തെങ്ങോലപ്പുഴുവിനെ തകർക്കാൻ മിത്രകീടങ്ങൾക്ക് ‘ക്വട്ടേഷൻ’
കണ്ണൂർ : നഗരത്തിലെയും പരിസരത്തെയും തെങ്ങുകളെ വ്യാപകമായി ബാധിച്ച പുഴുക്കളെ അകറ്റാൻ മിത്രകീടങ്ങളെ ഇറക്കി കൃഷി വകുപ്പ്. കടന്നൽ വിഭാഗത്തിൽപ്പെട്ട ഗോണിയോസസ്, ബ്രാക്കൺ എന്നീ പരാദങ്ങളെയാണു പുഴുശല്യമുള്ള തെങ്ങുകളിൽ നിക്ഷേപിച്ചത്. കസാനക്കോട്ടയിലെയും പരിസരത്തെയും നൂറുകണക്കിനു തെങ്ങുകളുടെ ഓല അഗ്നിബാധയേറ്റു കരിഞ്ഞപോലെ ഉണങ്ങിയ സ്ഥിതിയായിരുന്നു.
തായത്തെരു, താണ, താവക്കര, ചിറക്കൽ, പള്ളിക്കുന്ന്, മുണ്ടേരി, കക്കാട്, അലവിൽ, പുഴാതി ഭാഗങ്ങളിലും ജില്ലയുടെ തീരദേശ മേഖലകളിലും തെങ്ങോലപ്പുഴുവിന്റെ ആക്രമണം രൂക്ഷമാണ്. കസാനക്കോട്ട വാർഡ് കൗൺസിലറും കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷയുമായ പി.ഷമീമയുടെ സാന്നിധ്യത്തിൽ അസി. കൃഷി ഓഫിസർ അശോക് കുമാർ മിത്രകീടങ്ങളെ പരിചയപ്പെടുത്തി.
പ്രതിരോധം ഇങ്ങനെ
ഓരോ തെങ്ങിലും 20–30 മിത്രകീടങ്ങളെ നിക്ഷേപിച്ചാണു പുഴുവിനു പ്രതിരോധം തീർക്കുന്നതെന്ന് കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ കെ.പി.രസന പറഞ്ഞു. വേപ്പെണ്ണയും വെളുത്തുള്ളി സോപ്പ് മിശ്രിതവും (രക്ഷ സോപ്പ്) വെള്ളത്തിൽ കലക്കി ഓലകളുടെ അടിയിൽ തളിച്ചും പുഴുവിനെ പ്രതിരോധിക്കാം.
മണ്ണ് പരിശോധന നടത്തി പോഷകങ്ങൾ നൽകി തെങ്ങുകളുടെ ആരോഗ്യപരിപാലനം ശ്രദ്ധിച്ചാൽ കീടബാധ കുറയ്ക്കാൻ സാധിക്കും. വരും ദിവസങ്ങളിൽ കൂടുതൽ മിത്രകീടങ്ങളെ എത്തിച്ച് തെങ്ങോലപ്പുഴുവിന്റെ ആക്രമണമുള്ള മേഖലകളിൽ നിക്ഷേപിക്കുമെന്നു കൃഷി ഡപ്യൂട്ടി ഡയറക്ടർ ബിജിമോൾ പറഞ്ഞു.
പാരസൈറ്റ് ബ്രീഡിങ് സ്റ്റേഷൻ വേണം
മിത്രകീടങ്ങളെ ഉൽപാദിപ്പിക്കാൻ കൃഷിവകുപ്പ് കണ്ണൂരിൽ സൗകര്യം ഒരുക്കണമെന്ന ആവശ്യം ശക്തമാണ്. ഇപ്പോൾ കാസർകോട്ട് നിന്നോ കോഴിക്കോട്ട് നിന്നോ കൊണ്ടുവരികയാണ് ചെയ്യുന്നത്.
തെങ്ങോലപ്പുഴു
ഒപിസിന അരെനോസെല്ല എന്നാണ് തെങ്ങോലപ്പുഴുവിന്റെ ശാസ്ത്രീയ നാമം. ജനുവരി മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ തീരപ്രദേശങ്ങളിലാണ് ഇവയുടെ ആക്രമണം രൂക്ഷമാകാറുള്ളത്. ഓലയുടെ അടി ഭാഗത്ത് ഇടുന്ന മുട്ട വിരിഞ്ഞുവരുന്ന പുഴുക്കൾ ഹരിതകം കാർന്നുതിന്നാണ് വളരുന്നത്. ഇതോടെ ഓല കത്തിക്കരിഞ്ഞ പോലെയാകും.
മിത്ര കീടങ്ങൾ
ഗോണിയോസസ് എന്ന പരാദകീടം ഒരു തെങ്ങിന് 20 എണ്ണം എന്ന തോതിലും ബ്രാകോൺ എന്ന മിത്രകീടം 30 എണ്ണം തോതിലുമാണ് ജൈവ നിയന്ത്രണത്തിനായി തെങ്ങുകളിൽ കയറ്റിവിടുന്നത്. തെങ്ങോലപ്പുഴുക്കളിലാണ് ഇവ മുട്ടയിടുക. പുഴുക്കളുടെ ജീവനെടുത്തു കൊണ്ടാണു മുട്ടയുടെ വളർച്ച.
40 മുതൽ 60വരെ ദിവസത്തിനിടെ പെരുകി ഇവ കൂടുതൽ തെങ്ങുകളിലേക്കു പടരും. ഇങ്ങനെ രണ്ടോ മൂന്നോ മാസങ്ങൾക്കകം പുഴുശല്യം പൂർണമായും ഇല്ലാതാക്കാൻ ഈ കീടങ്ങൾക്കു കഴിയും.
