കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു, മുളകുപൊടി സ്‌പ്രേ; 30 ലക്ഷം കവര്‍ന്നത് സ്വത്ത് രാമചന്ദ്രനും ജംഷീറും

Share our post

പാലക്കാട്: കിണാശ്ശേരിയിലുള്ള വ്യവസായിക്ക് നല്‍കാനായി ജീവനക്കാരന്‍ കൊണ്ടുവന്ന 30 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ രണ്ടുപേര്‍ പോലീസ് പിടിയില്‍. ഒറ്റപ്പാലം പനമണ്ണ അമ്പലവട്ടം ചക്കയവീട്ടില്‍ രാമചന്ദ്രന്‍ (സ്വത്തു രാമചന്ദ്രന്‍-34), പനമണ്ണ അമ്പലവട്ടം പുന്നടയില്‍ വീട്ടില്‍ ജംഷീര്‍ (36) എന്നിവരെയാണ് പാലക്കാട് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

ഏപ്രില്‍ 20-നാണ് കേസിനാസ്പദമായ സംഭവം. ബൈക്കിലെത്തിയ പ്രതികള്‍ വ്യവസായിയുടെ വീടിനു മുന്നില്‍വെച്ച്, പണവുമായി വന്ന ജീവനക്കാരന്റെ തലയ്ക്ക് കമ്പിവടികൊണ്ട് അടിച്ചും കണ്ണില്‍ മുളകുപൊടി സ്പ്രേ ചെയ്തുമാണ് പണം കവര്‍ന്നത്.

വ്യവസായിക്ക് സ്ഥിരമായി പണം എത്തിക്കാറുള്ളത് മനസ്സിലാക്കിയ രാമചന്ദ്രനാണ് മോഷണം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറയുന്നു.

പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലുള്‍പ്പെട്ട നിരവധി കേസുകളില്‍ പ്രതികളായ പത്തുപേരെ ഉള്‍പ്പെടുത്തിയാണ് കൃത്യം നടത്തിയത്. ജംഷീറാണ് കേസിലെ മുഖ്യസൂത്രധാരനെന്ന് പോലീസ് പറഞ്ഞു.

സംഭവത്തിനുശേഷം പോലീസ് മേഖലയിലെ നൂറിലധികം സി.സി.ടി.വി. ക്യാമറകള്‍ പരിശോധിച്ചിരുന്നു. തുടര്‍ന്ന് പ്രതികളെപ്പറ്റി സൂചന ലഭിക്കുകയും ഇവരെ നിരീക്ഷിക്കുകയും ചെയ്തിരുന്നു.

പ്രതികളുടെ പണമിടപാടടക്കം അന്വേഷണവിധേയമാക്കിയാണ് രണ്ടുപേരെ ഇവരുടെ താമസസ്ഥലത്തുവെച്ച് ബുധനാഴ്ച വൈകീട്ടോടെ കസ്റ്റഡിയിലെടുത്തത്. മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

രാമചന്ദ്രന്റെ പേരില്‍ ഒറ്റപ്പാലത്ത് ‘കാപ്പ’ ചുമത്തിയിട്ടുണ്ട്. വധശ്രമമടക്കം നിരവധി കേസുകളിലും പ്രതിയാണ്. ജംഷീറിന്റെ പേരിലും കേസുകള്‍ നിലവിലുണ്ട്. പണത്തിന്റെ ഉറവിടത്തെപ്പറ്റിയും അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!