തതുമായ പ്രദേശത്തും മാത്രമേ മാനസികാരോഗ്യ കേന്ദ്രം സ്ഥാപിക്കാനാകൂ എന്ന് കോളജ് അധികൃതർ പറഞ്ഞു.

നിലവിലുള്ള വിവിധ ചികിത്സാ വിഭാഗങ്ങളുടെ നവീകരണം, പുതിയ പിജി കോഴ്സുകൾ, ഹോസ്റ്റൽ, ഗവേഷണ കേന്ദ്രം, ത്വക്ക് രോഗ ചികിത്സ കേന്ദ്രം, സ്പോർട്സ് മെഡിസിൻ സെന്റർ, പഞ്ചകർമ സ്പെഷ്യൽറ്റി കേന്ദ്രം, യോഗാ കേന്ദ്രം, വിശാലമായി ലൈബ്രറി, ഔഷധ തോട്ടം തുടങ്ങിയ പദ്ധതികളെല്ലാം സ്ഥലക്കുറവു മൂലം വഴിമുട്ടി നിൽക്കുകയാണ്. 25 ഏക്കർ കൂടി പരിയാരം ആയുർവേദ കോളജ് ആസ്പത്രിയുടെ വികസനത്തിന് ആവശ്യമുണ്ട്. ഔഷധിയിൽ നിന്നു ഭൂമി വിട്ടുകിട്ടിയാൽ മാത്രമേ വികസന പദ്ധതികൾ പരിയാരം ആയുർവേദ കോളജിൽ നടപ്പിലാക്കാൻ കഴിയൂ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!