നിടുംപൊയിൽ-ചുരം റോഡിൽ ഇന്ന്‌ ഗതാഗതം പുനഃസ്ഥാപിച്ചേക്കും

Share our post

നിടുംപൊയിൽ: ചുരം റോഡിൽ മണ്ണുമാന്തികളുപയോഗിച്ച് തടസ്സങ്ങൾ നീക്കുന്നുണ്ട്. ചുരത്തിൽ 27-ാം മൈലിൽ ഗതാഗതം തടഞ്ഞ് റോഡിനു കുറുകെയിട്ടിരുന്ന മണ്ണ് നീക്കം ചെയ്തു. മുളങ്കമ്പുകൾ ഉപയോഗിച്ച് റോഡരികുകളിൽ താത്‌കാലിക വേലികൾ സ്ഥാപിച്ചു. തിങ്കളാഴ്ചയോടെ വാഹനങ്ങൾ കടത്തിവിടാനാകുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ പറഞ്ഞു. 

ഉരുൾപൊട്ടലുണ്ടായ പൂളക്കുറ്റി മാടശ്ശേരിമല റോഡിൽ ഗതാഗതം പുനഃസ്ഥാപിച്ചു. തകർന്ന 15-ലേറെ വൈദ്യുതത്തൂണുകൾ മാറ്റിസ്ഥാപിച്ച് കമ്പി വലിക്കൽ പുരോഗമിക്കുന്നു. തിങ്കളാഴ്ചയോടെ ഈ ഭാഗത്ത് വൈദ്യുതി പുനഃസ്ഥാപിക്കാനാവുമെന്ന് കെ.എസ്‌.ഇ.ബി. അധികൃതർ പറഞ്ഞു. പൂളക്കുറ്റിയിലെ ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ മാനസിക സമ്മർദമകറ്റാൻ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇരിട്ടിയിലെ ഹൃദയാരം കൗൺസലിങ് സെന്ററിന്റെ സഹകരണത്തോടെ കൗൺസലിങ്‌ നൽകി. ദുരിതാശ്വാസ ക്യാമ്പുകളിൽ സഹായവുമായി നിരവധിപ്പേർ എത്തുന്നുണ്ട്. രണ്ടരവയസ്സുകാരി ഒഴുക്കിൽപ്പെട്ടു മരിച്ച നെടുംപുറംചാലിൽ ജനജീവിതം പതിയെ പഴയപടിയിലേക്ക് എത്തുകയാണ്.

വ്യാപാരസ്ഥാപനങ്ങളൊക്കെ കേടുപാടുകൾ തീർത്ത് സജീവമായിത്തുടങ്ങി. പൂളക്കുറ്റി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് ശനിയാഴ്ച അഞ്ച്‌ കുടുംബങ്ങൾ കൂടിയെത്തി. ആകെ 207 പേരാണ് പൂളക്കുറ്റിയിലെ രണ്ട്‌ ക്യാമ്പുകളിലുമായുള്ളത്. ക്യാമ്പുകളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!